തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാര്‍ ചരിത്രപരമായ മണ്ടത്തരമാണെന്ന വിലയിരുത്തലുമായി രാഷ്‌ട്രീയനിരീക്ഷകനും എഴുത്തുകാരനുമായ സിവിക് ചന്ദ്രന്‍. ആധുനിക കേരളചരിത്രത്തില്‍ പാഴാക്കേണ്ടി വരുന്ന അഞ്ചു വര്‍ഷമാണ് ഈ ഭരണത്തിന്‍ കീഴില്‍ മലയാളി ഇനി ജീവിക്കാന്‍ പോകുന്നതമെന്നും അദ്ദേഹം പറഞ്ഞു.
ഒരു പ്രമുഖ ദിനപത്രത്തിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തിലാണ് സിവിക് ചന്ദ്രന്‍ പിണറായി സര്‍ക്കാരിനെ നിശിതമായി വിമര്‍ശിക്കുന്നത്. അടിയന്തരാവസ്ഥ കഴിഞ്ഞ അതേ സര്‍ക്കാരിനെ തന്നെ വീണ്ടും തിരഞ്ഞെടുത്തതുപോലെയുള്ള ഒരു തെറ്റാണ് കേരള ജനത ചെയ്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഒരു രാജാവും 20 മന്ത്രിമാരും എന്ന അവസ്ഥയാണിപ്പോള്‍ കേരളത്തില്‍ ഉള്ളത്. കേരളം രാജഭരണ രീതിയിലേക്കോ പ്രസിഡന്‍ഷ്യല്‍ ഭരണക്രമത്തിലേക്കൊ നീങ്ങുകയാണ്. പിണറായി സര്‍ക്കാരിനെ വീണ്ടും അധികാരത്തിലെത്തിച്ച കേരളത്തിലെ ജനങ്ങളുടെ രാഷ്‌ട്രീയ പ്രബുദ്ധതയെക്കുറിച്ച് സംശയം ഉയരുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കൂറുമാറുന്ന ഗുണ്ടകളെ സംരക്ഷിക്കുകയെന്ന അജന്‍ഡ എല്ലാ കാലവും രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് ഉണ്ടായിരുന്നു. ഇത്തരത്തില്‍ ക്രിമിനല്‍ ബന്ധമുള്ളവര്‍ മുന്‍പ് പിന്‍സീറ്റിലായിരുന്നെങ്കില്‍ ഇപ്പോള്‍ മുന്‍സീറ്റിലാണവര്‍. പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറിയായപ്പോള്‍ മുതല്‍ തുടങ്ങിയ പ്രക്രിയയാണിതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
ഡിവൈഎഫ് ഐക്കാര്‍ക്കോ എസ് എഫ് ഐക്കാര്‍ക്കോ ആകെ ചെയ്യാന്‍ കഴിയുന്നത് ന്യായീകരണത്തൊഴിലാളികളാവുക എന്നത് മാത്രമാണ്. വേറൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ സൈബര്‍ ഗുണ്ടാപ്പണി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അകത്തോ പുറത്തോ പ്രതിഭാശാലികളായ വിമര്‍ശകരില്ല. മറിച്ച് രണ്ട് തരം ഗുണ്ടകളാണ് ഉള്ളത്- ഓണ്‍ലൈന്‍ ഗുണ്ടകളും ഓഫ് ലൈന്‍ ഗുണ്ടകളും.- സിവിക് പറഞ്ഞു.
പൊതുമരാമത്തും ടൂറിസവും ഉള്‍പ്പെടെയുള്ള സുപ്രധാന വകുപ്പുകള്‍ മുഹമ്മദ് റിയാസിന് നല്‍കിയ നടപടിയെയും സിവിക് ചന്ദ്രന്‍ ചോദ്യം ചെയ്യുന്നു. ആദ്യമായി മന്ത്രിയാകുന്ന ഒരാള്‍ക്ക് എങ്ങിനെയാണ് ഇത്രയും പ്രധാനപ്പെട്ട വകുപ്പുകള്‍ നല്‍കുന്നത്? കഴിഞ്ഞ മന്ത്രിസഭയില്‍ തോമസ് ഐസക്കിനെയും ജി. സുധാകരനെയും പോലുള്ള വ്യക്തിത്വമുള്ളവര്‍ ഉണ്ടായിരുന്നു.- സിവിക് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: