കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസുമായി ബന്ധപ്പെട്ട സ്വര്‍ണ്ണക്കള്ളക്കടത്തു കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ വീണ്ടും നീക്കം ആരംഭിച്ചു. ഇതു മനസിലാക്കി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സ്വപ്‌ന സുരേഷ്, സന്ദീപ് നായര്‍, സരിത്ത് എന്നിവരടക്കമുള്ള പ്രതികളെ കേരളത്തിലെ ജയിലില്‍ നിന്ന് ബെംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റാനുള്ള തീരുമാനത്തിലാണ്. ഇതിനുള്ള അപേക്ഷ കസ്റ്റംസ് കോടതിക്ക് സമര്‍പ്പിച്ചു. പ്രതികളുടെ സുരക്ഷയും കേസ് അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ നീക്കവും കണക്കിലെടുത്താണിത്.
കോഫെപോസ പ്രകാരം അറസ്റ്റിലായ പ്രതികളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് കേന്ദ്രത്തിന്റെ ചുമതലയാണ്. അതിനാലാണ് ഇതര സംസ്ഥാനത്തേക്ക് അവരെ മാറ്റാന്‍ തീരുമാനിച്ചത്.
അതിനിടെ, സ്വര്‍ണ്ണക്കടത്തില്‍ ബിജെപി നേതാക്കള്‍ക്കെതിരെ മൊഴി നല്‍കാന്‍ പ്രധാന പ്രതികളില്‍ ഒരാളായ പി.എസ്. സരിത്തിനെ ജയിലില്‍ പീഡിപ്പിച്ചതായുള്ള വിവരം പുറത്തുവന്നു.
ജയില്‍ അധികൃതരെകൊണ്ട് ഭീഷണിപ്പെടുത്തിയും പീഡിപ്പിച്ചും കള്ളമൊഴി നല്‍കിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമം. ഇക്കാര്യം ചൂണ്ടിക്കാട്ടി സരിത്ത് എന്‍ഐഎ കോടതിയില്‍ പരാതി നല്‍കി. തുടര്‍ന്ന് കോടതി സരിത്തിന്റെ രഹസ്യമൊഴി എടുത്തു. ഇത്രയും നാള്‍ സിപിഎമ്മുകാരുടെ പേര് പറയാതിരിക്കാനായിരുന്നു പീഡനം. എന്നാല്‍, ഇപ്പോള്‍ ബിജെപി, കോണ്‍ഗ്രസ് നേതാക്കളുടെ പേര് പറയിപ്പിക്കാനാണ് പീഡനം.
പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ജയില്‍ സൂപ്രണ്ടടക്കം മൂന്ന് പേര്‍ നിരന്തരം പീഡിപ്പിച്ചിരുന്നു. ഉറങ്ങാന്‍ പോലും അനുവദിക്കുന്നില്ല. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍, കേന്ദ്രമന്ത്രി വി. മുരളീധരന്‍, കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ക്കെതിരെ മൊഴികൊടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു പീഡനം. ജീവന്‍ പോലും അപകടത്തിലാണെന്ന് സരിത്ത് അമ്മയോട് ഫോണില്‍ പറഞ്ഞിരുന്നു. ഇത് റെക്കോര്‍ഡ് ചെയ്ത അമ്മയും, സഹോദരിയും സരിത്തിന്റെ പരാതി കോടതിയില്‍ നല്‍കിയിട്ടുണ്ട്. പരാതി ഗൗരവമെന്ന് നിരീക്ഷിച്ചാണ് കോടതി ഇന്നലെ പ്രത്യേക സിറ്റിങ് നടത്തി സരിത്തിന്റെ മൊഴി രഹസ്യമായി രേഖപ്പെടുത്തിയത്.
സരിത്തിന് സംരക്ഷണം നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുമുണ്ട്. ശാരീരികമോ, മാനസികമോ ആയ പീഡനമുണ്ടാകരുതെന്ന് ജയില്‍ ഡിജിപിയോടും കോടതി നിര്‍ദ്ദേശിച്ചു.സരിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ നാളെ വാദം നടക്കും. പ്രതിയുടെ ജീവന് ഭീഷണിയുണ്ടെന്ന് അസി. സോളിസിറ്റര്‍ ജനറല്‍ പി. വിജയകുമാറും കോടതിയെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: