ലണ്ടന്‍: ലോക ഒന്നാം നമ്പര്‍ നൊവാക് ദ്യോക്കോവിച്ച് വിംബിള്‍ഡണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമിഫൈനലില്‍ പ്രവേശിച്ചു. സെര്‍ബിയന്‍ താരമായ ദ്യേക്കോ ക്വാര്‍ട്ടറില്‍ ഹങ്കറിയുടെ മാര്‍ട്ടണ്‍ ഫുക്‌സോവിക്‌സിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. സ്‌കോര്‍: 6-3, 6-4, 6-4.
പത്താം സീഡായ ഡെനിസ് ഷാപോലോവും സെമിയില്‍ കടന്നു. കനേഡിയന്‍ താരമായ ഷാപോലോവ് അഞ്ചു സെറ്റ് നീണ്ട ആവേശപ്പോരാട്ടത്തില്‍ റഷ്യയുടെ ഇരുപത്തിയഞ്ചാം സീഡായ കാരേന്‍ ഖചനോവിനെ തോല്‍പ്പിച്ചു. സ്‌കോര്‍: 6-4, 3-6, 5-7,6-1, 6-4. വനിതാ സെമിഫൈനല്‍ മത്സരങ്ങള്‍ ഇന്ന് നടക്കും. ആദ്യ സെമിയില്‍ ഒന്നാം സീഡ് ആഷ്‌ലി ബാര്‍ട്ടി ഇരുപത്തിയഞ്ചാം സീഡായ ഏയ്ഞ്ചലിക് കെര്‍ബറെ നേരിടും. കരോളിന പ്ലിസ്‌കോവയും ആര്യന സബലങ്കയും തമ്മിലാണ് രണ്ടാം സെമി.
ഓസ്്ട്രേലിയന്‍ താരമായ അജ്‌ല ടോംജാനോവിച്ചിനെ അനായാസം തോല്‍പ്പിച്ചാണ് ആഷ്‌ലി ബാര്‍ട്ടി സെമിയില്‍ കടന്നത്. സ്്‌കോര്‍: 6-1, 6-3. മുന്‍ ലോക ഒന്നാം നമ്പറായ എയ്ഞ്ചലിക് കെര്‍ബര്‍ ക്വാര്‍ട്ടറില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക്് പത്തൊമ്പാം സീഡായ കരോളിന മുച്ചോവയെ പരാജയപ്പെടുത്തി. സ്‌കോര്‍: 6-2, 6-3.
വിംബിള്‍ഡണിന്റെ ക്വാര്‍ട്ടറിലെത്തി ചരിത്രം കുറിച്ച ഓന്‍സ് ജബീറിനെ അനായാസം മറികടന്നാണ് രണ്ടാം സീഡായ സബലങ്ക സെമിയിലെത്തിയത്. സ്‌കോര്‍: 6-4, 6-3. വിംബിള്‍ഡണിന്റെ ക്വാര്‍ട്ടറിലെത്തുന്ന ആദ്യ അറബ് വനിതയാണ് ടൂണീഷ്യക്കാരിയായ ജബീര്‍. എട്ടാം സീഡായ കരോളിന പ്ലിസ്‌കോവ ക്വാര്‍ട്ടര്‍ ഫൈനില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക്്് സ്വിസ് താരം വിക്്‌ടോറിയ ഗോളുബിക്കിനെ തോല്‍പ്പിച്ചു. 7-6, 6-3.
















