മാംഗളൂര്: കൊറോണയില്‍ യാത്രക്കാര്‍ കുറഞ്ഞതിനെ തുടര്‍ന്ന് റദ്ദാക്കിയ ട്രെയിനുകള്‍ റെയില്‍വേ പുനഃസ്ഥാപിച്ച് തുടങ്ങി. കഴിഞ്ഞ ദിവസങ്ങളില്‍ എറണാകുളം-ബാനസവാടി(06129/30), കൊച്ചുവേളി-ബാനസവാടി ഹംസഫര്‍(06319/20) ട്രെയിനുകള്‍ പുനഃസ്ഥാപിച്ചിരുന്നു.
നിലവില്‍ എറണാകുളം-ബെംഗളൂരു ഇന്റര്‍സിറ്റി(02677/78), കന്യാകുമാരി-ബെംഗളൂരു(06525/26), കൊച്ചുവേളി-മൈസൂരു(06315/16), എറണാകുളം-ബാനസവാടി സ്പെഷല്‍(06161/62), മംഗളൂരു വഴിയുള്ള ബെംഗളൂരു-കണ്ണൂര്‍ എക്സ്പ്രസ്(06515/16) എന്നിവയാണ് ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്കുള്ളത്. കൊറോണ കേസുകള്‍ കുറഞ്ഞ സാഹചര്യത്തിലാണ് സര്‍വീസുകള്‍ ഘട്ടംഘട്ടമായി റെയില്‍വേ പുനഃസ്ഥാപിക്കുന്നത്.
ഹംസഫര്‍ സ്പെഷല്‍(06319/20) വ്യാഴം, ശനി കൊച്ചുവേളിയില്‍ നിന്നും വെള്ളി, ഞായര്‍ ബെംഗളൂരുവില്‍ നിന്നും സര്‍വീസ് നടത്തും. വൈകിട്ട് 6.05നു കൊച്ചുവേളിയില്‍ നിന്നു പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്നു രാവിലെ 10.30നു ബാനസവാടിയിലെത്തും. മടക്ക ട്രെയിന്‍ രാത്രി ഏഴിനു പുറപ്പെട്ട് പിറ്റേന്നു രാവിലെ 9.35നു കൊച്ചുവേളിയിലെത്തും. ബനാസ്വാടി കൊച്ചുവേളി ഹംസഫര്‍ ദ്വൈവാര സ്പെഷ്യല്‍(06320) ഇന്നു മുതലാണ് ഓടിത്തുടങ്ങിയത്.
എറണാകുളം-ബാനസവാടി(06129/30; 06161/62) ട്രെയിനുകള്‍ ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ വൈകിട്ട് 4.50ന് പുറപ്പെട്ട് പിറ്റേന്നു പുലര്‍ച്ചെ നാലിനു ബാനസവാടിയിലെത്തും. മടക്കട്രെയിന്‍ രാത്രി ഏഴിനു പുറപ്പെട്ട് പിറ്റേന്നു രാവിലെ ആറിന് എറണാകുളത്തെത്തും. ഈ ട്രെയിനുകള്‍ക്കും ഹംസഫറിനും ബംഗാര്‍പേട്ടിലും കെആര്‍ പുരത്തും സ്റ്റോപ്പ് ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: