ന്യൂദല്‍ഹി: ഗുണമേന്മയില് വിട്ടുവീഴ്ചയില്ലാതെ തന്നെ, നൂതന ആശയങ്ങളുടെയും ഗവേഷണങ്ങളുടെയും സഹായത്തോടെ റോഡ് നിര്‍മാണത്തിലെ ഉരുക്ക്, സിമന്റ് എന്നിവയുടെ ഉപയോഗം കുറയ്ക്കണമെന്ന് ഉപരിതല ഗതാഗത ദേശീയപാത മന്ത്രി നിതിന്‍ ഗഡ്കരി. ഭാരതത്തിലെ റോഡ് വികസനം എന്ന വിഷയത്തിന്മേലുള്ള പതിനാറാമത് വാര്‍ഷിക സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. റോഡ് നിര്‍മാണത്തിനുപയോഗിക്കുന്ന യന്ത്രങ്ങളില്‍ എത്തനോള്‍, സിഎന്‍ജി, എല്‍എന്‍ജി എന്നിവ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
ഇറക്കുമതിയും ചിലവും കുറക്കുന്നതിനും, പരിസ്ഥിതി സൗഹൃദവും, തദ്ദേശീയവുമായ മറ്റ് ഊര്‍ജ്ജ രൂപങ്ങളുടെ വികസനത്തിനും സമ്മേളനത്തില്‍ പ്രത്യേക പ്രാധാന്യം നല്കി. 63 ലക്ഷം കിലോമീറ്റര്‍ റോഡ് ശൃംഖലയുള്ള ഇന്ത്യയാണ് ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ റോഡ് ശൃംഖലയെന്ന് ഗഡ്കരി ചൂണ്ടിക്കാട്ടി. ചരക്കു നീക്കത്തിന്റെ 70 ശതമാനവും ആളുകളുടെ യാത്രകളുടെ 90 ശതമാനവും റോഡുകളിലൂടെ നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയ കേന്ദ്രമന്ത്രി രാജ്യത്തിന്റെ സാമ്പത്തിക രംഗത്തിന്റെ വളര്‍ച്ചയില്‍ ഉപരിതല ഗതാഗത മേഖലയിലെ ഭൗതിക സൗകര്യങ്ങള്‍ വലിയ പങ്കുവഹിക്കുന്നതായും ഓര്‍മ്മപ്പെടുത്തി.
ദേശീയ അടിസ്ഥാനസൗകര്യ പൈപ്പ് ലൈനിലൂടെ 111 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് അടിസ്ഥാനസൗകര്യ വികസന മേഖലയില്‍ ഗവണ്മെന്റ് നടത്തുന്നതെന്നും അദ്ദേഹം അറിയിച്ചു. അടിസ്ഥാനസൗകര്യ മേഖലയിലെ ഓരോ വര്‍ഷവും ഉള്ള മൂലധനച്ചെലവുകളില്‍ ഇക്കൊല്ലം 34 ശതമാനം വര്‍ധന (5.54 ലക്ഷം കോടി ) ആണ് കേന്ദ്രസര്‍ക്കാര്‍ നടത്തിയതെന്നും അദ്ദേഹം അറിയിച്ചു. പ്രതിദിനം 40 കിലോമീറ്റര്‍ എന്ന നിരക്കില്‍ ലോകോത്തര നിലവാരമുള്ള 60,000 കിമി ദേശീയപാത നിര്‍മ്മിക്കുക എന്നതായിരുന്നു തന്റെ ലക്ഷ്യമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: