നരേന്ദ്രമോദി സര്‍ക്കാരിന് കീഴില്‍ സഹകരണ വകുപ്പ് രൂപീകരിക്കുകയും അതിന്റെ ചുമതല കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് നല്‍കുകയും ചെയ്തതോടെ പ്രതിപക്ഷത്തെ കുറെപ്പേര്‍ക്കെങ്കിലും ഉറക്കം നഷ്ടപ്പെട്ടു; പലരും പിച്ചും പേയുമായി രംഗത്തിറങ്ങിയതും നാം കണ്ടു. കേരളത്തിലെ സിപിഎം – കോണ്‍ഗ്രസ് നേതാക്കളും അക്കൂട്ടത്തിലുണ്ട്. പെട്ടെന്നൊരു ദിനത്തില്‍ ഒരു വകുപ്പുണ്ടാക്കുന്നു, അത് തങ്ങളുടെ അധീനതയിലുള്ള ബാങ്കുകളെ അട്ടിമറിക്കാനാണ്, സംസ്ഥാനങ്ങളുടെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ് എന്നും മറ്റും പുലമ്പിയവരില് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമുണ്ട്. എന്നാല്‍ ഒന്നുണ്ട്, ഇത് നരേന്ദ്ര മോദി സര്‍ക്കാര്‍ വളരെ ആലോചിച്ചെടുത്ത ഒരു തീരുമാനം തന്നെയാണ്. രാജ്യത്തിന്റെ സമ്പദ്ഘടനയില്‍ വലിയ ഒരു വിപ്ലവം തന്നെയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത് എന്നതും പറയാതെ പോകുന്നില്ല; അതിനൊപ്പം സഹകാരികള്‍ എന്ന പേരില്‍ രാജ്യത്ത് കുറേപ്പേര് നടത്തി വരുന്ന കൊള്ളക്കും തട്ടിപ്പിനും അറുതി വരുത്താനുള്ള ഒരു കര്‍മ്മ പദ്ധതിയും ഇതിലുണ്ടാവും. കാര്യങ്ങള്‍ തുടങ്ങിയിട്ടേയുള്ളൂ എന്ന് വിമര്‍ശകരെ ഓര്‍മ്മിപ്പിക്കട്ടെ. എന്നാല്‍ സഹകരണ മേഖലയെ രാജ്യപുരോഗതിക്കായി പ്രയോജനപ്പെടുത്താനും ആധുനികവല്‍ക്കരിക്കാനും കരുത്തുറ്റതാക്കാനുമുള്ള ശ്രമങ്ങളുടെ തുടക്കവുമാണിത്.
യെച്ചൂരിയും മറ്റും പറയുന്നത് പോലെ ഇത് കേന്ദ്ര സര്‍ക്കാരിന് ഒരു രാത്രി ഉണ്ടായ വെളിപ്പാടല്ല; കഴിഞ്ഞ ഫെബ്രുവരിയില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന് അവതരിപ്പിച്ച ഈ സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. ബഹുസംസ്ഥാന സഹകരണ സംഘങ്ങള്‍, ബാങ്കുകള്‍ തുടങ്ങിവയവക്ക് സഹായവും പ്രോത്സാഹനവും നല്‍കുമെന്നാണ് അതില്‍ പറഞ്ഞത്; അതിനാവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്നും ഇതിനുള്ള അധികാരം ഇപ്പോള്‍ തന്നെ കേന്ദ്ര സര്‍ക്കാരിനുണ്ട്; അതായത് ഈ രംഗത്ത് കേന്ദ്രത്തിന് ഒരു അധികാരവുമില്ലെന്ന വാദം വിവരക്കേടാണ്. കേന്ദ്രാനുമതിയോടെയാണ് അനവധി മള്‍ട്ടി സ്റ്റേറ്റ് കോ -ഓപ്പറേറ്റീവ് ബാങ്കുകള്‍ രാജ്യമെമ്പാടും രൂപീകൃതമായത്. അര്‍ബന്‍ – ജില്ലാ സഹകരണ ബാങ്കുകള്‍ അടക്കം പലതുമിപ്പോള്‍ റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലുമാണ്. അതിനപ്പുറം ചിലതൊക്കെകൂടി ഇനി കേന്ദ്രം ചെയ്തുകൂടായ്കയില്ല. സഹകരണ മേഖലയെ രാജ്യപുരോഗതിക്കായി പരമാവധി പ്രയോജനപ്പെടുത്തുക എന്നതാണ് മോദി ലക്ഷ്യമിടുന്നത് എന്ന് പറഞ്ഞത് അതുകൊണ്ടാണ്. ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞത്, ‘ഇതിനായി നയപരവും ഭരണപരവും നിയമപരവുമായ സംവിധാനമുണ്ടാക്കു’ മെന്നാണ്. എന്ത് നന്മ ചെയ്താലും, സ്വാഭാവികമായും, അതിന്റെ പ്രയോജനം രാജ്യമെമ്പാടുമുള്ള സഹകരണ സ്ഥാപനങ്ങള്‍ക്ക് ലഭ്യമാവുമല്ലോ. അടുത്ത ദിവസം ആരംഭിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ഇതു സംബന്ധമായ നിയമനിര്‍മ്മാണം ഉണ്ടാവുമെന്നുവേണം കരുതാന്‍.
റിസര്‍വ് ബാങ്കും സഹകരണ മേഖലയും
പ്രാഥമിക സഹകരണ സ്ഥാപനങ്ങള്‍ക്ക് മേല്‍ റിസര്‍വ് ബാങ്കിന് പരിമിതമായ അധികാരങ്ങളാണുള്ളത്. നമുക്കറിയുന്നത് പോലെ, രജിസ്ട്രേഷനും മറ്റും നല്‍കുന്നത് സംസ്ഥാന ഭരണകൂടത്തിന് കീഴിലെ സഹകരണ രജിസ്ട്രാര്‍ ആണ്. എന്നാല്‍ ഈ സംഘങ്ങളൊക്കെ ഇടക്കാലത്ത് പേരിനൊപ്പം ബാങ്ക് എന്നുചേര്‍ക്കാന്‍ തുടങ്ങി; എന്നാല്‍ നിലവിലെ നിയമപ്രകാരം ഈ സഹകരണ സംഘങ്ങള്‍ക്ക് അതിനുള്ള അധികാരമില്ല. അതാണ് 2020- ലെ നിയമ ഭേദഗതിയില്‍ കേന്ദ്രം ചൂണ്ടിക്കാട്ടിയത്. സൊസൈറ്റി എന്ന നിലക്കുള്ള രജിസ്ട്രേഷനാണ് അവര്‍ക്ക് സംസ്ഥാന സഹകരണ രജിസ്ട്രാര്‍ നല്‍കിയിട്ടുള്ളത്. അവര്‍ക്ക് സൊസൈറ്റി അഥവാ സംഘം എന്ന് പേര് നല്‍കാം; ബാങ്ക് എന്നുപയോഗിച്ചുകൂടാ. മാത്രമല്ല ‘എ ക്ലാസ് ‘ അംഗങ്ങളില്‍ നിന്ന് മാത്രമേ അവര്‍ക്ക് നിക്ഷേപം സ്വീകരിക്കാനാവൂ; അവര്‍ക്ക് മാത്രമേ വായ്പയും നല്‍കാനാവൂ.
സംസ്ഥാന രജിസ്ട്രാര്‍ ആണ് പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് രജിസ്ട്രേഷന് നല്കുന്നതെങ്കിലും ചില വേളകളില്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് അതില്‍ ഇടപെടാന്‍ ഇപ്പോഴേ കഴിയുന്നുണ്ട്. ഉദാഹരണം, ആദായ നികുതി അധികൃതര്‍ക്ക് നിക്ഷേപങ്ങള്‍ പരിശോധിക്കാനാവും. നോട്ട് നിരോധനത്തെ തുടര്‍ന്ന് അനവധി അത്തരം പരിശോധനകള്‍ നടന്നതോര്‍ക്കുക. ഇന്നിപ്പോള്‍ പല സഹകരണ സംഘങ്ങളും കിട്ടാവുന്നിടത്തുനിന്നൊക്കെ നിക്ഷേപം സ്വീകരിച്ചിട്ടുണ്ട്. അതൊക്കെ പരിശോധനക്ക് പുറത്താണ് എന്ന് പറയാനാവുകയില്ലല്ലോ. കള്ളപ്പണം അഥവാ കണക്കില്‍പ്പെടാത്ത പണം, സൂക്ഷിക്കാനുള്ള ഒരു മാര്‍ഗമായി പരിപാവനമായ സഹകരണ മേഖല മാറുന്നു എന്ന തോന്നലുണ്ടാവുന്നതും ആശാസ്യമല്ല. പുതിയ നിയമത്തില്‍ ഇതൊക്കെയും പരിഗണിക്കപ്പെടും എന്ന് കരുതേണ്ടിയിരിക്കുന്നു.
നേരത്തെ സൂചിപ്പിച്ച നിയമ ഭേദഗതിയിലൂടെ അര്‍ബന്‍ സഹകരണ ബാങ്കുകളെയൊക്കെ കേന്ദ്ര സര്‍ക്കാര്‍ ആര്‍ബിഐ -യുടെ നിയന്ത്രണത്തിലുമാക്കി. സഹകരണ മേഖലയിലെ ഒരു ശക്തമായ ഇടപെടലായിരുന്നു അത്. അതിനു വേണ്ടത്ര കാരണവുമുണ്ടായിരുന്നു. കഴിഞ്ഞ അഞ്ച് – ആറ് വര്‍ഷത്തിനിടെ അര്‍ബന്‍ സഹകരണ ബാങ്കുകളില്‍ നടന്ന അനവധി തട്ടിപ്പുകള്‍ കണ്ടെത്തിയിരുന്നു. ആയിരത്തോളം കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്; 221 കോടിയുടെ തട്ടിപ്പ് എന്നതായിരുന്നു പ്രാഥമിക നിരീക്ഷണം. യഥാര്‍ഥ സംഖ്യ പുറത്തുവരാനിരിക്കുന്നതേയുള്ളു. ഇക്കാര്യത്തില്‍ ആര്‍ബിഐ നല്കിയ ശുപാര്‍ശ കൂടി കണക്കിലെടുത്തുകൊണ്ടാണ് കേന്ദ്രം പുതിയ വ്യവസ്ഥകളുമായി മുന്നോട്ടുവന്നത്. 1482 അര്‍ബന്‍ ബാങ്കുകള്‍, 58 മള്‍ട്ടി സ്റ്റേറ്റ് സഹകരണ ബാങ്കുകള്‍ എന്നിവയുടെ നിയന്ത്രണം അതോടെ റിസര്‍വ് ബാങ്കിനായി; അവയുടെ പൂര്‍ണ്ണ സമയ ഡയറക്ടര്‍മാര്‍ക്ക് ചുരുങ്ങിയ യോഗ്യത നിര്‍ണ്ണയിച്ചുകൊണ്ട് പിന്നീട് റിസര്‍വ് ബാങ്ക് ഉത്തരവിറക്കിയിരുന്നല്ലോ. പ്രാഥമിക വിദ്യാഭ്യാസം പോലുമില്ലാത്ത രാഷ്ട്രീയക്കാര്‍ കയറി നിരങ്ങുന്നത് തടയല്‍ തന്നെയാണ് അതിലൂടെ ലക്ഷ്യമിട്ടത്; ഒരു മിനിമം പ്രൊഫഷണലിസം കൊണ്ടുവരാനുള്ള ശ്രമത്തിന്റെ തുടക്കവുമാണിത്.
കെടുകാര്യസ്ഥത, ക്രമക്കേടുകള്‍
അര്‍ബന്‍ സഹകരണ ബാങ്കുകളുടെ കാര്യം സൂചിപ്പിച്ചുവല്ലോ. അതിലേറെയാണ് സഹകരണ മേഖലയില്‍ നടക്കുന്ന അഴിമതികള്‍. രസകരമായ കാര്യം, ഇതില്‍ ഒട്ടെല്ലാത്തിലും രാഷ്ട്രീയക്കാരുടെ റോളുണ്ട് എന്നതാണ്. 1992- ലെ സെക്യൂരിറ്റീസ് കുംഭകോണം, 2000 -ലെ കേതന് പരീഖ് തട്ടിപ്പ്, 2001 -ലെ ഹോം ട്രേഡ് തട്ടിപ്പ് എന്നിവ പഴയ കഥകള്‍. ഇതിലൊക്കെയും സഹകരണ ബാങ്കുകളെ മുന്‍നിര്‍ത്തിയാണ് തട്ടിപ്പ് നടത്തിയത്; അതിന്റെ യഥാര്‍ഥ ഗുണഭോക്താവ് മറ്റു ബാങ്കുകളും. മുംബൈ കേന്ദ്രീകരിച്ചു നടന്ന പഞ്ചാബ് & മഹാരാഷ്ട്ര കോ -ഓപ്പറേറ്റീവ് ബാങ്കില്‍ നടന്ന തട്ടിപ്പ് പുതിയ കാര്യമാണ്. 8,680 കോടിയുടെ ആസ്തിയുള്ള ബാങ്ക് അതില്‍ 6,500 കോടിയും ഒരു റിയല്‍ എസ്റ്റേറ്റ് ഭീമന് കൊടുത്തതാണ് വാര്‍ത്തയായത്. അതില്‍ ആര്‍ബിഐ ഇടപെട്ടതും ബാങ്കിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ തുനിഞ്ഞതും ഓര്‍ക്കുക.
മഹാരാഷ്ട്ര സ്റ്റേറ്റ് സഹകരണ ബാങ്കില്‍ 2007- 2017 കാലഘട്ടത്തില്‍ നടന്ന ഏതാണ്ട് 25,000 കോടിയുടെ തട്ടിപ്പ് പുറത്തു വന്നത് അണ്ണാ ഹസാരെയുടെ ഇടപെടലിനെത്തുടര്‍ന്നാണ്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ ഈ തട്ടിപ്പ് കേസില്‍ പെട്ടത് ഓര്‍ക്കുക. അദ്ദേഹത്തിന്റെ നിയന്ത്രണത്തിലുള്ള പഞ്ചസാര മില്‍ അടുത്തിടെ കണ്ടുകെട്ടിയിരുന്നല്ലോ. പഞ്ചസാര മില്ലുകള്‍ തുടങ്ങി അനവധി മേഖലകളില്‍ കോടികള്‍ വരുന്ന ഇടപാടുകളാണ് കഴിഞ്ഞ കുറെ ദശാബ്ദങ്ങളായി സഹകരണ പ്രസ്ഥാനത്തിന്റെ മറവില്‍ നടക്കുന്നത്. ഇത്ര വലുതൊന്നുമല്ലെങ്കിലും അനവധി കോടികളുടെ തട്ടിപ്പുകള്‍ കേരളത്തിലുമുണ്ടായിട്ടുണ്ട്. എന്നാല്‍ അത് പലപ്പോഴും നിയമത്തിന് മുന്നിലെത്തുകയുണ്ടായില്ല എന്നതും പറയാതെവയ്യ. രാഷ്ട്രീയ താല്പര്യങ്ങള് രാജ്യ താല്പര്യത്തേക്കാള് മുന്നിലെത്തുമ്പോള്‍ അഴിമതിക്കാര്‍ രക്ഷപ്പെടുന്നു.
പാരമ്പര്യവും ലക്ഷ്യവും മഹത്തരം
കോണ്‍ഗ്രസ് -യുപിഎ സര്‍ക്കാരുകള്‍ യഥാര്‍ത്ഥത്തില്‍ കാര്‍ഷിക മേഖലയെ കഷ്ടത്തിലാക്കുകയായിരുന്നു; അതിനുള്ള പരിഹാരമാര്‍ഗമാണ് മോഡി സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക പരിഷ്കാരങ്ങള്‍.
യഥാര്‍ത്ഥത്തില്‍ സഹകരണ പ്രസ്ഥാനം രാജ്യത്തിന് വലിയ സന്ദേശമാണ് നല്‍കിയത്. മഹാത്മജിയുടെ മനസായിരുന്നു അതില്‍ നിഴലിച്ചിരുന്നത്. ദീനദയാല്‍ ഉപാധ്യായ മുന്നോട്ട് വെച്ച വികസന സങ്കല്പ്പങ്ങളില് ഇത്തരം പദ്ധതികളുണ്ടായിരുന്നല്ലോ. ചിലയിടങ്ങളില്‍ അത് വലിയ വിപ്ലവം തന്നെ അതുണ്ടാക്കി. ഒരേയൊരു ഉദാഹരണം; ഗുജറാത്തില്‍ ആനന്ദിലെ അമുല്‍; മൂന്നര കോടി പാലുത്പാദകരുടെ സഹകരണ സംഘം. ഇടനിലക്കാരെ മാറ്റിനിര്‍ത്തിക്കൊണ്ട് എങ്ങിനെയാണ് ഒരു വലിയ കര്‍ഷക പദ്ധതി നടപ്പിലാക്കുക എന്നതാണ് അവിടെ കാണിച്ചുതന്നത്. ഇന്ത്യയില്‍ പാല് ഉത്പാദക മേഖലയില്‍ മാത്രം 1. 94 ലക്ഷം സഹകരണ സ്ഥാപനങ്ങളുണ്ട്; 2019-20 ലെ നാഷണല്‍ ഡയറി ഡെവലപ്മെന്റ് ബോര്‍ഡിന്റെ കണക്കുകള്‍ പ്രകാരം 4. 80 കോടി ലിറ്റര്‍ പാലാണ് അവര്‍ പ്രതിദിനം വാങ്ങുന്നത്; വിറ്റഴിക്കുന്നത് ഏതാണ്ട് നാല് കോടി ലിറ്റര്‍ പാലും. കാര്‍ഷിക മേഖലയില്‍ ഇതുപോലെ എത്രയോ സഹകരണ സംഘങ്ങളുണ്ട്. കോടാനുകോടി ഇടപാടുകളുള്ള രാജ്യത്തെ 330 പഞ്ചസാര മില്ലുകളും സഹകരണ മേഖലയിലാണ്.
ഇത്തരത്തില്‍ അനവധി പദ്ധതികള്‍ സഹകരണ മേഖലയിലൂടെ നടപ്പിലാക്കാനാവും. കാര്‍ഷിക നിയമ ഭേദഗതിയിലൂടെ രാജ്യത്തെ കര്‍ഷക സമൂഹത്തിന് ഇന്ന് ലഭിക്കുന്ന സ്വാതന്ത്ര്യവും ലാഭവുമൊക്കെ കൂടുതല്‍ ഗുണകരമായ നിലയില്‍ രാജ്യതാല്പര്യത്തിന് അനുസൃതമായി പ്രയോജനപ്പെടുത്താന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. അതിനവരെ പ്രാപ്തമാക്കുക, അതിനവര്‍ക്ക് വഴിയൊരുക്കുക; ഇതിന് ഏറ്റവും നല്ലത് സഹകരണ മേഖലയാണ് എന്നും മോദി കരുതുന്നു. യഥാര്‍ഥ സഹകരണ തത്വങ്ങള്‍ ജനങ്ങളിലെത്തുമ്പോള്‍ അവര്‍ അതേറ്റെടുക്കുമെന്നതിന് അനവധി ഉദാഹരണങ്ങള്‍ ഇതിനകം കാണുന്നുണ്ടല്ലോ. കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ അനവധി മള്‍ട്ടി- സ്റ്റേറ്റ് സഹകരണ സ്ഥാപനങ്ങള്‍ അടുത്ത നാളുകളില്‍ രൂപപ്പെടും. ‘സഹകാര്‍ ഭാരതി ‘ പോലുള്ള ദേശീയ പ്രസ്ഥാനങ്ങള്‍ക്കും ഇക്കാര്യത്തില്‍ വലിയൊരു പങ്കുണ്ടാവുമെന്ന് തീര്‍ച്ച.
നോട്ട് നിരോധന കാലത്തുതന്നെ ഇത്തരമൊരു ചിന്ത കേന്ദ്രത്തിന് മുന്നിലുണ്ടായിരുന്നു എന്നത് കേട്ടിരുന്നു. എന്നാല്‍ അന്നത് നടന്നില്ല. കള്ളപ്പണം വെളുപ്പിക്കാനും കള്ളപ്പണം സുരക്ഷിതമായി സൂക്ഷിക്കാനുമൊക്കെ സഹകരണ മേഖലയെ ഉപയോഗിക്കുന്നവര്‍ക്ക് സ്വാഭാവികമായും ഇതില്‍ പ്രയാസമുണ്ടാവും.
സംസ്ഥാനങ്ങള്‍ക്ക്, അവരുടെ സഹകരണ പ്രസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്, പക്ഷെ നിലവിലെ നിയമങ്ങള്‍ പ്രകാരമേ അവര്‍ക്ക് നിലനില്ക്കാനാവൂ. സഹകരണ മേഖലയില്‍ നല്ല പരിചയവും അനുഭവവുമുള്ള അമിത് ഷാ ആ ചുമതല ഏറ്റെടുത്തത് നിസാരമായി കണ്ടുകൂടല്ലോ. രാജ്യത്തിന്റെ വികാസത്തില്‍ സാധാരണക്കാര്‍ക്ക് കൂടി റോള്‍ നല്‍കാനുള്ള മോദി സര്‍ക്കാരിന്റെ ഈ ശ്രമത്തെ രാഷ്ട്രീയമായി എതിരിടുന്നവരോട് സഹതപിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: