തിരുവനന്തപുരം: കേരളത്തില്‍ പ്രതിദിനം തെരുവുനായ ആക്രമണങ്ങള്‍ക്ക് ഇരയാക്കുന്നവര്‍ നിരവധിയാണ്. രാത്രികലാങ്ങളില്‍ തലസ്ഥാനത്തുള്‍പ്പെടെ തെരുവീധികളില്‍ ഇത് രൂക്ഷമാണ്. തന്റേതല്ലാത്ത കാരണങ്ങളാല്‍ കടിയേല്‍ക്കുന്നവരൊ അപകടത്തില്‍ പെടുന്നവരോ സ്വന്തം ചെലവില്‍ ചികിത്സ തേടുകയാണ് പതിവ്. സംസ്ഥാനത്ത് വര്‍ഷം ഒരു ലക്ഷത്തിലധികം പേര്‍ തെരുവുനായ്‌ക്കളുടെ ആക്രമണത്തിന് ഇരയാകുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതില്‍ ബഹുഭൂരിപക്ഷവും പാവപ്പെട്ടവരാണെന്നുള്ളതാണ് വസ്തുത.
എന്നാല്‍ തെരുവുനായയുടെ കടിയും കൊണ്ട് മിണ്ടാതെ വീട്ടില്‍ പോകേണ്ട കാലം അവസാനിച്ചത് പലര്‍ക്കും ഇനിയും അജ്ഞാതമാണ്. നിയമപ്രകാരം തെരുവുനായ കടിച്ചാല്‍, നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാരിനും തദ്ദേശ സ്ഥാപനങ്ങള്‍ക്കും ബാധ്യതയുണ്ട്. ജസ്റ്റിസ് സിരിജഗന്‍ കമ്മിറ്റിക്കാണ് ഇക്കാര്യങ്ങള്‍ പരിശോധിച്ച് നടപടികള്‍ സ്വീകരിക്കുന്നത്.
നഷ്ടപരിഹാരം ലഭിക്കുന്നതിന് ജസ്റ്റിസ് സിരിജഗന്‍ കമ്മിറ്റി, കോര്‍പ്പറേഷന്‍ ബില്‍ഡിംഗ്, പരമാര റോഡ്, നോര്‍ത്ത്, എറണാകുളം എന്ന വിലാസത്തില്‍ അപേക്ഷ നല്‍കണം. ഇതിനൊപ്പം ചികിത്സ, വാഹന റിപ്പയറിംഗ് ചെലവുകളുടെ ബില്ലും ഉണ്ടായിരിക്കണം. തുടര്‍ന്ന് സംഭവം നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്ന് കമ്മിറ്റി വിശദീകരണം തേടും. ശേഷം നഷ്ടപരിഹാരത്തുക നിശ്ചയിച്ച് സുപ്രീം കോടതിയെ അറിയിക്കും. സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരുകള്‍ വഴി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കും.
തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേല്‍ക്കുന്ന ഇരുചക്ര വാഹന യാത്രക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്ന മൂന്നംഗ സമിതിയാണ് ജസ്റ്റിസ് സിരിജഗന്‍ കമ്മിറ്റി. സുപ്രീം കോടതി വിധി പ്രകാരം 2016 സെപ്തംബറില്‍ നിലവില്‍ വന്ന കമ്മിറ്റിയില്‍ ആരോഗ്യ ഡയറക്ടറും നിയമ സെക്രട്ടറിയും ഉള്‍പ്പെട്ടിട്ടുണ്ട്. അതേസമയം വളര്‍ത്തുനായകള്‍ ഈ കമ്മിറ്റിയുടെ പരിഗണനയില്‍ വരില്ല.
അഞ്ചു വര്‍ഷം മുമ്പ് ജൂണ്‍ മാസത്തിലെ ഒരു രാത്രിയില്‍ ബൈക്കിനു വട്ടം ചാടിയ നായ, ഇരിങ്ങാലക്കുട കല്ലേറ്റുംകരയില്‍ പാറക്കല്‍ വീട്ടില്‍ ബിജുവിന്റെ ജീവിതം നരകതുല്യമാക്കി. നട്ടെല്ലിനേറ്റ പരിക്കിനെ തുടര്‍ന്ന് വാച്ച് റിപ്പയറിംഗ് ജോലിക്കാരനായ ബിജുവിന് ചികിത്സപോലും നാട്ടുകാരുടെ തുണയാലാണ് നടന്നിരുന്നത്. 2017ല്‍ ജസ്റ്റിസ് സിരിജഗന്‍ കമ്മിറ്റി 18 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: