മോദിയെ എതിർക്കുക എന്നത് ജീവിതവ്രതമാക്കിയ ഇടത് പക്ഷവും കോൺഗ്രസും ഈക്കുറി എതിർക്കുന്നത് സഹകരണ വകുപ്പ് രൂപീകരണത്തെയാണ്. കാശ്മീരിന്റെ സവിശേഷ പദവിക്കെതിരെയുള്ള നിയമനിർമ്മാണം, പൗരത്വ നിയമ ഭേദഗതി, ലക്ഷദ്വീപിലെ ഭരണ പരിക്ഷകാരങ്ങൾ എന്നിവയെല്ലാം രണ്ട് കൂട്ടരും ഒരുമിച്ചാണ് എതിർക്കുന്നത്. രണ്ട് കൂട്ടരുടേയും സെക്യുലറിസം കടുകട്ടിയാണ്. മുസ്ലിം സംരക്ഷക വേഷത്തിലാണ് രണ്ട് പേരും തമ്മിൽ മത്സരിക്കുന്നത്. ആര്, ആരെ തോൽക്കുമെന്ന് ഇപ്പോൾ പ്രവചിക്കാനാകില്ല.
കോൺഗ്രസ് നേതാവ് രമേശ് പറഞ്ഞത് വകുപ്പ് രൂപീകരണം ഭരണഘടനാ വിരുദ്ധമാണെന്നാണ്. സഹകരണം സംസ്ഥാന വിഷയമായതുകൊണ്ട് കേന്ദ്രത്തിന്റെ വകുപ്പ് രൂപീകരണം ഭരണഘടന അനുഛേദങ്ങളെ ലംഘിക്കുന്നു എന്നാണ് മൂപ്പരുടെ വാദം. മാർക്സിസ്റ്റുകാരുടെ വാദം അതല്ല. കേന്ദ്രത്തിനും സംസ്ഥാനത്തിനും ഒരു പോലെ അധികാരമുള്ള പട്ടികയിൽപെട്ട വിഷയമായതു കൊണ്ട് സംസ്ഥാനത്തോട് ചർച്ച ചെയ്യാതെ വകുപ്പ് രൂപീകരിച്ചത് ഫെഡറൽ തത്വലംഘനമാണെന്നാണ്.രണ്ടു കൂട്ടരും പറയുന്നത് കളവാണ്. ഭരണഘടനയുടെ അനുച്ഛേദം 243 ZH പ്രകാരമാണ് സഹകരണസംഘങ്ങളെ ഭരണഘടനയിൽ ഉൾപ്പെടുത്തിയത്. ഭരണഘടനയുടെ 97 ആം ഭേദഗതി നിയമം 2011 പ്രകാരമാണ് ഇക്കാര്യം വിശദമായി ഭരണഘടനയിൽ വിശദീകരിക്കുന്നത് . 243 ZH അനുച്ഛേദത്തിലെ (d) അനുസരിച്ച് മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾ രൂപീകരിക്കാൻ കേന്ദ്രസർക്കാരിന് അവകാശമുണ്ട്. ഉപ അനുച്ഛേദം (e) പ്രകാരം സെൻട്രൽ കോ-ഓപ്പറേറ്റീവ് രജിസ്ട്രാറെ നിയമിക്കാനും കേന്ദ്ര സർക്കാരിന് അധികാരമുണ്ട്. അത് കൊണ്ട് വകുപ്പ് രൂപീകരണം ഒരു സ്വഭാവിക നടപടിക്രമം മാത്രമാണ്.
പക്ഷെ ഇവർ എതിർക്കാനുള്ള കാരണം ഇതല്ല . അനുച്ഛേദം 243 ZL (1) (V) പ്രകാരം ബാങ്ക് ഇടപാടുകൾ നടത്തുന്ന സഹകരണസംഘങ്ങൾ 1949 ലെ ബാങ്കിംഗ് റെഗുലേഷൻ നിയമപ്രകാരം നിയന്ത്രിതമായിരിക്കും എന്നും പറഞ്ഞിട്ടുണ്ട്. അതുപ്രകാരം പൗരജനങ്ങളിൽ നിന്ന് നിക്ഷേപങ്ങൾ സ്വീകരിക്കുക, ഉയർന്ന പലിശ നിരക്ക് നൽകുക, വായ്പ കൊടുക്കുക എന്ന് തുടങ്ങിയ ഇടപാടുകൾ നടത്തുകയും ചെയ്യുന്ന സംഘങ്ങൾ റിസർവ് ബാങ്കിൻറെ നിബന്ധനകൾ പാലിക്കേണ്ടി വരും. സ്വാഭാവികമായും ഇടപാടുകാരുടെ പേരുവിവരവും തിരിച്ചറിയൽ രേഖയും സൂക്ഷിക്കണം എന്ന് മാത്രവുമല്ല ബാങ്ക് ഇടപാടിനെ ആധാർ കാർഡുമായി ബന്ധിപ്പിക്കേണ്ടിയുംവരും. ഇപ്പോൾ ഈ സഹകരണ സംഘങ്ങൾ ഈ നിബന്ധന പാലിക്കുന്നില്ല.
ഭരണഘടനാ അനുച്ഛേദം 243 ZI (1) പ്രകാരം ഏതൊരാളും സ്വമേധയാ ചേർന്ന് വേണം സഹകരണ സംഘം രൂപികരിക്കേണ്ടത്. അംഗങ്ങൾക്കെല്ലാം സംഘത്തിൽ സാമ്പത്തിക പങ്കാളിത്തം ഉണ്ടായിരിക്കണം. ജനാധിപത്യരീതിയിൽ നിയന്ത്രണമുള്ള സ്വയംഭരണ സ്ഥാപനമായിരിക്കണം സംഘം.
ഇപ്പോൾ ഈ നിബന്ധന പല സഹകരണസംഘങ്ങളും പാലിക്കുന്നില്ല. ഈ സംഘങ്ങൾ ഉറവിടം അറിയാത്ത പണം സ്വീകരിക്കുകയും അതിന്
അമിത പലിശ നൽകുകയും ചെയ്യുന്നു. വോട്ടവകാശമുള്ള അംഗങ്ങളിൽ മാത്രം നിക്ഷിപ്തമായ സഹകരണ സംഘത്തിലെ സാമ്പത്തിക പങ്കാളിത്തം എന്ന തത്വത്തെ ഇവർ ലംഘിക്കുന്നു. അതുകൊണ്ട് ഈ സംഘങ്ങൾ പലതും കള്ളപ്പണത്തിൻറെ സുരക്ഷിത താവളങ്ങളായി തീർന്നിരിക്കുന്നു . ഈ കള്ളപ്പണ ഇടപാടുകൾ വെളിയിൽ വരുമെന്ന ഭയമാണ് മാർക്സിസ്റ്റ് – കോൺഗ്രസ് ഐക്യനിരയുടെ വെപ്രാളത്തിന് കാരണം. മടിയിൽ പലതും സൂക്ഷിച്ചിരിക്കുന്നതുകൊണ്ട് നിങ്ങൾക്ക് വഴിയിൽ പേടിയുണ്ടാകും അതിന് സഹകരണ വകുപ്പിനെ പഴിക്കരുത്.
ഡോ. കെ. എസ്. രാധാകൃഷ്ണൻ
പ്രതികരിക്കാൻ ഇവിടെ എഴുതുക: