ന്യൂദല്‍ഹി: സ്വന്തം സംസ്ഥാനമായ മധ്യപ്രദേശിന് ‘സന്തോഷവാര്‍ത്ത’ പങ്കുവച്ച് കഴിഞ്ഞദിവസം കേന്ദ്ര വ്യോമയാനമന്ത്രിയായി ചുമതലയേറ്റ ജ്യോതിരാദിത്യ സിന്ധ്യ. ഉഡാന്‍ പദ്ധതിക്കുകീഴില്‍ ജൂലൈ 16 മുതല്‍ സംസ്ഥാനത്തിന് എട്ടു പുതിയ വിമാനങ്ങളുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ ചെറുവിമാനത്താവളങ്ങളുമായി ബന്ധിപ്പിക്കുന്ന പദ്ധതിയാണ് ഉഡാന്‍. സ്പൈസ് ജെറ്റ് പുതിയ വിമാനസര്‍വീസുകള്‍ നടത്തുമെന്ന് വിമാനക്കമ്പനിയെ ടാഗ് ചെയ്തുള്ള ട്വീറ്റില്‍ ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചു. ഗ്വാളിയര്‍-മുംബൈ-ഗ്വാളിയര്‍, ഗ്വാളിയര്‍-പൂനെ-ഗ്വാളിയര്‍, ജബല്‍പൂര്‍-സൂറത്ത്-ജബല്‍പൂര്‍, അഹമ്മദാബാദ്-ഗ്വാളിയര്‍-അഹമ്മദാബാദ് എന്നിങ്ങനെയാണ് പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ഉഡാന്‍ പദ്ധതിയെ പുതിയ ഉയരങ്ങളിലെത്തിക്കാന്‍ കേന്ദ്ര വ്യോമയാന മന്ത്രാലയവും വ്യോയാന വ്യവസായവും പ്രതിജ്ഞാബദ്ധമെന്നും മന്ത്രി വ്യക്തമാക്കി. ഉപയോഗിക്കാതെ കിടക്കുന്നതും പരിമിതമായി ഉപയോഗിക്കുന്നതുമായ നൂറ് വിമാനത്താവളങ്ങളെ ഉഡാന്‍ പദ്ധതിക്കുകീഴില്‍ പ്രവര്‍ത്തന സജ്ജമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യംവച്ചിട്ടുള്ളതായി ജ്യോതിരാദിത്യക്ക് മുന്‍പ് മന്ത്രാലയത്തിന്റെ ചുമതലയുണ്ടായിരുന്ന ഹര്‍ദീപ് സിംഗ് പുരി ഈ വര്‍ഷമാദ്യം പറഞ്ഞിരുന്നു.
പദ്ധതിക്കു കീഴില്‍ ചുരുങ്ങിയത് ആയിരം പുതിയ വ്യോമ പാതകള്‍ തുടങ്ങാനും സര്‍ക്കാര്‍ പദ്ധതിയിട്ടിട്ടുണ്ട്. കഴിഞ്ഞവര്‍ഷം കോണ്‍ഗ്രസില്‍നിന്ന് ബിജെപിയിലെത്തിയ സിന്ധ്യ രാജ്യത്തിന്റെ 33-ാമത് വ്യോമയാനമന്ത്രിയായി വെള്ളിയാഴ്ചയാണ് ചുമതലയേറ്റെടുത്തത്. ഇദ്ദേഹത്തിന്റെ പിതാവ് മാധവ് റാവു സിന്ധ്യയും 1990-കളുടെ തുടക്കത്തില്‍ അധികാരത്തിലിരുന്ന പി വി നരസിംഹ റാവു സര്‍ക്കാരില്‍ സമാനവകുപ്പ് കൈകാര്യം ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: