കോഴിക്കോട്: പയ്യാനക്കലിന് സമീപം ചാമുണ്ടി വളപ്പില്‍ അഞ്ചു വയസ്സുകാരിയായ ആയിഷയെ അമ്മ സമീറ കൊലപ്പെടുത്തിയത് അന്ധവിശ്വാസത്തിന്റെ പേരിലെന്ന് പോലീസ്. കഴിഞ്ഞ ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം നടന്നത്. സമീറയ്ക്ക് മാനസീകാസ്ഥാസ്ഥ്യമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് കുതിരവട്ടം മാനസീകാരോഗ്യ കേന്ദ്രത്തില്‍ വിദഗ്ദ ഡോക്ടര്‍മാര്‍ പരിശോധന നടത്തിയിരുന്നു. എന്നാല്‍ ഇവര്‍ക്ക് യാതൊരു വിധത്തിലുള്ള മാനസീക പ്രശ്നങ്ങളും ഇല്ലെന്ന് പോലീസിന് ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്കി.
കടുത്ത അന്ധവിശ്വാസത്തെ തുടര്‍ന്നാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നും മാനസീകരോഗ വിദഗ്ദര്‍ സ്ഥിരീകരിച്ചു. കുറച്ചു കാലമായി മകളുടെ ദേഹത്ത് ബാധ കയറിയെന്നായിരുന്നു സമീറയുടെ വിശ്വാസം. മതപരമായ പല പ്രാര്‍ത്ഥനകളും ചികിത്സകളും നടത്തിയ സമീറ ഇതു ഫലിക്കാതെ വന്നതോടെയാണ് മകളെ കൊലപ്പെടുത്തി ബാധ ഒഴിപ്പിക്കാന്‍ തീരുമാനിച്ചത്. താന്‍ മകളെ കൊന്നുവെന്നും അവള് ദൈവത്തിനടുത്തേയ്ക്ക് പോയെന്നും സമീറ പറഞ്ഞതായി പോലീസ് ഉദ്യേഗസ്ഥര്‍ പറഞ്ഞു.
അസ്വഭാവിക മരണത്തിനായിരുന്നു ആദ്യം കേസെടുത്തിരുന്നത്. ഇവര്‍ക്ക് മാനസീക പ്രശ്നങ്ങളില്ലെന്ന് മനസ്സിലായതോടെ കൊലപാതകമടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് ഇവര്‍ക്കെതിരെ കേസെടുക്കും. തുവാല കൊണ്ടോ അല്ലെങ്കില്‍ നേര്‍ത്ത തുണികൊണ്ടോ ശ്വാസം മുട്ടിച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: