ന്യൂദല്‍ഹി: മൂന്നാം കോവിഡ് തരംഗത്തെ നേരിടാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതലയോഗത്തില്‍ നാല് ലക്ഷം ഓക്സിജന്‍ കിടക്കകള്‍ തയ്യാറാക്കാന്‍ തീരുമാനിച്ചു. ഇവയില്‍ മുടക്കം കൂടാതെ ഓക്സിജന്‍ എത്തിക്കാന്‍ രാജ്യത്ത് 1500 പിഎസ്എ ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാനും ധാരണയായി.
ഇന്ത്യയിലുടനീളം കോവിഡ് മൂന്നാം തരംഗത്തിന്റെ ഭാഗമായുള്ള മുന്നൊരുക്കങ്ങളില്‍ ഓക്സിജന്‍ ലഭ്യത ഉറപ്പാക്കലായിരുന്നു വെള്ളിയാഴ്ചത്തെ യോഗത്തിന്റെ പ്രധാന അജണ്ട. പ്രധാനമന്ത്രിയുടെ പ്രത്യേക ദുരിതാശ്വാസനിധിയായ പിഎം കെയേഴ്സില്‍ നിന്നുള്ള ഫണ്ടുപയോഗിച്ചാണ് പുതിയ 1500 പിഎസ്എ ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുക. നാല് ലക്ഷം ഓക്സിജന്‍ കിടക്കകളെ സഹായിക്കാന്‍ പിഎസ്എ ഓക്സിജന്‍ പ്ലാന്റുകള്‍ എത്രയും വേഗം പ്രവര്‍ത്തനക്ഷമമായെന്ന് ഉറപ്പാക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശിച്ചു.
ഓക്സിജന്‍ പ്ലാന്റുകളുടെ പ്രവര്‍ത്തനത്തിനും കൈകാര്യം ചെയ്യലിനും ആവശ്യമായ ആശുപത്രി ജീവനക്കാര്‍ക്ക് പരിശീലനം നല്‍കാനും പ്രധാനമന്ത്രി നിര്‍ദേശിച്ചു. ഓക്സിജന്‍ പ്ലാന്റുകളുടെ പ്രകടനവും പ്രവര്‍ത്തനവും വിലയിരുത്താന്‍ ഇന്റര്‍നെറ്റ് ഓഫ് തിംഗ്സ് പോലുള്ള പുതിയ സാങ്കേതിക വിദ്യ ഉപയോഗിക്കും.
രണ്ടാം കോവിഡ് തരംഗത്തില്‍ രാജ്യത്ത് ഓക്സിജന്‍ ക്ഷാമം കാര്യമായി ബാധിച്ചിരുന്നു. ഇക്കുറി ഇതൊഴിവാക്കാനാണ് കര്‍ശനമായ മുന്നൊരുക്കങ്ങള്‍ നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: