ചണ്ഡീഗഡ്: പാകിസ്ഥാന്റെ രഹസ്യ ഏജന്‍സിയായ ഇന്റര്‍ സര്‍വ്വീസ് ഇന്റലിജന്‍സിന് ( ഐ എസ് ഐ) വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ രണ്ട് കരസേന ജവാന്മാര് പഞ്ചാബ് പൊലീസിന്റെ പിടിയിലായി. പാകിസ്ഥാന് ചാരസംഘടനയായ ഐഎസ്ഐയ്ക്ക് വേണ്ടി ചാരപ്പണി ചെയ്യുകയും വിവരങ്ങള്‍ ചോര്‍ത്തുകയും ചെയ്തവരാണ് പിടിയിലായത്.
ശിപായിമാരായ ഹര്‍പ്രീത് സിങ് (23), ഗുര്‍ഭേജ് സിങ് (23) എന്നിവരാണ് അറസ്റ്റിലായത്. ജമ്മുകശ്മീരിലെ അനന്ത്നാഗില്‍ ജോലിക്ക് ചേര്‍ന്ന ഹര്‍പ്രീത് സിങ് 19 രാഷ്ട്രീയ റൈഫിള്‍സില്‍ അംഗമായിരുന്നു. കാര്‍ഗിലില്‍ ക്ലാര്‍ക്കായി ജോലി ചെയ്തിരുന്ന ഗുര്‍ഭേജ് സിങ് 18 സിഖ് ലൈറ്റ് ഇന്‍ഫാന്‍ട്രിയില്‍ അംഗമായിരുന്നു.
ഇരുവരും ഇന്ത്യക്കാരനായ മയക്കമരുന്ന് കടത്തുകാരനാണ് രഹസ്യസൈനിക രേഖകള്‍ കൈമാറിയത്. ഈ മയക്കമരുന്ന കടത്തുകാരാണ് പ്രതിരോധരേഖകള്‍ പാക് രഹസ്യപ്പൊലീസിന് കൈമാറിയിരുന്നത്. ഇന്ത്യന്‍ സൈന്യത്തിന്റെ പ്രതിരോധവും ദേശീയ സുരക്ഷയും ആയി ബന്ധപ്പെട്ട ഏകദേശം 900 രഹസ്യ രേഖകള്‍ ഇവര്‍ കൈമാറിയതായി പഞ്ചാബ് ഡിജിപി ദിന്‍കര്‍ ഗുപ്ത പറഞ്ഞു. ഇന്ത്യ-പാക് അതിര്‍ത്തിക്ക് കുറുകെ മയക്കമരുന്ന് കടത്തുന്ന രണ്‍വീര്‍ സീംഗിനാണ് ഇവര്‍ സൈനിക രഹസ്യരേഖകള്‍ കൈമാറിയത്. 2021 ഫിബ്രവരി മുതല്‍ മെയ് വരെയുള്ള നാല് മാസക്കാലം ഇവര്‍ രേഖകള്‍ കൈമാറിയിരുന്നു. രണ്‍വീര്‍ സിംഗാണ് ഇത് ഐഎസ് ഐയ്ക്ക് കൈമാറിയത്.
സീനിയര്‍ സൂപ്രണ്ട് നവീന്‍ സിംഗ്ലയുടെ നേതൃത്വത്തില്‍ ജലന്ധര്‍ റൂറല്‍ പൊലീസ് മെയ് 24ന് നടത്തിയ റെയ്ഡിലാണ് രണ്‍വീര്‍ സിംഗ് പിടിയിലായത്. ഇദ്ദേഹത്തില്‍ നിന്നും പിടിച്ചെടുത്ത വസ്തുക്കളിലാണ് ഈ രഹസ്യരേഖകള്‍ കണ്ടെത്തിയത്. സൈന്യത്തിന്റെ പ്രവര്‍ത്തനവും വിന്യാസവും സംബന്ധിച്ച രഹസ്യസ്വഭാവമുള്ള രേഖകളും ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു.
പാകിസ്ഥാന് രഹസ്യഏജന്സിയുമായും മയക്കമരുന്ന് സിന്ഡിക്കേറ്റായും ബന്ധമുള്ള ഗോപി എന്ന പ്രധാന മയക്കമരുന്ന് കടത്തുകാരനും ഇതുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി. അമൃതസറിലെ ദൗകെ ഗ്രാമത്തിലാണ് ഗോപിയുടെ താവളം.ഗോപിയെയും പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. പണത്തിനും മയക്കമരുന്നിനും വേണ്ടി സൈനികരേഖകള്‍ കൈമാറുകയായിരുന്നുവെന്ന് ഗോപി മൊഴി നല്കി. പാകിസ്ഥാന് ഐഎസ് ഐയുമായി ബന്ധമുള്ള സിക്കന്ദര്‍ എന്നയാള്‍ക്കാണ് രേഖകള്‍ നല്‍കാറുള്ളതെന്ന് ഗോപി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: