കല്‍പ്പറ്റ: വനംകൊള്ളക്കാര്‍ക്ക് അനുകൂലമായി റവന്യൂഭൂമിയിലെ മരംമുറിക്കാന്‍ ഇറക്കിയ സര്‍ക്കാര്‍ ഉത്തരവിന്റെ പേരില്‍ സിപിഎം-സിപിഐ ഭിന്നത കൂടുതല്‍ ശക്തമാകുന്നു. മുന്‍ മന്ത്രി ഇ. ചന്ദ്രശേഖരനാണ് ഉത്തരവിട്ടതെന്ന വിവരം പുറത്താക്കിയത്, സിപിഎമ്മിനുവേണ്ടി സര്‍ക്കാര്‍ അറിവോടെയാണെന്നാണ് വിവരം.
വനംകൊള്ള വിവാദമാവുകയും സിപിഎം-സിപിഐ നേതാക്കള്‍ക്ക് അതിലുള്ള പങ്ക് പുറത്തുവരികയും ചെയ്തപ്പോള്‍ ഉദ്യോഗസ്ഥരെ കുറ്റക്കാരാക്കി രാഷ്‌ട്രീയ-ഭരണ നേതൃത്വം രക്ഷപ്പെടാനുള്ള ശ്രമമാണ് നടത്തിയിരുന്നത്. ഈ വിഷയത്തില്‍ സിപിഐ ഭരിച്ചിരുന്ന വനം-റവന്യൂവകുപ്പുകളാണുള്‍പ്പെട്ടിരിക്കുന്നതെന്നതിനാല്‍ സിപിഐയെ വരുതിയില്‍ നിര്‍ത്താന്‍ സിപിഎം ഇത് വിനിയോഗിക്കുകയും ചെയ്തു. അതിനിടെയാണ് സിപിഐ, രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസില്‍ സിപിഎം നേതാക്കളെ മാത്രമല്ല മുഖ്യമന്ത്രിയെപ്പോലും പരസ്യമായി വിമര്‍ശിച്ചത്. നയതന്ത്ര ഓഫീസ് മറയാക്കി നടത്തിയ സ്വര്‍ണക്കടത്തിലുള്‍പ്പെടെ യഥാര്‍ഥ പ്രതികള്‍ രക്ഷപ്പെടുന്നതാണ് അനുഭവമെന്ന സിപിഐ വിമര്‍ശനം ഏറെ ഗൗരവത്തിലാണ് സിപിഎം കാണുന്നത്.
സിപിഐ കഴിഞ്ഞ കുറേ നാളുകളായി, മുന്നണിയില്‍ സിപിഎം കാട്ടുന്ന അവഗണനയില്‍ അസ്വസ്ഥരാണ്. അതിനിടെയാണ് വനംകൊള്ള വിഷയം വന്നത്. ഇത് സിപിഐയെ കൂടുതല്‍ പ്രതിരോധത്തിലാക്കി. രാമനാട്ടുകര സ്വര്‍ണക്കടത്തും സ്വര്‍ണം മുറിക്കലും സുവര്‍ണാവസരമാക്കി, സിപിഎമ്മിനെതിരേ സിപിഐ വിനിയോഗിച്ചു. പാര്‍ട്ടി വേദികളില്‍ ചര്‍ച്ചയായി, പാര്‍ട്ടി പത്രമായ ജനയുഗം മുഖപ്രസംഗവുമെഴുതി. ഇത് സിപിഎമ്മിനെ ഏറെ പ്രകോപിപ്പിച്ചു. തുടര്‍ന്നാണ് മന്ത്രി ചന്ദ്രശേഖരനാണ് മരം മുറിക്കാന്‍ ഉത്തരിവിറക്കാനുള്ള നിര്‍ദേശം നല്‍കിയതെന്ന വിവരം സിപിഎം പുറത്തുവിട്ടത്.
മരം മുറിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കല്‍പ്പറ്റ മുന്‍ എംഎല്‍എ സി.കെ. ശശീന്ദ്രന്‍ മുഖന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ഇത് മാധ്യമങ്ങള്‍ക്ക് നല്‍കിയത് സിപിഐ കേന്ദ്രങ്ങളാണ്. സിപിഎം കര്‍ഷകരുടെ പ്രത്യേക സംഘടന ഉണ്ടാക്കി സമരം ചെയ്ത വിവരങ്ങളും കുത്തിപ്പൊക്കിയത് സിപിഐ ആയിരുന്നു. ഇതിനെല്ലാം തക്ക തിരിച്ചടി എന്ന നിലയില്‍ സിപിഎം ആസൂത്രണം ചെയ്ത പദ്ധതിയുടെ ഭാഗമായിരുന്നു, മന്ത്രി മുഹമ്മദ് റിയാസിന്റെ ‘വിവാദ വനയാത്ര.’
വനമോ റവന്യൂവോ സ്വന്തം വകുപ്പ് അല്ലാതിരുന്നിട്ടു കൂടി മരം മുറി നടന്ന സ്ഥലം സന്ദര്‍ശിക്കാന്‍ മന്ത്രി മുഹമ്മദ് റിയാസ് കാട്ടിലൂടെ കാല്‍നട പോയി. റിയാസ് മരം മാഫിയകളുമായി ചായ സല്‍ക്കാരത്തില്‍ പങ്കെടുത്തത്ത് ഏറെ ചര്‍ച്ചയായിരുന്നു. തുടക്കത്തില്‍ അഗസ്റ്റിന്‍ സഹോദരന്മാരെ മാത്രം കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. മറ്റു മരം മാഫിയകളെ സംരക്ഷിക്കാനുള്ള സിപിഎം തന്ത്രമായിരുന്നു ഇത്. എന്നാല്‍ സംഗതി കൂടുതല്‍ ചര്‍ച്ചയായതോടെ കേരളത്തിലങ്ങോളമിങ്ങോളം നടന്നിട്ടുള്ള മരംമുറി ദിവസംതോറും പുറത്തുവന്നു. മരംമുറിക്കാനുള്ള അനുമതിക്ക് വഴിയൊരുക്കിയതും തീരുമാനം എടുത്തതുമെല്ലാം സിപിഎമ്മും മുഖ്യമന്ത്രിയും അറിഞ്ഞുതന്നെയായിരുന്നു. തെരഞ്ഞെടുപ്പുകാലത്തെ ഫണ്ട് ശേഖരണമായിരുന്നു ലക്ഷ്യം.
ഇപ്പോള്‍ നടക്കുന്ന വിവിധ അന്വേഷണങ്ങളുടെ റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സമിതിക്ക് കൈമാറി അവരുടെ അഭിപ്രായപ്രകാരമായിരിക്കും കൂടുതല്‍ അന്വേഷണ-നടപടി തീരുമാനങ്ങളെന്നാണ് പുതിയ അറിയിപ്പ്. അതായത്, മുന്നണിയില്‍ സിപിഐയെ മൂലയ്‌ക്കിരുത്താനുള്ള രാഷ്‌ട്രീയ ഉപകരണമാക്കി സിപിഎം വനംകൊള്ള വിഷയത്തെ വിനിയോഗിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: