കണ്ണൂര്‍: രാമനാട്ടുകര സ്വര്‍ണക്കൊള്ളക്കേസില്‍ സിപിഎമ്മിനെ വിമര്‍ശിച്ച് സിപിഐ. സിപിഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി സന്തോഷ്കുമാര്‍ പാര്‍ട്ടി പത്രമായ ജനയുഗത്തില്‍ എഴുതിയ ലേഖനത്തിലാണ് സിപിഎമ്മിനെ കടന്നാക്രമിച്ചിരിക്കുന്നത്. ചെഗുവേരയുടെ ചിത്രം കൈയ്യിലും നെഞ്ചിലും പച്ചകുത്തിയും ചെങ്കൊടി പിടിച്ചു സെല്‍ഫി എടുത്തും രാഷ്ട്രീയ എതിരാളികളെ വെട്ടിനുറുക്കിയും അല്ല കമ്മ്യുണിസ്റ്റ് ആകേണ്ടത്. ഈ മിനിമം ബോധം യുവതലമുറയില്‍ എത്തിക്കാന്‍ നിര്‍ഭാഗ്യവശാല്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിഞ്ഞില്ലെന്നും സിപിഎമ്മിനെ ലക്ഷ്യംവെച്ച് ലേഖനത്തില്‍ പരാമര്‍ശിച്ചു.
സമൂഹ്യമാധ്യമങ്ങളില്‍ തങ്ങളുടെ പ്രസ്ഥാനത്തിനു വേണ്ടി സജീവമായി നിലകൊള്ളുന്നവരും കേരളം മുഴുവന്‍ ആരാധകരും ഉള്ളവരാണ് ഈ ക്രിമിനല്‍സംഘങ്ങള്‍ എന്ന് ഓര്‍ക്കണം. ചരിത്രബോധമില്ലാത്ത ഈ പുതുതലമുറ ‘സംഘ’ങ്ങള്‍ക്ക് മുന്‍കാല കമ്മ്യുണിസ്റ്റ് നേതാക്കന്മാരുടെ സമരങ്ങളെക്കുറിച്ചുപോലും വേണ്ടത്ര ധാരണയില്ല എന്നത് ഞെട്ടിപ്പിക്കുന്നതായും സന്തോഷ്കുമാര്‍ വിമര്‍ശിച്ചു.
പാതാളത്താഴ്ചയുള്ള ഇവരുടെ വീരകൃത്യങ്ങളെ ആകാശത്തോളം വാഴ്തിക്കൊണ്ട് തില്ലങ്കേരി സമരത്തിലെ നായകന്മാരുടെ സമരങ്ങളുമായിപ്പോലും താരതമ്യം ചെയ്യാന്‍ ഇവര്‍ക്ക് കഴിയുന്നത്. സേലം രക്ഷസാക്ഷികള്‍ക്ക് ശേഷം തില്ലങ്കേരിയുടെ ചരിത്രപൈതൃകം പ്രശസ്തമാക്കിയ ഉത്തമകമ്മ്യുണിസ്റ്റ് ആയി ക്രിമിനല്‍കേസിലെ പ്രതികളെ അടയാളപ്പെടുത്തുന്ന ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് പോലും ലഭിക്കുന്ന വന്‍സ്വീകാര്യത ഇടതുപക്ഷം വളരെ ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണെന്നും സന്തോഷ്കുമാര്‍ ചൂണ്ടിക്കാണിച്ചു.
രാമനാട്ടുകര വിഷയത്തില്‍ ആദ്യമായാണ് സിപിഐ നേതാവിന്റെ ഭാഗത്ത് നിന്ന് ഇത്തരത്തില്‍ ഒരു പ്രതികരണം ഉണ്ടാകുന്നത്. പാര്‍ട്ടി മുഖപത്രത്തില്‍ തന്നെ പ്രസിദ്ധീകരിച്ച ലേഖനം വിഷയത്തില്‍ സിപിഐ സംസ്ഥാന നേതൃത്വത്തിനുള്ള അമര്‍ഷം പ്രകടിപ്പിക്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: