ഗാന്ധിനഗര്‍: കിറ്റക്സിന് എല്ലാവിധ സൗകര്യങ്ങളും വാഗ്ദാനം ചെയ്ത് ഗുജറാത്ത് സര്‍ക്കാര്‍. എട്ടിലധികം ഇളവുകള്‍ നല്‍കിയാണ് കിറ്റക്സിനെ ഗുജറാത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്. സ്റ്റാമ്പ് ഡ്യൂട്ടി ഇളവ്, സബ്സീഡി, ആദ്യ വര്‍ഷങ്ങളില്‍ തൊഴിലാളികളുടെ ശമ്പളത്തിന്റെ ഒരു നിശ്ചിത ശതമാനം സര്‍ക്കാര്‍ വഹിക്കും. വൈദ്യുതി നിരക്കില്‍ ഇളവ് എന്നിവയാണ് ഗുജറാത്ത് കിറ്റക്സിന് വാഗ്ദാനം ചെയ്തിരിക്കുന്നത്.
പിണറായി സര്‍ക്കാരുമായുള്ള വിവാദം ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെയാണ് കിറ്റെക്സിന് ക്ഷണവുമായി ഗുജറാത്ത് സര്‍ക്കാര്‍ എത്തിയത്. മറ്റ് സംസ്ഥാനങ്ങളും വാഗ്ദാനങ്ങളുമായി എത്തിയെങ്കിലും ഏറ്റവും ആകര്‍ഷകമായ വാഗ്ദാനങ്ങള്‍ ഗുജറാത്ത് സര്‍ക്കാര്‍ ആണ് നല്‍കിയിരിക്കുന്നത്. ഗുജറാത്ത് അഡീഷണല്‍ ചീഫ് സെക്രട്ടറി കിറ്റക്സ് ഗ്രൂപ്പ് എംഡി സാബു എം ജേക്കബുമായി സംസാരിച്ചു. കൂടുതല്‍ ചര്‍ച്ചകള്‍ക്കായി പ്രത്യേക സംഘത്തെ കേരളത്തിലേക്ക് അയക്കാമെന്നും ഗുജറാത്ത് അറിയിച്ചു. മറ്റു സംസ്ഥാനങ്ങളിലേക്ക് പോകരുതെന്നും ഗുജറാത്ത് സര്‍ക്കാര്‍ കിറ്റക്സിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
കിറ്റെക്സ് ഗാര്‍മെന്റ്സിനെതിരെ പിണറായി സര്‍ക്കാരും കോണ്‍ഗ്രസും സിപിഎമ്മും സംയുക്തമായി നടത്തുന്ന വേട്ടയാടല്‍ പ്രതിരോധിക്കുമെന്ന് ജീവനക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ 26 വര്‍ഷമായി നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്ന കിറ്റെക്സിനെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് തൊഴിലാളികള്‍ ഒന്നടങ്കം പ്രതിഷേധ ജ്വാല തെളിയിച്ച് വ്യക്തമാക്കി.
തുടര്‍ച്ചയായ പരിശോധനയും, നുണപ്രചരണവും നടത്തി നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയെ തകര്‍ക്കാന്‍ ചില ഉദ്യോഗസ്ഥ രാഷ്ട്രീയകേന്ദ്രങ്ങള്‍ ശ്രമിക്കുന്നതില്‍ പ്രതിഷേധിച്ചാണ് തൊഴിലാളികള്‍ ജ്വാല തെളിയിച്ചത്. കിറ്റെക്സ് ഗ്രൗണ്ടില്‍ നടന്ന പ്രതിഷേധ ജ്വാല തെളിയിക്കലില്‍ പതിനായിരത്തോളം പേര് പങ്കെടുത്തു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു പ്രതിഷേധം.
അന്നം മുടക്കരുത് ജീവിച്ചോട്ടേ ഞങ്ങള്‍, സഹായം വേണ്ട ഉപദ്രവിക്കരുത്, കിറ്റെക്സിന് ഒപ്പം ഞങ്ങളുണ്ട് ഒറ്റക്കെട്ടായി തുടങ്ങി വാചകങ്ങള്‍ ഹിന്ദിയിലും മലയാളത്തിലും എഴുതിയ പ്ലക്കാര്‍ഡുമായാണ് തൊഴിലാളികള്‍ പ്രതിഷേധ ജ്വാല തെളിയിച്ചത്. വൈകീട്ട് ആറിന് ആരംഭിച്ച പ്രതിഷേധം അരമണിക്കൂര്‍ നീണ്ടു നിന്നു.
കിറ്റെക്സ് ചട്ടങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയിട്ടില്ലെന്നും ലംഘനങ്ങളുണ്ടെങ്കില്‍ പരിഹരിക്കാനുള്ള അവസരം കിറ്റെക്സിനു നല്‍കണമെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡ് വ്യക്തമാക്കി. കിറ്റെക്സ് മാനേജ്മെന്റിന്റെ പരാതികളും ബോര്‍ഡിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ (കെല്‍സ) നിര്‍ദേശപ്രകാരം നടത്തിയ കിറ്റെക്സ് ഗാര്‍മെന്റ്സിലെ പരിശോധനയില്‍ ക്രമവിരുദ്ധമായി ഒന്നുമില്ലെന്ന് ഫാക്ടറീസ് ആന്‍ഡ് ബോയ്ലേഴ്സ് വകുപ്പും കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: