തിരുവനന്തപുരം: വടക്കന്‍ ജില്ലകളില്‍ കൊവിഡ് വ്യാപനം കൂടുന്ന പശ്ചാത്തലം പ്രത്യേകമായി പരിശോധിക്കാന്‍ ഇന്നലെ ചേര്‍ന്ന അവലോകന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കുന്നത് ജില്ലാ കളക്ടര്‍മാര്‍ ഉറപ്പാക്കണമെന്നും യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു.
അനുബന്ധ രോഗങ്ങളുള്ളവര്‍ ആശുപത്രികളില്‍ പോകാന്‍ വിമുഖത കാണിക്കുന്നത് ഒഴിവാക്കാന്‍ ക്യാമ്പയിന് ശക്തമാക്കാന്‍ യോഗം തീരുമാനിച്ചു. വാര്‍ഡ്തല സമിതി ഇക്കാര്യത്തില്‍ അവരെ നിര്‍ബന്ധിക്കണം. ക്വാറന്റൈന് കൃത്യമായി പാലിക്കുന്നുണ്ടെന്ന് വാര്‍ഡ്തല സമിതി ഉറപ്പാക്കണം. പ്രാഥമിക സമ്പര്‍ക്കക്കാരുടെ വിവരങ്ങള്‍ കൊവിഡ് പോര്‍ട്ടലില്‍ കൃത്യമായി രജിസ്റ്റര്‍ ചെയ്യണം.
ആരോഗ്യപ്രവര്‍ത്തകരും മറ്റും വയോജനങ്ങള്‍ക്ക് വേണ്ടി വാക്സിന് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ രണ്ടാം ഡോസിനുള്ള സന്ദേശം ശ്രദ്ധിക്കപ്പെടാതെ പോകുന്ന പ്രശ്നം പരിഹരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്ന് വീണ്ടും ഉന്നതതല അവലോകന യോഗം ചേരും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്ത സാഹചര്യത്തില്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് പ്രഖ്യാപിച്ചേക്കില്ലെന്നാണ് സൂചന. കൊവിഡ് വ്യാപനത്തിന്റെ തോതനുസരിച്ചുള്ള പ്രാദേശിക തല നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: