1986 ആഗസ്റ്റ് മാസം മുതല്‍ ഒന്നു രണ്ടു ലക്കങ്ങളിലായി ടൈംസ് ഓഫ് ഇന്ത്യ പത്രത്തില്‍ ഔത്സുക്യം ഉണര്‍ത്തിയ ചില വാര്‍ത്തകള്‍ വന്നിരുന്നു. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കൈവശമുള്ള കേടുപാട് പറ്റിയ രണ്ട് ഹൈന്ദവ ശില്‍പ്പങ്ങളെ പറ്റിയായിരുന്നു ഫോട്ടോകള്‍ ഉള്‍പ്പെടെയുള്ള ആദ്യ വാര്‍ത്ത. കുത്തബ് മിനാറില്‍ അറ്റകുറ്റ പണികള്‍ നടത്തിയപ്പോള്‍ എഎസ്ഐയ്‌ക്ക് കിട്ടിയവയായിരുന്നു ആ ശില്പങ്ങള്‍. കൊത്തുപണിയുള്ള ഭാഗം ഉള്ളിലേക്കാക്കി മിനാറിന്റെ ചുമരില്‍ പതിപ്പിച്ചവയായിരുന്നു ആ ശിലകള്‍. അതിനെ തുടര്‍ന്ന് ഇന്ത്യയിലെ നശിപ്പിക്കപ്പെട്ട പല ക്ഷേത്രങ്ങളെ കുറിച്ചുള്ള വായനക്കാരുടെ കുറിപ്പുകളും ഔറംഗസേബ് തകര്‍ത്ത മഥുരയിലെ ശ്രീകൃഷ്ണക്ഷേത്രം മോചിപ്പിക്കാന്‍ പ്രാദേശികമായി രൂപീകരിയ്‌ക്കപ്പെട്ട ഒരു കൂട്ടായ്മയെ പറ്റിയുള്ള വാര്‍ത്തയും വന്നു.
തുടര്‍ന്ന് റൊമീലാ ഥാപ്പര്‍, ഹര്‍ബന്‍സ് മുഖിയ, ബിപിന്‍ ചന്ദ്ര, എസ് ഗോപാല്‍ എന്നീ പ്രമുഖ മാര്‍ക്‌സിസ്റ്റ് ചരിത്രകാരന്മാരുടെ നേതൃത്വത്തില്‍ ഒരു ഡസന്‍ പ്രൊഫസര്‍മാര്‍ ചേര്‍ന്ന് പത്രത്തിലേക്ക് ഒരു കത്തെഴുതി. ടൈംസ് ഓഫ് ഇന്ത്യയുടെ വാര്‍ത്തകളില്‍ ആയിടെയായി വര്‍ഗ്ഗീയ ചായ്വ് വരുന്നുണ്ടോ എന്ന ആശങ്ക അറിയിക്കുന്നതായിരുന്നു ഒക്ടോബര്‍ 2 ന് പ്രസിദ്ധീകരിച്ച ആ കത്ത്. ഒപ്പം ഔറംഗസേബിന്റെയും മറ്റു മുസ്ലീം രാജാക്കന്മാരുടേയും ക്ഷേത്ര ധ്വംസനങ്ങള്‍ രാഷ്‌ട്രീയ സാമ്പത്തിക കാരണങ്ങള്‍ കൊണ്ടായിരുന്നു എന്ന് വായനക്കാരെ ഓര്‍മ്മിപ്പിക്കാനും അവര്‍ മറന്നില്ല. ഒരുപടി കൂടി കടന്ന് മുസ്ലീങ്ങള്‍ മാത്രമല്ല, ഹിന്ദുക്കളും ബൗദ്ധ-ജൈന-പ്രകൃതി ആരാധനാലയങ്ങളെ തകര്‍ത്തിട്ടുണ്ടെന്ന് പ്രസ്താവിക്കാനും ആ അവസരം അവര്‍ ഉപയോഗിച്ചു. അതെല്ലാം ആധികാരികവും അംഗീകരിയ്‌ക്കപ്പെട്ടതുമായ ചരിത്ര വസ്തുതകള്‍ ആണെന്ന മട്ടിലായിരുന്നു പ്രശസ്തരും ഇന്ത്യയിലെ വലിയ സ്വാധീനമുള്ള അക്കാദമിക പദവികള്‍ വഹിച്ചിരുന്നവരുമായ ആ മാര്‍ക്‌സിസ്റ്റ് പണ്ഡിതര്‍ പറഞ്ഞു വച്ചത്.
അതിന് എണ്ണിയെണ്ണി മറുപടി പറഞ്ഞുകൊണ്ട് അക്കാദമിക രംഗത്ത് അവര്‍ക്കൊപ്പം കിട നില്‍ക്കുന്ന പണ്ഡിതരായ മറ്റു പലരും പത്രത്തിലേക്ക് എഴുതിയെങ്കിലും അവയൊന്നും പ്രസിദ്ധീകരിയ്‌ക്കാന്‍ തയ്യാറായില്ല. അപ്പോഴേയ്‌ക്കും ആദ്യ വാര്‍ത്തയിലെ ഫോട്ടോകള്‍ പ്രസിദ്ധീകരിച്ചതു കൊണ്ട് തങ്ങളുടെ മതേതര പ്രതിച്ഛായയ്‌ക്ക് ഏറ്റ കോട്ടം പരിഹരിയ്‌ക്കാനുള്ള തത്രപ്പാടിലായിരുന്നു പത്രം. സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ അക്കാദമിക രംഗത്ത്, പ്രത്യേകിച്ചും ചരിത്ര ഗവേഷണ അദ്ധ്യാപന രംഗത്ത് അതുവരെ നടന്നു കൊണ്ടിരുന്ന ഒരു കീഴ്വഴക്കത്തിന്റെ കൃത്യമായ മാതൃകയായിരുന്നു അത്. അക്കാദമിക രംഗത്തെ തങ്ങളുടെ സ്വാധീനവും, വിപുലമായ ഇക്കോസിസ്റ്റവും ഉപയോഗിച്ചു കൊണ്ട് മാര്‍ക്‌സിസ്റ്റ് പ്രത്യയശാസ്ത്രത്തിന് ഇണങ്ങുന്ന വിധം ഇന്ത്യാ ചരിത്രത്തെ വളച്ചൊടിയ്‌ക്കുകയും വസ്തുതകള്‍ക്ക് നിരക്കാത്ത വിവരണങ്ങള്‍ ചരിത്ര പുസ്തകങ്ങളില്‍ കുത്തി നിറയ്‌ക്കുകയുമായിരുന്നു അന്നോളം നടന്നിരുന്നത്. മറുവശം പറയാന്‍ പ്രാപ്തിയും പാണ്ഡിത്യവുമുള്ളവര്‍ക്ക് വേദിയോ അവസരമോ കൊടുക്കാതിരിയ്‌ക്കാന്‍ മാദ്ധ്യമങ്ങളും, സര്‍ക്കാറിന്റെ ഔദ്യോഗിക സംവിധാനവും പ്രത്യേകം ശ്രദ്ധിച്ചു.
അങ്ങനെ പല മുന്‍ വിധികളും ചോദ്യം ചെയ്യപ്പെടാതെ ഇന്ത്യന്‍ സമൂഹത്തിനു മേല്‍ അടിച്ചേല്‍പ്പിയ്‌ക്കുന്നതില്‍ അവര്‍ വിജയിച്ചു. നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന നിരന്തര ആക്രമണങ്ങളിലൂടെ ഭാരതത്തില്‍ ബുദ്ധ-ജൈന മതങ്ങളുടെ അടിവേരറുത്തത് ഇസ്ലാമിക അധിനിവേശമാണെന്ന് ചരിത്രം പറയുന്നു. എന്നാല്‍ യാതൊരു വസ്തുതകളുടെയും പിന്‍ബലമില്ലാത്ത ആരോപണങ്ങള്‍ വച്ചു കെട്ടി ഭൂരിപക്ഷ സമൂഹത്തിന്റെ മനസ്സില്‍ കുറ്റബോധം വളര്‍ത്താനും, വിവിധ വിഭാഗങ്ങള്‍ തമ്മില്‍ ഭിന്നിപ്പ് വളര്‍ത്താനും കൂടി മാര്‍ക്സിസ്റ്റ് ചരിത്രകാരന്മാര്‍ അവര്‍ക്ക് കിട്ടിയ അവസരം ഉപയോഗിച്ചു. അതിന് ഉത്തമ ഉദാഹരണമായിരുന്നു ബൗദ്ധ-ജൈന-പ്രകൃതി ആരാധനാലയങ്ങള്‍ ഹിന്ദുക്കളും തകര്‍ത്തിട്ടുണ്ട് എന്ന ഗുരുതരമായ ആരോപണം. വൈ സി റോസ്സര്‍ എന്ന അമേരിക്കന്‍ ഗവേഷക പില്‍ക്കാലത്ത് ഈ നുണ പ്രചാരണത്തിന്റെ ഉപജ്ഞാതാക്കളായ റോമീല ഥാപ്പറേയും ഹര്‍ബന്‍സ് മുഖിയയേയും തൊലിയുരിച്ച് കാണിയ്‌ക്കുകയുണ്ടായി.
‘ഹിന്ദു ക്ഷേത്രങ്ങള്‍: അവയ്‌ക്ക് സംഭവിച്ചതെന്ത്’ (Hindu Temples: What Happened to Them) എന്ന തന്റെ പ്രസിദ്ധമായ പുസ്തകത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്യുകയാണ് സീതാറാം ഗോയല്‍. ഇംഗ്ലീഷ് പുസ്തകത്തില്‍ നിന്നുള്ള പ്രസ്തുത ഭാഗത്തിന്റെ പരിഭാഷ ഇവിടെ വായിയ്‌ക്കാം.
കഴിഞ്ഞ ആയിരം വര്‍ഷങ്ങള്‍ക്കിടയ്‌ക്ക് മുസ്ലീങ്ങള്‍ തന്നെ എഴുതിയിട്ടുള്ള എണ്‍പത് ചരിത്രങ്ങള്‍ നാം ഇവിടെ ഉദ്ധരിച്ചിട്ടുണ്ട്. അതുപോലെ ചരിത്രകാരന്മാര്‍ പറയുന്നതിന് അടിവരയിടുന്ന നിരവധി ഇസ്ലാമിക ലിഖിതങ്ങളും ഉദ്ധരിച്ചിട്ടുണ്ട്. എപ്രകാരമാണ് ഒരു വലിയ ഭൂപ്രദേശത്ത് വലിയൊരു കാലത്തേക്ക് ഹിന്ദുക്ഷേത്രങ്ങള്‍ നശിപ്പിയ്‌ക്കപ്പെട്ടു കൊണ്ടേയിരുന്നത് എന്ന് ഇവയെല്ലാം കാണിച്ചു തരുന്നു. നമ്മള്‍ അവയിലൊന്നും സംശോധകരുടെ ഒരു തരത്തിലുള്ള അഭിപ്രായങ്ങളും ചേര്‍ത്തിട്ടില്ല. നടന്ന സംഭവങ്ങള്‍ക്ക് വര്‍ഗ്ഗീയ നിറം കൊടുക്കാനും ശ്രമിച്ചിട്ടില്ല. മുസ്ലീം ചരിത്രകാരന്മാര്‍ ഉപയോഗിച്ച ഭാഷ തന്നെയാണ് അതേപോലെ പകര്‍ത്തിയിരിയ്‌ക്കുന്നത്. നമ്മള്‍ മുന്നോട്ടു വച്ച ഈ തെളിവുകളൊക്കെ ചില വര്‍ഷങ്ങളുടെ വെറുമൊരു ലിസ്റ്റ് മാത്രമാണെന്ന് പറഞ്ഞ് ഈ പ്രൊഫസര്‍മാര്‍ തള്ളിക്കളയുമോ എന്ന് ഞാന്‍ അതിശയിയ്‌ക്കുന്നു. മുസ്ലീം വിവരണങ്ങളില്‍ തന്നെ പറഞ്ഞിരിയ്‌ക്കുന്ന ഈ ഹിന്ദുക്ഷേത്ര ധ്വംസനങ്ങളുടെയെല്ലാം പിന്നില്‍ മതപരമല്ലാത്ത, രാഷ്‌ട്രീയ-സാമ്പത്തിക പ്രചോദനങ്ങള്‍ ആണ് കാരണം എന്ന് ഈ പ്രൊഫസര്‍മാര്‍ സിദ്ധാന്തിയ്‌ക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിയ്‌ക്കുന്നത്.
എന്നാല്‍ ഞങ്ങളുടെ നിലപാടില്‍ ഞങ്ങള്‍ ഉറച്ചു നില്‍ക്കുന്നു. ഹിന്ദു ആരാധനാലയങ്ങളുടെ നേരെ മുസ്ലീം അധിനിവേശകരും ഭരണാധികാരികളും ചെയ്തവയുടെയെല്ലാം പിന്നിലുള്ള പ്രചോദനം ഇസ്ലാമിക മതദര്‍ശനം തന്നെയാണ്. അതു മാത്രമാണ് ആ പ്രവൃത്തികള്‍ക്കുള്ള ഒരേയൊരു ഋജുവും തൃപ്തികരവുമായ വിശദീകരണം. ആ മതദര്‍ശനത്തിന്റെ എല്ലാ വസ്തുതകളും, അത് എങ്ങനെ ഈ രൂപം പ്രാപിച്ചു എന്നതിന്റെ ചരിത്രവും നമ്മള്‍ ഇവിടെ കൊടുത്തിട്ടുണ്ട്. ഈ പ്രൊഫസര്‍മാര്‍ മുന്നോട്ടു വന്ന് ഈ മതദര്‍ശനത്തിന്റെ അര്‍ത്ഥവും സ്വഭാവവും സംബന്ധിച്ചുള്ള തങ്ങളുടെ അഭിപ്രായം വിശദീകരിച്ചാല്‍ നന്നായിരിയ്‌ക്കും. യഥാര്‍ത്ഥത്തില്‍ ഇതിനെ കുറിച്ചുള്ള ഒരു മാര്‍ക്‌സിയന്‍ വിശദീകരണം ഞങ്ങള്‍ പ്രതീക്ഷിയ്‌ക്കുകയാണ്. ഈ മതദര്‍ശനം രൂപപ്പെടുന്നതിന് കാരണമായ അക്കാലത്തെ അറേബ്യയിലെ ഭൗതിക സാഹചര്യങ്ങളും ചരിത്ര ശക്തികളും എന്തൊക്കെയായിരുന്നു ?
അടുത്തതായി ടൈംസ് ഓഫ് ഇന്ത്യയില്‍ എഴുതിയ കത്തില്‍ ഈ പ്രൊഫസര്‍മാര്‍ ഉന്നയിച്ച രണ്ടാമത്തെ വിഷയം നമുക്ക് നോക്കാം. അവര്‍ പറഞ്ഞത് അസഹിഷ്ണുതാ പരമായ പ്രവൃത്തികള്‍ എല്ലാ മതക്കാരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട് എന്നാണ്. എന്താണ് അവര്‍ അതിലൂടെ ഉദ്ദേശിച്ചത് എന്ന് അടുത്ത വാചകം വ്യക്തമാക്കുന്നു.
അത് ഹിന്ദുക്കള്‍ തകര്‍ത്ത ബൗദ്ധ-ജൈന-പ്രകൃതി ആരാധനാലയങ്ങള്‍ ആണ്.
നമ്മള്‍ നേരത്തേ പറഞ്ഞതു പോലെ ബുദ്ധന്മാരെയും, ജൈനന്മാരെയും പ്രകൃതി ഉപാസകരേയും ഹിന്ദുക്കളില്‍ നിന്ന് വ്യതിരിക്തമായി കാണുന്ന അവരുടെ വീക്ഷണം നമ്മള്‍ പങ്ക് വയ്‌ക്കുന്നില്ല. എന്നാല്‍ ഈ ചര്‍ച്ചയ്‌ക്കു വേണ്ടി നമ്മള്‍ അവരുടെ സമീപനത്തെ സ്വീകരിയ്‌ക്കുന്നു. എന്നിട്ട് താഴെ പറയുന്നവ ഹാജരാക്കാന്‍ ആവശ്യപ്പെടുന്നു.
1. ഹിന്ദുക്കളാല്‍ ഏതെങ്കിലും കാലത്ത് തകര്‍ക്കപ്പെട്ട ബൗദ്ധ – ജൈന – പ്രകൃതി ആരാധനാലയങ്ങളുടെ പട്ടിക രേഖപ്പെടുത്തിയിരിയ്‌ക്കുന്ന ലിഖിതങ്ങള്‍.
2. ഏതെങ്കിലും കാലത്ത് ഹിന്ദുക്കളാല്‍ തകര്‍ക്കപ്പെട്ട ബൗദ്ധ – ജൈന – പ്രകൃതി ആരാധനാലയങ്ങളുടെ നശീകരണം വിവരിച്ചിരിയ്‌ക്കുന്ന ഹിന്ദു സാഹിത്യത്തില്‍ നിന്നുള്ള ഉദ്ധരണികള്‍.
3. അഹിന്ദു ആരാധനാലയങ്ങള്‍ നശിപ്പിയ്‌ക്കുകയോ അശുദ്ധമാക്കുകയോ കൊള്ളയടിയ്‌ക്കുകയോ ചെയ്യണമെന്ന് നിര്‍ദ്ദേശിയ്‌ക്കുന്ന, അല്ലെങ്കില്‍ അങ്ങനെ ചെയ്യുന്നത് മഹത്തരമാണ് എന്ന് വാഴ്‌ത്തുന്ന ഹിന്ദു മതദര്‍ശനങ്ങള്‍.
4. ഏതെങ്കിലും ബൗദ്ധ – ജൈന – പ്രകൃതി ആരാധനാലയങ്ങളെ തകര്‍ക്കുകയോ കൊള്ളയടിയ്‌ക്കുകയോ അശുദ്ധമാക്കുകയോ ചെയ്തതിന്റെ പേരില്‍ ഹിന്ദുക്കളാല്‍ വീരനായകന്മാരായി വാഴ്‌ത്തപ്പെട്ട രാജാക്കന്മാരുടെയോ, സേനാ നായകന്മാരുടെയോ പട്ടിക.
5. സമീപ കാലത്തോ മുമ്പോ തകര്‍ക്കപ്പെടുകയോ കൊള്ളയടിയ്‌ക്കപ്പെടുകയോ അശുദ്ധമാക്കപ്പെടുകയോ ചെയ്ത ബൗദ്ധ – ജൈന – പ്രകൃതി ആരാധനാലയങ്ങളുടെ പട്ടിക.
6. മുമ്പ് ബൗദ്ധ – ജൈന – പ്രകൃതി ആരാധനാലയങ്ങള്‍ നിലനിന്നിരുന്ന സ്ഥലങ്ങളില്‍ ഇപ്പോള്‍ നില്‍ക്കുന്ന ഹൈന്ദവ ആരാധാനാലയങ്ങളുടെ വിവരങ്ങള്‍. അല്ലെങ്കില്‍ അത്തരം മുന്‍ ആരാധനാലയങ്ങളുടെ സാമഗ്രികള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ഹിന്ദു ക്ഷേത്രങ്ങളെ പറ്റിയുള്ള വിവരങ്ങള്‍.
7. തങ്ങളുടെ ആരാധനാലയങ്ങള്‍ കൈയ്യേറി നിര്‍മ്മിച്ചവയാണ് ഈ ഹിന്ദു ക്ഷേത്രങ്ങള്‍ എന്നും, അവയുടെ ശരിയായ ഉടമസ്ഥര്‍ക്ക് അവ കൈമാറണമെന്നും ആവശ്യപ്പെടുന്ന ബൗദ്ധ – ജൈന – പ്രകൃതി നേതാക്കളുടെ പേരുകള്‍.
8. തങ്ങളുടെ ആരാധനാലയങ്ങള്‍ പുന:സ്ഥാപിച്ചു തരണം എന്നാവശ്യപ്പെട്ട ബൗദ്ധ – ജൈന – പ്രകൃതി ആരാധകരെ എതിര്‍ത്ത, അല്ലെങ്കില്‍ തല്‍സ്ഥിതി തുടരാന്‍ നിയമനിര്‍മ്മാണം നടത്തണം എന്നാവശ്യപ്പെട്ട, അല്ലെങ്കില്‍ ഹിന്ദുമതം അപകടത്തില്‍ എന്ന് നിലവിളിച്ച, അല്ലെങ്കില്‍ അത്തരം കൈയ്യേറ്റങ്ങളെ പിന്തുണച്ചു കൊണ്ട് തെരുവ് ലഹളകള്‍ നടത്തിയ ഹിന്ദു നേതാക്കളുടെ പേരുകള്‍.
ഇതുപോലുള്ള ശക്തമായ തെളിവുകള്‍ കൊണ്ട് മാത്രമേ മതസ്ഥാപനങ്ങള്‍ പുന:സ്ഥാപിയ്‌ക്കുന്നതിന്റെ പരിധി നിര്‍ണ്ണയിയ്‌ക്കാന്‍ കഴിയൂ എന്നാണ് നാം കരുതുന്നത്. ഇതല്ലാതെ വേറൊരു വഴിയും ഇല്ല. അല്ലാതെ രേഖകളുടെ അഭാവത്തില്‍ തലമുറകളെ ഒന്നടങ്കം പഴിചാരുന്നത് വസ്തുതകള്‍ക്ക് പകരമാവില്ല. ഹിന്ദു വര്‍ഗ്ഗീയത, പ്രതിക്രിയാത്മക പുനരുത്ഥാനം തുടങ്ങിയ വാചാടോപങ്ങളില്‍ അഭയം തേടാന്‍ പ്രൊഫസര്‍മാര്‍ തയ്യാറാവില്ല എന്ന് നമ്മള്‍ പ്രത്യാശിയ്‌ക്കുന്നു. അത്തരം വാക് പ്രയോഗങ്ങള്‍ ഒരു പരിഹാരവും കൊണ്ടു വരില്ല. എന്തായാലും അത്തരം വാചാടോപങ്ങള്‍ക്ക് വിലയുണ്ടായിരുന്ന കാലം കഴിഞ്ഞു. അതേരീതിയില്‍ തിരിച്ചടിയ്‌ക്കാനായി മറുഭാഗത്തേയും ക്ഷണിയ്‌ക്കുന്നതു കൊണ്ട് യാതൊരു പ്രയോജനവുമില്ല.
നമ്മള്‍ മുന്നോട്ടു വച്ച ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ തരുന്നതില്‍ പരാജയപ്പെട്ടാല്‍, അല്ലെങ്കില്‍ അവരുടെ സ്വന്തം പ്രസ്താവനകളെ പിന്തുണയ്‌ക്കുന്ന തെളിവുകള്‍ ഹാജരാക്കുന്നതില്‍ പരാജയപ്പെട്ടാല്‍, അവര്‍ ഗൗരവം അര്‍ഹിയ്‌ക്കുന്ന അക്കാദമിക പണ്ഡിതന്മാര്‍ അല്ല, മറിച്ച് പാര്‍ട്ടി ലൈനില്‍ പണിയെടുക്കുന്ന സ്വാര്‍ത്ഥമോഹികളായ രാഷ്‌ട്രീയക്കാര്‍ മാത്രമാണെന്ന് കരുതാന്‍ നമ്മള്‍ നിര്‍ബന്ധിതരായി തീരും. യഥാര്‍ത്ഥത്തില്‍ അവര്‍ മാര്‍ക്‌സിസ്റ്റുകള്‍ അല്ല മറിച്ച് സ്റ്റാലിനിസ്റ്റുകള്‍ ആണെന്ന നമ്മുടെ നിലപാട് സാധൂകരിയ്‌ക്കപ്പെടുകയാവും ചെയ്യുക. സ്ഥിരതയുള്ള വിശകലനങ്ങള്‍ തരുന്ന ഗൗരവമുള്ള ചിന്താപഥമാണ് മാര്‍ക്‌സിസം. മറിച്ച് ഒരു പ്രത്യേക ലക്ഷ്യത്തിനു വേണ്ടി വസ്തുതകളെ മറച്ചുവയ്‌ക്കലും അസത്യത്തെ പ്രചരിപ്പിക്കലുമാണ് സ്റ്റാലിനിസം. മാദ്ധ്യമങ്ങളിലും, അക്കാദമിക തലത്തിലും, രാഷ്‌ട്രീയ വേദികളിലും നടന്നു കൊണ്ടിരിയ്‌ക്കുന്ന, ബൗദ്ധ – ജൈന – പ്രകൃതി ആരാധകര്‍ക്കെതിരെയുള്ള ഹിന്ദു അസഹിഷ്ണുത എന്ന വലിയ വായിലെ ചര്‍ച്ച ഹിന്ദു പണ്ഡിതന്മാരും, ഹൈന്ദവ സംഘടനകളും ഇതുവരെ അവഗണിയ്‌ക്കുകയായിരുന്നു. ഹിന്ദുധര്‍മ്മത്തിന് ഇതുകാരണം വലിയ പരിക്ക് എറ്റിട്ടുണ്ട്. ഈ പ്രചരണത്തെ എതിരിട്ട് പരാജയപ്പെടുത്തുക തന്നെ വേണം. അല്ലെങ്കില്‍ ഇനിയും കൂടുതല്‍ പരിക്കേല്‍ക്കാനിടയുണ്ട്.
ഈ സംസാരം എത്രമാത്രം നിരുത്തരവാദപരമാകാം എന്നതിന് ഒരു ഉദാഹരണം പറയാം.
മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ കുറിച്ച് 1990 ഒക്ടോബറില്‍ ഗാന്ധി പീസ് ഫൗണ്ടേഷനില്‍ വച്ചു നടന്ന ഒരു സെമിനറില്‍ ഞാന്‍ പങ്കെടുക്കുകയുണ്ടായി. റിപ്പോര്‍ട്ടിനെ അനുകൂലിച്ച് സംസാരിച്ച വ്യക്തികളില്‍ ഒരാള്‍ ശ്രീ ഹുക്കം ദേവ് നാരായണ്‍ സിംഗ് യാദവ് ആയിരുന്നു. അക്കാലത്ത് അദ്ദേഹം ജനതാദള്‍ എം പിയായിരുന്നു. പില്‍ക്കാലത്ത് ചന്ദ്രശേഖര്‍ മന്ത്രിസഭയില്‍ മന്ത്രിയുമായി.
ബ്രാഹ്മണ സ്വേച്ഛാധിപത്യത്തെ കുറിച്ച് പറയുമ്പോള്‍ ബുദ്ധ സന്യാസി വിഹാരങ്ങളില്‍ ഭിക്ഷുക്കളുടെ രക്തം പുഴകളായി ഒഴുകിയ കാലഘട്ടത്തെ കുറിച്ചൊക്കെ അദ്ദേഹം പറഞ്ഞു. (ജബ് ബൗദ്ധ വിഹാരോന്‍ മേന്‍ ബൗദ്ധ ഭിക്ഷുവോം കേ രക്ത കീ നദിയാന്‍ ബഹായി ഗയീ ഥീ). അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ ഒടുവില്‍ ഞാനും അദ്ദേഹവും തമ്മില്‍ താഴെ പറയുന്ന സംഭാഷണം ഉണ്ടായി
ഞാന്‍: ദയവായി അങ്ങു പറഞ്ഞ സംഭവം ഏത് വിഹാരത്തിലാണ് ഏത് കാലത്താണ് നടന്നത് എന്നൊന്ന് പറയാമോ ?
ഹുക്കം ദേവ്: എനിക്ക് അതറിയാമെന്ന് ഞാന്‍ നടിയ്‌ക്കില്ല. ഒരുപക്ഷേ ആരെങ്കിലും പറഞ്ഞ് ഞാന്‍ കേട്ടതോ അല്ലെങ്കില്‍ എവിടെയെങ്കിലും വായിച്ചതോ ആയിരിയ്‌ക്കണം.
ഞാന്‍: അങ്ങേയ്‌ക്ക് ആറു മാസം സമയം തരാം. ഹിന്ദുക്കള്‍ ബുദ്ധ സന്യാസിമാരെ കൊന്നതിന്റെ ഒരു സംഭവം കണ്ടെത്തി തെളിവ് തരാമോ ? ഞാന്‍ ഒരേയൊരെണ്ണം മാത്രമാണ് ആവശ്യപ്പെടുന്നത്, രണ്ടെണ്ണം വേണ്ട.
ഹുക്കം ദേവ്: ഞാന്‍ ശ്രമിയ്‌ക്കാം
ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും നല്ല മനുഷ്യരില്‍ ഒരാളായിട്ടാണ് അദ്ദേഹത്തെ പറ്റി എനിക്ക് തോന്നിയത്. അദ്ദേഹം പറയുന്ന എന്തിലും ആത്മാര്‍ഥതയുടെ സ്വരം ഉണ്ടായിരുന്നു. തന്റെ വീക്ഷണം അവതരിപ്പിയ്‌ക്കുന്നതില്‍ അദ്ദേഹം കാണിച്ച വിനയം ശ്ലാഘനീയമായിരുന്നു. അദ്ദേഹം എന്റെ ചോദ്യം ഓര്‍മ്മിച്ചു വയ്‌ക്കുമെന്നും ഉത്തരം തരുമെന്നും ഞാന്‍ പ്രതീക്ഷിച്ചു. രാജ്യത്തെ പൊതുജീവിതത്തില്‍ ഉയര്‍ന്ന ഒരു സ്ഥാനം അലങ്കരിയ്‌ക്കുന്ന പ്രഗത്ഭനായ ആ രാഷ്‌ട്രീയക്കാരനില്‍ നിന്ന് അക്കാര്യത്തെ പറ്റി പിന്നീട് ഒരു വാക്ക് പോലും കേട്ടില്ല.
ഞാന്‍ ആവശ്യപ്പെട്ട തെളിവ് നിലവിലില്ലെന്ന് എനിക്കറിയാം. ഹിന്ദുക്കളെ അധിക്ഷേപിയ്‌ക്കുന്നവര്‍ പറഞ്ഞു പരത്തുന്ന വലിയൊരു നുണയാണത്. ഹിന്ദുക്കള്‍ ചെയ്തു എന്ന് അവര്‍ ആരോപിക്കുന്ന ഇക്കാര്യം ഒരിയ്‌ക്കലും ചെയ്തിട്ടില്ല. ഞാനിത് ഇവിടെ പറയുന്നതിനുള്ള ഒരേയൊരു കാരണം, കൃത്യ സമയത്ത് ചോദ്യം ചെയ്യപ്പെടാതെ വിടുന്ന കുപ്രചാരണങ്ങളില്‍ സത്യസന്ധരായ മനുഷ്യര്‍ പോലും വീണു പോയേക്കാം എന്ന് ചൂണ്ടിക്കാണിയ്‌ക്കാനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: