റിയോ ഡി ജനീറോ: കോപ അമേരിക്ക ചാമ്പ്യന്‍ഷിപ്പിന്റെ സ്വപ്ന ഫൈനല്‍ നാളെ. പുലര്‍ച്ചെ ഇന്ത്യന്‍ സമയം 5.30ന് നടക്കുന്ന കലാശക്കളിയില്‍ ആതിഥേയരും നിലവിലെ ചാമ്പ്യന്മാരുമായ ബ്രസീലും മെസ്സിയുടെ അര്‍ജന്റീനയുമാണ് ഏറ്റുമുട്ടുന്നത്. ടൂര്‍ണമെന്റിലെ മറ്റ് മത്സരങ്ങള്‍ പോലെ കലാശപ്പോരാട്ടവും അടച്ചിട്ട സ്റ്റേഡിയത്തിലാണ് അരങ്ങേറുക.
2007ന് ശേഷം ആദ്യ ബ്രസില്‍-അര്‍ജന്റീന ഫൈനലെന്ന പ്രത്യേകതയും ഇത്തവണത്തെ ചാമ്പ്യന്‍ഷിപ്പിനുണ്ട്. 2007-ല്‍ 3-0ത്തിന് വിജയിച്ച് ബ്രസീല്‍ കിരീടമുയര്‍ത്തിയിരുന്നു. 2004-ലെ കോപ്പ അമേരിക്ക ഫൈനലിലും ബ്രസീല്‍ അര്‍ജന്റീനയെ തോല്‍പ്പിച്ചിരുന്നു. മത്സരം 2-2ന് സമനില ആയതിനെ തുടര്‍ന്ന് 4-2ന് പെനാല്‍റ്റിയിലാണ് ബ്രസീല്‍ വിജയിച്ചത്.
കോപയുടെ ചരിത്രത്തില്‍ 15-ാം കിരീടം ലക്ഷ്യമിട്ടാണ് അര്‍ജന്റീന ഇറങ്ങുന്നത്. അതേസമയം ബ്രസീല്‍ ജയിച്ചാല്‍ അവരുടെ കിരീട നേട്ടം ഇരട്ടയക്കത്തിലെത്തും. നിലവില്‍ 9 തവണ കാനറികള്‍ കിരീടം നേടിയിട്ടുണ്ട്. പെറുവിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചാണ് ബ്രസീല്‍ ഫൈനലിലേക്ക് യോഗ്യത നേടിയത്. അതേസമയം ഷൂട്ടൗട്ടിലേക്ക് നീണ്ട പോരാട്ടത്തിനൊടുവില്‍ കൊളംബിയന്‍ വെല്ലുവിളി മറികടന്നായിരുന്നു അര്‍ജന്റീനയുടെ ഫൈനലിലേക്കുള്ള കുതിപ്പ്.
അപരാജിതരായി 13 മത്സരങ്ങള്‍ പിന്നിട്ടാണ് ബ്രസീലിന്റെ വരവ്. 2019-ല്‍ സൗദി അറേബ്യയില്‍ അര്‍ജന്റീനയുമായുള്ള സൗഹൃദ മത്സരത്തില്‍ പരാജയപ്പെട്ടശേഷം ബ്രസീല്‍ ഇതുവരെ തോല്‍വി അറിഞ്ഞിട്ടില്ല. എന്നാല്‍ 2019ലെ കോപ അമേരിക്ക ചാമ്പ്യന്‍ഷിപ്പിന്റെ സെമിയില്‍ ബ്രസില്‍ അര്‍ജന്റീനയെ 2-0ന് തോല്‍പ്പിക്കുകയും ചെയ്തിരുന്നു.
സൂപ്പര്‍ താരം മെസ്സി തന്നെയാണ് അര്‍ജന്റീനയുടെ കുതിപ്പ്. നിലവില്‍ നാല് ഗോളുമായി മെസ്സി തന്നെയാണ് ടൂര്‍ണമെന്റിലെ ടോപ് സ്കോറര്‍. സഹതാരം മാര്‍ട്ടിനെസ് മൂന്നു ഗോളുകളും നേടിയിട്ടുണ്ട്. അതേസമയം ബ്രസീല്‍ നിരയില്‍ സൂപ്പര്‍ താരം നെയ്മര്‍ക്ക് രണ്ട് ഗോളുകള്‍ മാത്രമേ ഇതുവരെ നേടാനായിട്ടുള്ളു. ക്വാര്‍ട്ടറിലും സെമിയിലും സ്്്കോര് ചെയ്ത ലൂക്കാസ് പക്വേറ്റ് രണ്ട് ഗോളും നേടി. നെയ്മറെയും മെസ്സിയെയും പൂട്ടുക എന്നതാണ് രണ്ട് ടീമുകളുടെയും വെല്ലുവിളി.
ബ്രസീല്‍ നിരയില്‍ ഒരു സൂപ്പര്‍ താരത്തിന്റെ അഭാവമുണ്ടാകും. മാഞ്ചസ്റ്റര്‍ സിറ്റിയുടെ താരമായ ഗബ്രിയേല്‍ ജെസ്യൂസിന്റെ. പെറുവിനെതിരായ സെമിയില്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയ ജെസ്യൂസിന് രണ്ട് മത്സരങ്ങളില്‍ വിലക്ക് കിട്ടി. നെയ്മറെ പിടിച്ചുകെട്ടുക എന്ന വെല്ലുവിളിയാണ് അര്‍ജന്റീനയുടെ പ്രതിരോധത്തിലെ കരുത്തരായ നിക്കോളാസ് ഒട്ടമെന്‍ഡിയുടെയും ജര്‍മന്‍ പെസ്സല്ലയുടെയും പ്രധാന വെല്ലുവിളി. അതുപോലെ മെസ്സിയെയും മാര്‍ട്ടിനെസിനെയും പിടിച്ചുകെട്ടുക എന്നതാണ് തിയാഗോ സില്‍വ, മാര്‍ക്വീഞ്ഞോസ്, ഡാനിലോ എന്നിവരടങ്ങുന്നബ്രസീല് പ്രതിരോധത്തിന്റെ വെല്ലുവിളി. എന്തായാലും ലോകമെമ്പാടുമുള്ള ഫുട്ബോള്‍ ആരാധകര്‍ കാത്തിരിക്കുന്ന ബ്രസീല്‍-അര്‍ജന്റീന പോരാട്ടം ഒരു സൂപ്പര്‍ കളിയാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: