പാലക്കാട്: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അട്ടപ്പാടിയില്‍ സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന് ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ കൊവിഡ് ചികിത്സാ കേന്ദ്രം ആരംഭിച്ചു. പ്രദേശത്ത് രോഗവ്യാപനം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ പ്രവര്‍ത്തനം. അമ്പത് കിടക്കകള്‍ ഉള്ള ചികിത്സാകേന്ദ്രത്തില്‍ ഇരുപത് കിടക്കകള്‍ക്ക് ഓക്സിജന്‍ സൗകര്യവും ലഭ്യമാണ്. പട്ടിമാളത്ത് സ്ഥിതി ചെയ്യുന്ന എ.പി.ജെ അബ്ദുള്‍ കലാം ഇന്റര്‍നാഷണല്‍ ട്രൈബല്‍ സ്കൂളിലാണ് ചികിത്സാ കേന്ദ്രം സജ്ജമാക്കിയിരിക്കുന്നത്.
ചികിത്സാ സൗകര്യങ്ങള്‍ക്കു പുറമേ ഭക്ഷണം, യാത്രാ സൗകര്യം എന്നിവയും രോഗികള്‍ക്ക് സൗജന്യമായി നല്‍കും. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തംഗം മരുതന് മൂപ്പന് നിലവിളക്ക് കൊളുത്തി ചികിത്സാ കേന്ദ്രം ഉദ്ഘാടനം ചെയ്തു. സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന് ട്രസ്റ്റ് സെക്രട്ടറി എസ്.സജിമോന്‍, ഡോ.വി.നാരായണന്, ഡോ.എ.സന്തോഷ്, മറ്റു ട്രസ്റ്റ് അംഗങ്ങള്‍, ട്രസ്റ്റ് ജനറല്‍ മാനേജര്‍ കൃഷ്ണപ്രസാദ് കെ.വി., കമ്മ്യൂണിറ്റി പ്രോഗ്രാം മാനേജര്‍ ജെ.അനന്തു, സിഎഫ്എല്‍റ്റിസി ഇന്‍ ചാര്‍ജ്ജ് കെ.എസ്.അനന്തു എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഈ ചികിത്സാ കേന്ദ്രം ആരംഭിക്കുന്നതിനായി അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്കൂള്‍ കെട്ടിടവും ഒപ്പം ഭൗതിക സൗകര്യങ്ങളും മിഷനു നല്‍കിയത് ഉമാ പ്രേമന് ട്രസ്റ്റാണ്. കുറഞ്ഞ സമയം കൊണ്ട് കേന്ദ്രം സജ്ജമാക്കാന്‍ വേണ്ടി പ്രവര്‍ത്തിച്ചത് മിഷന് പ്രവര്‍ത്തകരും സേവാഭാരതിയുമാണ്. സര്‍വ്വവിദ്യാ ട്രസ്റ്റ്, വിശ്വ സേവാഭാരതി, യു.എസ്.ടി എന്നിവര്‍ക്ക് പുറമെ നിരവധി പേരും സഹായിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: