ആത്മകഥയായ സ്മൃതിപര്‍വത്തില്‍ ഡോ.പി.കെ.വാരിയര്‍ എഴുതുന്നുണ്ട്. ‘ഞാന്‍ ആര്യ വൈദ്യശാലയുടെ കാവല്‍ക്കാരനാണ്.’ കാവല്‍ക്കാരന്റെ ജോലി സ്ഥാപനത്തെ സംരക്ഷിക്കുകയും പുരോഗമിപ്പിക്കുകയും ചെയ്യുകയെന്നതാണ്. സ്ഥാപനം സ്വന്തമാണെന്ന അഹങ്കാരമില്ലാത്തയാളാണ് കാവല്ക്കാരന്. ഈ നിസ്സംഗത്വവും ലാളിത്യവും സ്ഥാപനത്തോടുള്ള നിഷ്കളങ്കമായ സ്നേഹവും ആണ് ഡോ. പി കെ വാരിയരെ എല്ലാവരില്‍ നിന്നും വേറിട്ടവനാക്കുന്നത്.
‘ഞാനെന്ന ഭാവമതു
തോന്നായ്ക വേണം
തോന്നുന്നതാകിലഖിലം
ഞാനിതെന്ന വഴി തോന്നേണമേ വരദ
നാരായണായ നമ :’
എന്ന ഭാരതീയചിന്തയുടെ
ദര്ശനരൂപമായിരുന്നു ഡോ.പി.കെ വാരിയര്‍ ,
വൈദ്യനാകുന്നതിനു മുമ്പ് ഏതൊരു വ്യക്തിയും നിര്‍ബന്ധമായും മനുഷ്യ സ്നേഹത്തിന്റെ പ്രതിരൂപമാകണം. അതിന്റെ ജീവിക്കുന്ന നിദര്‍ശനമായിരുന്നു ഡോ. പി കെ വാരിയരെന്ന് അദ്ദേഹത്തെ പരിചയപ്പെട്ടവര്ക്കെല്ലാമറിയാം. അമ്മാമന് പി.എസ്.വാരിയരെന്ന മഹാപ്രതിഭാശാലിയുടെ കാഴ്ചപ്പാടുകളാണ് ഡോ. പി കെ വാരിയരെ നയിച്ചിരുന്നത്. ഏതൊരു പ്രശ്നത്തെയും അദ്ദേഹം സമീപിച്ചിരുന്നത് നിയമത്തേക്കാള്‍ മനുഷ്യ സ്നേഹത്തിന്റെ അടിസ്ഥാനത്തിലാണ്. ആര്യവൈദ്യശാലയെന്ന ചികിത്സാലയത്തെയും ഔഷധനിര്മാണശാലയെയും വ്യതിരിക്തമാകുന്നത് അതിന്റെ ധാര്‍മികതയാണ്. ലാഭവിഹിതത്തിന്റെ മുപ്പതു ശതമാനം പാവപ്പെട്ടവര്‍ക്ക് കൊടുക്കുന്ന സൗജന്യ ചികിത്സയാണ് ഈ സ്ഥാപനം ചെയ്യുന്നത്.
വൈദ്യരത്നം പി.എസ് വാരിയരുടെ ഈ ദര്‍ശനങ്ങളാണ് ഡോ.പി.കെ. വാരിയര്‍ ജീവിതത്തിലുടനീളവും ആചരിച്ചിരുന്നത്. ആര്യവൈദ്യശാലയെ ഉന്നതമായ സാംസ്ക്കാരികവും മനുഷ്യസ്നേഹപരവും അതേ സമയം തന്നെ ലാഭകരവുമായ പ്രസ്ഥാനമായി മാറ്റിയെടുത്തത് ഈ ദര്‍ശനമാണ്. വൈദ്യവിദ്യാഭ്യാസത്തിനിടക്ക് ക്വിറ്റിന്ത്യാ പ്രസ്ഥാനത്തിലേക്ക് വഴി തിരിഞ്ഞ ഡോ. പി.കെ. വാരിയര്‍ ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയും പ്രവര്‍ത്തനനിരതനായിരുന്നു എന്നു മാത്രമല്ല മഹാത്മാ ഗാന്ധിയുടെ അഹിംസാ സിദ്ധാന്തത്തിന്റെ പ്രയോക്താവുമായിരുന്നു
ഡോ.പി.കെ. വാരിയരുടെ ചികിത്സാ നൈപുണ്യം ആയുര്‍വേദ വിജ്ഞാനത്തില്‍ അടിയുറച്ചതായിരുന്നു. ലളിതവും യുക്തിസഹവുമായ ചികിത്സകള്‍ അദ്ദേഹത്തിന്റെ മുഖമുദ്രയാണ്. സദാസമയവും പുതിയ പുതിയ കാര്യങ്ങള്‍ അദ്ദേഹം പഠിച്ചു കൊണ്ടേയിരിക്കും. ‘യുക്തിയുക്തം വചോ ഗ്രാഹ്യം ബാലാദപി ശുകാദപി ‘ എന്നത് അദ്ദേഹം എപ്പോഴും അനുവര്‍ത്തിച്ചിരുന്നു. പ്രായം കൊണ്ടോ വിജ്ഞാനം കൊണ്ടോ താഴെയുള്ളവരില്‍ നിന്നും യുക്തിസഹമായ ചികിത്സകള്‍ അദ്ദേഹം മനസ്സിലാക്കുകയും ആര്യ വൈദ്യശാലയില്‍ പ്രയോഗത്തില്‍ വരുത്തുകയും ചെയ്തിരുന്നു. ആര്യവൈദ്യശാലയില്‍ കാന്‍സര്‍ ചികിത്സ നടത്തുന്നത് കഷ്ടപ്പെടുന്ന രോഗികളോടുള്ള അദ്ദേഹത്തിന്റെ സ്നേഹത്തിന്റെയും അനുതാപത്തിന്റെയും പ്രതിഫലനമാണ്. ഔഷധം മുഴുവന്‍ സൗജന്യമായി കൊടുക്കുന്ന ഈ പദ്ധതി എത്രയോ രോഗികള്‍ക്ക് സമാശ്വാസം നല്കുന്നു.
സ്ഥാപനത്തിന്റെ ലാഭം വര്‍ധിപ്പിക്കുന്നത് മാത്രം ചിന്തയുള്ള കമ്പനികള്‍ ഉള്ള ഈ കാലത്ത് ജനങ്ങള്‍ക്ക് സേവനം എങ്ങിനെ കൂടതല്‍ കൊടുക്കാമെന്നാണ് ഡോ.പി കെ വാരിയര്‍ ചിന്തിച്ചത്. ആരോഗ്യശീലങ്ങള്‍ സ്വയം ആചരിച്ചു കൊണ്ടാണ് ഡോ. പി കെ വാരിയര്‍ രോഗികളെ അവ പരിശീലിപ്പിച്ചിരുന്നത്. പറയുന്നതും പ്രവൃത്തിയും യോജിപ്പിക്കുന്ന അദ്ദേഹം നമ്മുടെ ജീവിതത്തെ പ്രചോദിപ്പിച്ചു കൊണ്ടേയിരിക്കുന്നു. ആര്യവൈദ്യശാലയെ ലോക പ്രശസ്തമായ സ്ഥാപനമാക്കി വളര്‍ത്തിയെടുക്കാനുള്ള അക്ഷീണവും നിതാന്തവുമായ പ്രയത്നം അദ്ദേഹത്തില്‍ നിന്നും ആര്യവൈദ്യശാലയിലെയും അനുബന്ധ സ്ഥാപനങ്ങളിലെയും ഓരോ പ്രവര്‍ത്തകരെയും സ്വാധീനിച്ചിരുന്നു.
വൈദ്യരത്നം പി എസ് വാരിയര്‍ ആയുര്‍വേദ കോളേജിന്റെ കാര്യത്തില്‍ ഡോ. പി.കെ.വാരിയര്‍ പ്രത്യേക താല്പര്യം കാണിച്ചിരുന്നു. വിദ്യാര്‍ഥികളെ അദ്ദേഹം സ്വന്തം മക്കളെപ്പോലെ സ്നേഹിച്ചിരുന്നു. ഒരിക്കല്‍ കോളേജിലെ പിജി വിദ്യാര്‍ഥികള്‍ക്ക് സ്റ്റൈപ്പന്റ് കിട്ടാന്‍ താമസിച്ചപ്പോള്‍ അദ്ദേഹത്തെ വിഷയം ധരിപ്പിക്കാന്‍ ഞാന്‍ പോയിരുന്നു. എനിക്ക് ഇപ്പോള്‍ ശരീരത്തിന് പ്രായത്തിന്റെ അസ്വാധീനമില്ലായിരുന്നെങ്കില് ഞാന്‍ തന്നെ സെക്രട്ടേറിയേറ്റില്‍ പോയി നേരെയാക്കിയേനേ എന്നു അദ്ദേഹം പറഞ്ഞു. മാത്രമല്ല മുമ്പൊരിക്കല്‍ രണ്ടു മൂന്നു ദിവസം തിരുവനന്തപുരത്ത് പോയി താമസിച്ച് നേരെയാക്കി കൊണ്ടുവന്നിട്ടുണ്ടെന്നും പറഞ്ഞു. ഏതായാലും അദ്ദേഹത്തിന്റെ നിര്‍ദ്ദേശത്താല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പെട്ടെന്നു തന്നെ സ്റ്റൈപ്പന്‍ഡ് കിട്ടുകയും ചെയ്തു. ആയുര്‍വേദ കോളേജിലെ ഏതു പരിപാടിക്കും അറിയിച്ചാല്‍ അദ്ദേഹം കൃത്യമായി സമയത്തിനു മുമ്പെ തന്നെ എത്തുമായിരുന്നു. വൈകി വരുന്ന രാഷ്ട്രീയക്കാര്‍ക്ക് ഇത് അലോസരമുണ്ടാക്കുകയും പിന്നീട് ഞങ്ങള്‍ സമയമാകുമ്പോള്‍ മാത്രം അദ്ദേഹത്ത വിളിക്കുകയും ചെയ്യുമായിരുന്നു. ചുറുചുറുക്ക് എന്നത് നൂറു വയസ്സിലും അദ്ദേഹം നിലനിര്‍ത്തിയിരുന്നു.
വാര്‍ധക്യത്തിലും നടക്കുമ്പോള്‍ കൈ പിടിക്കാന്‍ അദ്ദേഹം സമ്മതിക്കില്ല. ഏത് സമയത്തും രോഗികളുടെ കാര്യത്തില്‍ അദ്ദേഹം ദത്തശ്രദ്ധനായിരുന്നു. ഇടക്ക് അദ്ദേഹത്തെ കാണാന്‍ ചെല്ലുമ്പോള്‍ രോഗികള്‍ക്ക് അദ്ദേഹം ചെയ്യുന്ന ചികിത്സയെകുറിച്ചും ആയുര്‍വേദത്തിന്റെ സമഗ്രതയെ കുറിച്ചും മണിക്കൂറുകളോളം സംസാരിക്കുമായിരുന്നു. എല്ലാ വൈദ്യശാസ്ത്ര ശാഖകളിലെയും നല്ല കാര്യങ്ങള്‍ അദ്ദേഹം സമന്വയിപ്പിച്ചിരുന്നു. ആയുര്‍വേദവും പ്രകൃതിചികിത്സയും അലോപ്പതിയും ആവശ്യമായ ഘട്ടങ്ങളില്‍ പ്രയോഗതലത്തിലെത്തിച്ചിരുന്നു.
പ്രകൃതിയെ നോക്കി പഠിക്കണം ചികിത്സകനെന്ന് അദ്ദേഹം പറയാറുണ്ട്. പക്ഷികളുടെ ഭക്ഷണ രീതി (ശകുനാശനതാ) സന്ധ്യക്കു മുമ്പ് ആഹാരം കഴിക്കുകയെന്നത് പല രോഗങ്ങളിലും ഫലം ചെയ്യുമെന്ന് ഞങ്ങള്‍ക്കു കൂടി അനുഭവമാണ്. ലളിതവും സത്യസന്ധവും മനുഷ്യസ്നേഹപരവും ത്യാഗനിര്‍ഭരവുമായ ചികിത്സ ഡോ. പി കെ വാരിയരില്‍ നിന്ന് കാലം പഠിക്കേണ്ടിയിരിക്കുന്നു. ബ്രാഹ്മമുഹൂര്‍ത്തത്തില്‍ എഴുന്നേറ്റ് സഹസ്രനാമം ചൊല്ലി തുടങ്ങുന്ന ദിനചര്യ മുഴുവന്‍ ആയുര്‍വേദ അടിസ്ഥാന സിദ്ധാന്തങ്ങളില്‍ അടിയുറച്ചതായിരുന്നു.
ആത്മവത് സതതം പശ്യേദ് അപി കീടപിപീലികം തന്നെ പോലെ കീടത്തിനേയും ഉറുമ്പിനേയും സ്നേഹിക്കണമെന്ന ആയുര്‍വേദ സിദ്ധാന്തത്തിന്റെ പ്രയോക്താവായിരുന്നു മഹാനായ ഈ ആയുര്വേദമനീഷി.
ഡോ.പി.പി കിരാതമൂര്‍ത്തി
പ്രൊഫസ്സര്‍ (റിട്ട) വി.പി. .എസ് .വി. ആയുര്‍വേദ കോളേജ് കോട്ടയ്ക്കല്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: