വണ്ടിപ്പെരിയാര്‍: ചുരക്കുളത്ത് പീഡനത്തിനിരയായി കൊല്ലപ്പെട്ട ബാലികയുടെ ഘാതകരെ സംരക്ഷിക്കാന്‍ ശ്രമിച്ചെന്ന ആരോപണം സ്ഥിരീകരിച്ച് എംഎല്‍എ. ഇന്നലെ വണ്ടിപ്പെരിയാര്‍ പോലീസ് സ്റ്റേഷനില്‍ നടന്ന അഭിനന്ദന പരിപാടിയിലാണ് ഇക്കാര്യം പീരുമേട് എംഎല്‍എ വാഴൂര്‍ സോമന് സമ്മതിച്ചത്.
പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യാതിരിക്കുവാന്‍ താന്‍ ശ്രമിച്ചെന്നും സിഐ, ഡിവൈഎസ്പി തുടങ്ങിയ ഉദ്യോഗസ്ഥരെ വിളിച്ചുവെന്നും വാഴൂര്‍ സോമന് പരിപാടിക്കിടെ പറഞ്ഞു. കുട്ടിയുടെ ബന്ധുക്കള്‍ അവശ്യപ്പെട്ടതിനാലാണ് താന്‍ അതിന് ശ്രമിച്ചത് എന്നാണ് എംഎല്‍എയുടെ വിശദീകരണം. പ്രതിയെ അറസ്റ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥരെ അഭിനന്ദനം അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. എന്നാല്‍ പോലീസ് ഇതിന് വഴങ്ങാതെ ഇരുന്നതാണ് കേസില്‍ വലിയ വഴിത്തിരിവായത്. അതേ സമയം കേസില്‍ ആദ്യം സംശയം തോന്നി അര്‍ജുനെ പിടികൂടിയെങ്കിലും നാട്ടുകാര്‍ ഇതിനെതിരെ രംഗത്ത് വരികയും ഇയാളെ വിട്ടയക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഡിവൈഎഫ്ഐ നേതാവായി ചമഞ്ഞ് പ്രതി നാട്ടിലെന്നാം വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തി ഉണ്ടാക്കിയെടുത്ത മുഖച്ഛായ ആണ് ഇതിന് കാരണം. സൗമ്യനായി എല്ലാവരോടും വളരെ കാര്യമായി ഇടപ്പെട്ടിരുന്ന പ്രതി പക്ഷേ നാടിന് പുറത്തെത്തിയാല്‍ നിശബ്ദനായിരുന്നു. 6 വയസ് മാത്രം പ്രായമുള്ള കുട്ടി ആത്മഹത്യ ചെയ്തുവെന്ന് ആണ് ആദ്യം എല്ലാവരും വിചാരിച്ചത്. ഇതിന് അനുസരിച്ച് തെളിവും പ്രതിയുണ്ടാക്കി. പീഡനത്തിനിടെ അബോധവാസ്ഥയിലായ കുഞ്ഞിനെ കെട്ടി തൂക്കി കൊന്നിട്ട് അതിന്റെ തെളിവ് നശിപ്പാക്കാനും സംസ്കാര ചടങ്ങുകള്‍ക്കടക്കം ഒരു ഉളുപ്പുമില്ലാതെ ഇയാള്‍ക്ക് പങ്കെടുക്കാനായതും പാര്‍ട്ടി തന്നെ തുണക്കുമെന്ന വിശ്വാസത്തില്‍ മാത്രമാണെന്ന് ഈ സംഭവങ്ങള്‍ വ്യക്തമാക്കുന്നു. സംഭവത്തില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. കുട്ടിയുടെ അച്ഛന് തന്നെ പാര്‍ട്ടി പ്രവര്‍ത്തകനല്ല അര്‍ജുനെന്ന വാദവുമായി എത്തിയത് സിപിഎം നടത്തുന്ന കടുത്ത സമ്മര്‍ദം മൂലമാണെന്നും ആരോപണമുണ്ട്.
രാഷ്ട്രീയ മുതലെടുപ്പ് നിര്‍ത്തണം
പീരുമേട്: മകളുടെ മരണം രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിക്കുകയാണെന്ന് വണ്ടിപ്പെരിയാറ്റില്‍ കൊല്ലപ്പെട്ട ആറ് വയസുകാരിയുടെ അച്ഛന്. തങ്ങള്‍ വലിയ ദുഖത്തിലാണ്, ഇതിനിടെയിലാണ് രാഷ്ട്രീയക്കാരെല്ലാം ചേര്‍ന്ന് ആവശ്യമില്ലാത്ത പരിപാടികള്‍ കാണിക്കുന്നത്.
ഞങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ പറ്റുമെങ്കില്‍ അവനെ തൂക്കിക്കൊല്ലാനുള്ള നിലപാടുകള്‍ സ്വീകരിക്കുക. നിങ്ങള്‍ ഞങ്ങളെ ബുദ്ധിമുട്ടിക്കരുത്. ഇങ്ങനെ ഉണ്ടാകാതെ നോക്കേണ്ടത് സര്‍ക്കാരാണ്. തുടക്കത്തില്‍ ഞങ്ങള്‍ ഇങ്ങനെ പ്രതീക്ഷിച്ചിരുന്നില്ല.
നമ്മുടെ കൈയില്‍ കിടന്ന് വളര്‍ന്ന പയ്യനാണെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം വിഷയത്തില്‍ സിപിഎമ്മിനെതിരായ പ്രതിഷേധം ശക്തമായതോടെ നേതാക്കളുടെ നിര്‍ദേശ പ്രകാരമാണ് ഇത്തരമൊരു പ്രസ്താവന നടത്തിയെന്നാണ് ലഭിക്കുന്ന വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: