ന്യൂദല്‍ഹി: കേന്ദ്രത്തില്‍ ആദ്യമായി രൂപീകരിച്ച സഹകരണ വകുപ്പിന്റെ ചുമതല കൂടി ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കു നല്കിയപ്പോള് കേരളത്തിലെ സഹകരണ മേഖലയിലെ അഴിമതികള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ കേരളത്തിലെ ബിജെപി ഘടകം രംഗത്ത്. കഴിഞ്ഞ ദിവസം നടത്തിയ കേന്ദ്ര മന്ത്രിസഭാ പുന:സംഘടനയിലാണ് അമിത് ഷായ്ക്ക് സഹകരണ വകുപ്പ് കൂടി നല്‍കിയത്.
കേന്ദ്രം ചൊവ്വാഴ്ചയാണ് സഹകരണമന്ത്രാലയം രൂപികരിച്ചത്, സഹകരണ പ്രസ്ഥാനം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പ്രത്യേക ഭരണ, നിയമ,നയരേഖ ഈ മന്ത്രാലയത്തിനുണ്ടാകും.ഇതോടെ രാജ്യത്തെ ആദ്യത്തെ സഹകരണമന്ത്രിയായി അമിത് ഷാ മാറി. ഇതോടെ, കേരളത്തില്‍ സഹകരണ മേഖലയില്‍ വന്‍ക്രമക്കേടുകള്‍ നടത്തുന്നെന്ന് ആരോപണമുയര്‍ന്ന് സിപിഎമ്മിന് നെഞ്ചിടിപ്പ് ഏറി. സംസ്ഥാനങ്ങളിലെ സഹകരണ മേഖലയുമായി ബന്ധപ്പെട്ട് ഉയരുന്ന അഴിമതി ആരോപണങ്ങള്‍ കണ്ടെത്താന്‍ കേന്ദ്ര സഹകരണ വകുപ്പിനു കീഴില്‍ പ്രത്യേക സംവിധാനം നിലവില്‍ വരുമെന്നാണ് റിപ്പോര്‍ട്ട്. വകുപ്പിന്റെ നയരേഖ ഉടന്‍ പുറത്തിറങ്ങും.
അതേസമയം, കേന്ദ്ര സഹകരണ വകുപ്പ് രൂപീകരണത്തിനെതിരേ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്തെത്തി. സഹകരണ മന്ത്രാലയം രൂപീകരിക്കുന്ന കേന്ദ്രം ഫെഡറല്‍ സംവിധാനത്തെ ലംഘിക്കുന്നതാണെന്ന് സീതാറാം യെച്ചൂരി ട്വീറ്റ് ചെയ്തു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 7 സഹകരണ സംഘങ്ങളെ സംസ്ഥാന അധികാരത്തിന് കീഴിലാക്കുന്നതാണ്. സഹകരണ ബാങ്കുകളെ കൊള്ളയടിച്ച് ബിസിനസ്സ് കോര്‍പ്പറേറ്റുകള്‍ക്ക് വന്‍തോതില്‍ വായ്പ നല്കിയ ശേഷം കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ സഹകരണ സംഘങ്ങളില്‍ വന്‍തോതില്‍ നിക്ഷേപം നടത്താന്‍ കോര്‍പ്പറേറ്റുകള്‍ക്ക് കളമൊരുക്കുകയാണെന്നാണ് യെച്ചൂരിയുടെ വിമര്‍ശനം.
അതേസമയം, കേന്ദ്ര സഹകരണ വകുപ്പ് നിലവില്‍ വന്നതോടെ കേരള ബാങ്ക് നിയമനങ്ങളില്‍ അടക്കമുള്ള ക്രമക്കേടുകളില്‍ പരാതി നല്‍കുമെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് ജി. വാര്യര്‍ വ്യക്തമാക്കി.
പോസ്റ്റിന്റെ പൂര്‍ണരൂപം-
കേന്ദ്രത്തിൽ ആദ്യമായി രൂപീകരിച്ച സഹകരണ വകുപ്പ് മന്ത്രിയായി അമിത് ഷാ ചുമതലയേൽക്കുമ്പോൾ വലിയ പ്രതീക്ഷയാണ് അതു നൽകുന്നത്. സഹകരണത്തിലൂടെ സമൃദ്ധി എന്ന മോദി സർക്കാരിന്റെ നയം നടപ്പിലാക്കുന്നതാണ് അമിത് ഷായിൽ അർപ്പിതമായിട്ടുള്ള ദൗത്യം .
രാജ്യത്തെ ഏറ്റവും മികച്ച സഹകാരികളിൽ ഒരാൾ തന്നെയായ അമിത് ഷായ്ക്ക് സഹകരണ മേഖലയിൽ വലിയ അനുഭവ സമ്പത്താണുള്ളത്. അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്ക് ചെയർമാൻ എന്ന പ്രവർത്തന പരിചയവും ഗുജറാത്തിലെ സഹകരണ മേഖലയിൽ നടത്തിയ ഇടപെടലുകളും അമിത് ഷായ്ക്ക് മുതൽക്കൂട്ടാണ് .
അമിത് ഷാ സഹകരണ മേഖലയിലേക്ക് ശ്രദ്ധിക്കുമ്പോൾ നെഞ്ചിടിക്കുന്നത് കേരളത്തിലെ സഹകരണ മേഖലയെ അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും കൂത്തരങ്ങാക്കി മാറ്റിയ ഇടത് വലത് മുന്നണികൾക്കാവും.
കേരള ബാങ്കുമായി ബന്ധപ്പെട്ട് നിയമനങ്ങളിലടക്കം നടക്കുന്ന ക്രമക്കേടുകൾക്കെതിരെ സഹകരണ മന്ത്രി അമിത് ഷായ്ക്ക് പരാതി നൽകുകയാണ് . വിശദാംശങ്ങൾ പുറകേ നൽകുന്നതാണ് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: