ശ്രീനഗർ: ഭീകരർക്ക് ധനസഹായം നല്‍കുന്നതും ഓണ്‍ലൈന്‍ വഴി മതമൗലികവാദവല്‍ക്കരണം നടക്കുന്നതുമായി ബന്ധപ്പെട്ട് നല്‍കിയ പരാതിയെ തുടര്‍ന്ന് ജമ്മു കശ്മീരിന്റെ വിവിധ സ്ഥലങ്ങളിൽ എൻഐഎയുടെ റെയ്ഡ്. ശ്രീനഗർ, അനന്ത്‌നാഗ്, ബരാമുള്ള എന്നിവിടങ്ങളിലാണ് റെയ്ഡ് പുരോഗമിക്കുന്നത്.ഞായറാഴ്ച രാവിലെ മുതൽ തുടങ്ങിയ പരിശോധനയിൽ ഒരു സ്ത്രീ ഉൾപ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതല്‍ അറസ്റ്റുണ്ടായേക്കുമെന്ന് കരുതുന്നു.
ഐഎസ്ഐഎസിന്റെ ഒരു ചെറിയ ഘടകത്തെയും കണ്ടെത്തി. ഇതില്‍ പ്രവര്‍ത്തിക്കുന്ന അഞ്ച് പേര്‍ക്ക് മൗറീഷ്യസ്, ശ്രീലങ്ക എന്നീ രാഷ്‌ട്രങ്ങളിലെ ഇസ്ലാമിക തീവ്രവാദസംഘടനകളുമായി ബന്ധമുള്ളതായും കണ്ടെത്തി.
ഇന്ത്യയില്‍ വ്യാപകമായ തോതില്‍ തീവ്രമതമൗലികവാദവല്‍ക്കരണം നടക്കുന്നതായി പരാതിപ്പെട്ടുള്ള കേസിനെ തുടര്‍ന്നാണ് അന്വേഷണം പുരോഗമിക്കുന്നത്. എൻഐഎയ്‌ക്കൊപ്പം ജമ്മു കശ്മീർ പോലീസും ഇന്‍റലിജന്‍സ് ബ്യൂറോയും റോയും (റിസര്‍ച്ച് അനാലിസിസ് വിങ്) സംയുക്തമായാണ് വിവിധ ഇടങ്ങളിൽ റെയ്ഡ് നടത്തുന്നത്.
കഴിഞ്ഞ ദിവസം ഭീകരർക്ക് സഹായം നൽകിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ജമ്മു ഭരണകൂടം 11 സർക്കാർ ഉദ്യോഗസ്ഥരെ പുറത്താക്കിയിരുന്നു. ഇതിൽ സുരക്ഷാ സേന തിരയുന്ന ഹിസ്ബുൾ തലവൻ സയ്യിദ് സലാഹുദ്ദീന്റെ രണ്ട് മക്കളും ഉൾപ്പെടുന്നു. തീവ്രവാദമതവല്‍ക്കരണത്തിനായി ഹവാല റാക്കറ്റുകള്‍ വഴി പണം സ്വരൂപിക്കുക, സ്വീകരിക്കുക, ശേഖരിക്കുക, കൈമാറുക എന്നിങ്ങനെ ഹിസ്ബുള്‍ മുജാഹിദ്ദീന്റെ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കായി ഇവര്‍ പ്രവര്‍ത്തിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതുപോലുള്ള കേസുകളില്‍ നടപടിയെടുക്കേണ്ടതിനെക്കുറിച്ച് തീരുമാനിക്കുന്ന കേന്ദ്രഭരണപ്രദേശത്തിന്റെ പ്രത്യേകസമിതിയുടെ നിര്‍ദേശപ്രകാരമാണ് റെയ്ഡ്.
ഈ 11 തീവ്രവാദബന്ധമുള്ള ജീവനക്കാരില്‍ നാല് പേര്‍ വിദ്യാഭ്യാസവകുപ്പിലും രണ്ട് പേര്‍ ജമ്മു കശ്മീര്‍ പൊലീസിലും ഒരാള്‍ ഷെര്‍ ഇ കശ്മീര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലും ഓരോരുത്തര്‍ വീതം യഥാക്രമം കാര്‍ഷികം, നൈപുണ്യവികസനം, ഊര്‍ജ്ജം, ആരോഗ്യം എന്നീ വകുപ്പുകളിലുമാണ് സാധാരണക്കാരെപ്പോലെ ജോലി ചെയ്തിരുന്നത്.
അനന്ത്നാഗ്, ബുദ്ഗാം, ബരാമുള്ള, ശ്രീനഗർ, കുപ്വാര, പുൽവാമ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ഇവർ രാജ്യത്ത് ഭീകരാക്രമണങ്ങൾ നടത്താൻ ഭീകര സംഘടനകൾക്ക് സഹായം നൽകുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു പുറത്താക്കല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: