കൊച്ചി: നിരന്തരം പ്രകൃതി ക്ഷോഭങ്ങള്‍ തകര്‍ത്തെറിയുന്ന ചെല്ലാനത്തിന് ആശ്വാസമാകുകയാണ് കുഫോസിന്റെ പുതിയ പദ്ധതി. തീരസംരക്ഷണത്തിനായി സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് കുഫോസാണ് പ്രൊജക്ട് തയാറാക്കിയത്. പുലിമുട്ടില്‍ നിന്ന് വൈദ്യുതി ഉണ്ടാക്കിയെടുക്കുന്നതാണ് പദ്ധതി. ഗവേഷകര്‍, നാവിക ആര്‍കിടെക്ട്, കപ്പല്‍ നിര്‍മാണ വിദഗ്ധര്‍, സുസ്ഥിര വികസന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നിവര്‍ ചേര്‍ന്ന സംഘമാണ് പുതിയ ആശയം കണ്ടെത്തിയിരിക്കുന്നത്.
ഇഗ്ളീഷ് അക്ഷരമായ ‘ടി’ ആകൃതിയിലുള്ള, ബോട്ട് ജെട്ടി പോലെ വെള്ളത്തില്‍ പൊങ്ങി കിടക്കുന്ന നിര്‍മിതിയാണ് പദ്ധതിയുടെ ആദ്യപടി. ഇതിന്റെ കാല്‍ഭാഗം കരയില്‍ ഉറപ്പിച്ചിരിക്കണം. അതേസമയം 100 മീറ്റര്‍ കടലിലേക്കും തള്ളി നിര്‍ത്തണം. ഇങ്ങനെ തള്ളി നില്ക്കുന്ന ഭാഗം തിരമാലകളെ ഭേദിക്കുന്നതിന് കഴിവുള്ളതായിരിക്കും. അതിന്റെ അഗ്രഭാഗത്ത് തിരമാലയില്‍ നിന്നോ കടലൊഴുക്കില്‍ നിന്നോ വേലിയേറ്റം പോലുള്ള മറ്റ് സമുദ്രശക്തികളില് നിന്നോ വൈദ്യുതി ഉല്പാദിപ്പിക്കാം. ഇതുവഴി കടല്‍ത്തീരം സംരക്ഷിക്കപ്പെടുകയും ചെയ്യും.
ഇപ്പോഴുള്ള കടല്‍ഭിത്തി നിര്‍മാണവും പുലിമുട്ട് നിര്‍മാണവും പരിസ്ഥിതി ആഘാതം ഉണ്ടാക്കുന്നതും വളരെയേറെ ചെലവുണ്ടാക്കുന്നതും സുസ്ഥിര വികസനങ്ങള്‍ക്ക് എതിരാണെന്നാണ് വിദഗ്ധ അഭിപ്രായം. എന്നാല്‍ ഈ പദ്ധതി പ്രകാരം ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകില്ലെന്നാണ് കുഫോസ് അവകാശപ്പെടുന്നത.് കല്ലുകളോ കോണ്‍ക്രീറ്റ് ടെട്രപോഡുകളോ ഉപയോഗിച്ച് ‘ടി’ ആകൃതിയിലുള്ള പുലിമുട്ട് കടല്‍ തീരത്തെ സംരക്ഷിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് ഈ മാതൃക തിരഞ്ഞെടുത്തത്. തീരത്തിന് സമീപം ഇത്തരം നിര്‍മിതികള്‍ തിരമാലയുടെ ആഘാതം കുറയ്ക്കുകയും കടല്‍ത്തീര സംരക്ഷണത്തിന് സഹായിക്കുകയും ചെയ്യും. മറ്റു കടല്‍ത്തീര സംരക്ഷണ പദ്ധതികളെ അപേക്ഷിച്ച് ഇതില്‍ നിന്ന് വൈദ്യുതി ഉണ്ടാക്കുന്നത് വന്‍ നേട്ടമാകുമെന്നാണ് പ്രതീക്ഷ.
പദ്ധതി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. അംഗീകാരം ലഭിച്ച് കഴിഞ്ഞാല്‍ അടുത്ത കാലവര്‍ഷത്തിന് മുമ്പേ പ്രൊജക്ട് പൂര്‍ത്തീകരിച്ച് ഒരു വര്‍ഷം പദ്ധതിയെ വിലയിരുത്തണമെന്നും, അംഗീകാരം ലഭിക്കാത്ത പക്ഷം മറ്റ് സംസ്ഥാനങ്ങളെ സമീപിക്കുമെന്നും കൂടാതെ കേന്ദ്ര സര്‍ക്കാരിനും പദ്ധതി സമര്‍പ്പിക്കുമെന്നും പ്രൊജക്ട് കോര്‍ഡിനേറ്റര്‍ സന്തോഷ് താന്നിക്കാട് പറഞ്ഞു. മുഴുവന്‍ സാങ്കേതിക വികസനവും ആഭ്യന്തരമായി ചെയ്താല്‍ അത് ‘ആത്മനിര്‍ഭര്‍ ഭാരത് അഭിയാ’ന്റെ മികച്ച ഉദാഹരണമായിരിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: