തിരുവനന്തപുരം: തമിഴ്‌നാട്ടിലെ ബിജെപി അധ്യക്ഷ പദവിയില്‍ നിന്ന് കേന്ദ്ര മന്ത്രി പദവിയിലേക്ക് എല്‍ മുരുകന്‍ എത്തുമ്പോള്‍ കേരളത്തിനും സന്തോഷിക്കാം. കേരളത്തിന്റെ മുക്കും മൂലയും അറിയാവുന്ന നേതാവാണ് അദ്ദേഹം. ദേശീയ പട്ടികജാതി കമ്മീഷന്‍ ഉപാധ്യക്ഷന്‍ എന്ന നിലയില്‍ കേരളത്തിലെ പല സംഭവങ്ങളിലും ഇടപെടുകയും നടപടി എടുക്കുകയും ചെയ്തയാളാണ് മുരുകന്‍. കമ്മീഷന്റെ അധികാരവും പദവിയും എന്താണെന്ന് കാട്ടിക്കൊടുക്കുന്നതില്‍ വിജയിച്ച അഭിഭാഷകന്‍.
തിരുവനന്തപുരത്ത് പട്ടികജാതിയില്‍ പെട്ട രാജേഷ് എന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികളായ സിപിഎമ്മുകാരെ സംരക്ഷിക്കാനുള്ള നീക്കമായിരുന്നു പോലീസിന്റേത്. തിരുവനന്തപുരത്തെത്തിയ മുരുകന്‍, ഡിജിപിയെ വിളിച്ചു വരുത്തി. അടിയന്തരമായി റിപ്പോര്‍ട്ടുമായി ഗസ്റ്റ് ഹൗസിലേക്ക് എത്താനായിരുന്നു നിര്‍ദ്ദേശം. കമ്മീഷന്റെ അധികാരത്തെക്കുറിച്ച് അറിയാവുന്ന ഡിജിപി വിശദീകരണവുമായി ഓടി എത്തി.
തിരുവനന്തപുരം നഗരസഭയില്‍ കൗണ്‍സില്‍ യോഗത്തിനിടെ സംഘര്‍ഷമുണ്ടായതിന്റെ പേരില്‍ ബിജെപി കൗണ്‍സിലര്‍മാര്‍ മര്‍ദ്ദിച്ചെന്ന് ആരോപിച്ച് മേയറായിരുന്ന വി കെ പ്രശാന്ത് ആശുപത്രിയില്‍ കിടന്നു. പരുക്കേറ്റതായി പറഞ്ഞ് ബിജെപി കൗണ്‍സിലര്‍മാര്‍ സ്വകാര്യ ആശുപത്രിയിലും. സത്യത്തില്‍ ഉന്തിനും തള്ളിനും അപ്പുറം ഒന്നും സംഭവിച്ചിരുന്നില്ല. ബിജെപി നേതാക്കള്‍ക്കെതിരെ കേസ്സെടുക്കണം എന്നാവശ്യപ്പെട്ടാണ് മേയര്‍ തലയില്‍ ബാന്‍ഡേജുമായി ആശുപത്രിയില്‍ കിടന്നത്. അറസ്സിനായി കൗണ്‍സില്‍മാര്‍ കഴിയുന്ന ആശുപത്രിയില്‍ പോലീസ് സന്നാഹം ഒരുക്കി. അതില്‍ ഉള്‍പ്പെട്ട ഒരു ബിജെപി കൗണ്‍സിലര്‍ ദലിത് പീഡനമാരോപിച്ച് മേയര്‍ വി.കെ.പ്രശാന്തിനെതിരെ പരാതികൊടുത്തു. ദേശീയ പട്ടികജാതി കമ്മീഷന്‍ ഇടപെട്ടു. ഉപാധ്യക്ഷന്‍ എല്‍ മുരുകന്‍ ഡിജിപിയോട് വിശദീകരണം തേടി. തുടര്‍ന്ന് ദലിത് പീഡന വിരുദ്ധ നിയമപ്രകാരം കേസ് എടുക്കേണ്ടിവന്നു. അറസ്റ്റ് ഭയന്ന് രാത്രിയില്‍ മേയര്‍ പ്രശാന്ത് ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ടു. ഇതു സംബന്ധിച്ച എല്ലാ കേസുകളും പറഞ്ഞ് ധാരണയിലുമായി.
വാളയാര്‍ കേസ് സിബിഐ ഏറ്റെടുത്തതിനു പിന്നിലും മുരുകന്റെ കരങ്ങളുണ്ട്. കേസ് സിബിഐ ക്ക് കൈമാറി പുനരന്വേഷിക്കണമെന്നും കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥന്മാര്‍ക്കെതിരെ നടപടി ഉണ്ടാകണം എന്നും ആവശ്യപ്പെട്ട് പട്ടിക ജാതി മോര്‍ച്ചയും ദേശീയ പട്ടികജാതി കമ്മീഷന് പരാതി നല്‍കി.
തുടര്‍ന്ന് സ്ഥലം സന്ദര്‍ശിച്ച .ഉപാധ്യക്ഷന്‍ എല്‍ മുരുകന്‍, വാളയാര്‍ കേസില്‍ വലിയ വീഴ്ചകളുണ്ടായതായും ആദ്യഘട്ടം മുതല്‍ കേസ് പ്രോസിക്യൂഷനും അന്വേഷണ ഉദ്യോ?ഗസ്ഥരും അട്ടിമറിച്ചെന്നും വ്യക്തമാക്കി. ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും കമ്മീഷന്റെ ദില്ലി ഓഫീസിലെത്താന്‍ ആവശ്യപ്പെട്ടിട്ടാണ് മുരുകന്‍ വാളയാറില്‍ നിന്ന് പോയത്. അധികം താമസിയാതെ സിബിഐ കേസ് അന്വേഷണം ഏറ്റെടുത്തു.
കുറ്റിപ്പുറം ഗ്രാമ പഞ്ചായത്തില്‍പ്പെട്ട പൈങ്കണ്ണൂര്‍ ചെറുകുന്ന്പറമ്പ് എസ്.സി കോളനി നിവാസികള്‍ക്ക് കുടിവെള്ളം നിഷേധിച്ചപ്പോള്‍ എല്‍. മുരുകന്‍ കോളനി സന്ദര്‍ശനം നടത്തി തെളിവെടുത്തു. കോളനിയിലെ 22 കുടുംബങ്ങള്‍ക്കായി 6,000 ലിറ്റര്‍ കുടിവെള്ളം അടിയന്തരമായി ലഭ്യമാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അനുസരിക്കുകയല്ലാതെ മറ്റ് മാര്‍ഗ്ഗമില്ലായിരുന്നു. കുടിവെള്ളം നിഷേധിച്ചത് ‘പൗരത്വ നിയമ’ത്തിന്റെ ‘പേരില്‍’ ആണെന്നത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.
പാലക്കാട് ഗോവിന്ദാപുരം സന്ദര്‍ശിച്ച മരുകന്‍ ജില്ലയില്‍ പട്ടികജാതിക്കാര്‍ക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളുടെ തല്‍സ്ഥിതി സംബന്ധിച്ച് ഗ്രാമവാസികള്‍, പട്ടികജാതി സംഘടനകള്‍, സന്നദ്ധ സംഘടനകള്‍, ജില്ലാ ഭരണകൂടം, പോലീസ് സൂപ്രണ്ട്, വെല്‍ഫയര്‍ ഓഫീസര്‍മാര്‍ തുടങ്ങിയവരുമായി ചര്‍ച്ച നടത്തി. കൊല്ലത്ത് കെയര്‍ ഹോമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ രണ്ട് പെണ്‍കുട്ടികളുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാനും അദ്ദേഹം എത്തിയിരുന്നു.
പട്ടികജാതി മോര്‍ച്ച ദേശീയ സെക്രട്ടറി ആയിരുന്നപ്പോള്‍ കേരളത്തിന്റെ ചുമതല മുരുകനായിരുന്നു. അതുകൊണ്ടുതന്നെ കേരളത്തിലെ കാര്യങ്ങള്‍ സൂക്ഷമമായി അറിയാം. കേരളത്തിലെ പട്ടികജാതി പട്ടിക വര്‍ഗ്ഗ സംഘടനകള്‍ക്ക് പ്രിയപ്പെട്ടവനായിരുന്നു. കെപിഎം എസിന്റെ ഒരു മഹാ സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ അദ്ദേഹത്തെ ക്ഷണിച്ചതും ആ ഇഷ്ടം കൊണ്ടാണ്.
തമിഴക രാഷ്‌ട്രീയത്തിലെ ജാതിസമവാക്യങ്ങള്‍ തിരുത്തിയെഴുതിയാണ് എല്‍. മുരുകന്‍ കേന്ദ്രമന്ത്രിസഭയിലേക്ക് വരുന്നത്. തമിഴ് നാട്ടില്‍ താമരകള്‍ വിരിയിച്ച നേതാവിന് അര്‍ഹിക്കുന്ന പ്രതിഫലം.
ദേശീയ പട്ടിക ജാതി കമ്മീഷന്‍ വൈസ് ചെയര്‍മാനായിരുന്നപ്പോഴാണ് സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് എല്‍ മുരുകനെ ബിജെപി നിയോഗിക്കുന്നത്. എസ്.പി.കൃപാനിധിക്കു ശേഷം ബിജെപി സംസ്ഥാന അധ്യക്ഷനാകുന്ന ദലിത് വിഭാഗത്തില്‍ നിന്നുള്ള ആദ്യത്തെയാള്‍.
1977 ല്‍ കരൂരില്‍ ജനിച്ച മുരുകന്‍ എബിവിപിയിലൂടെയാണു രാഷ്‌ട്രീയ പ്രവര്‍ത്തനം തുടങ്ങിയത്. നിയമത്തില്‍ പിഎച്ച്ഡിയുള്ള മുരുകന്‍ 15 വര്‍ഷം മദ്രാസ് ഹൈക്കോടതിയില്‍ അഭിഭാഷകനായിരുന്നു. ഇതിനിടെ, ഹൈക്കോടതിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ സ്റ്റാന്‍ഡിങ് കോണ്‍സലുമായി.
ദലിത് വിഭാഗത്തിനിടയില്‍ പാര്‍ട്ടിക്കു കൂടുതല്‍ സ്വീകാര്യത ഉണ്ടാക്കാന്‍ മുരുകന് കഴിഞ്ഞിരുന്നു. എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊണ്ട് മികച്ച മുന്നേറ്റമാണ് മുരുകന്റെ നേതൃത്വത്തില്‍ ബിജെപി നടത്തിയത്. പൂജ്യത്തില്‍ നിന്നും നാലു സീറ്റുകള്‍ നേടി കോയമ്പത്തൂരില്‍ നടന്‍ കമല്‍ഹാസനെ ബിജെപി തോല്‍പ്പിക്കുകയും ചെയ്തത് വലിയ വാര്‍ത്ത പ്രധാന്യം നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: