ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ മുസ്ലിം രാഷ്ട്രീയ മഞ്ച് സംഘടിപ്പിച്ച പരിപാടിയില്‍ ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് നടത്തിയ പ്രസംഗത്തിലെ ചില പരാമര്‍ശങ്ങള്‍ വലിയ ചര്‍ച്ചാ വിഷയമായിരിക്കുകയാണല്ലോ. ഭാരതത്തെപ്പോലുള്ള ഒരു ജനാധിപത്യ രാജ്യത്ത് ഹിന്ദു ആധിപത്യത്തിന്റെയോ മുസ്ലിം ആധിപത്യത്തിന്റെയോ പ്രശ്നം ഉദിക്കുന്നില്ലെന്നും, ഐക്യത്തിലൂടെ മാത്രമേ വികസനം സാധ്യമാകൂവെന്നും, ദേശീയതയോടും രാഷ്ട്രത്തിന്റെ പൂര്‍വികരോടുമുള്ള ആദരവാണ് ഇതിന് അടിസ്ഥാനമെന്നും സര്‍സംഘചാലക് ചൂണ്ടിക്കാട്ടുകയുണ്ടായി. ഈ രാജ്യത്ത് മുസ്ലിങ്ങള്‍ പാടില്ലെന്ന് ആരെങ്കിലും പറഞ്ഞാല്‍ അയാള്‍ ഹിന്ദുവല്ലെന്നു സര്‍സംഘചാലക് പറഞ്ഞതാണ് ചില മാധ്യമങ്ങളെ അമ്പരപ്പിച്ചതെന്നു തോന്നുന്നു. ഹിന്ദു രാഷ്ട്രത്തിനുവേണ്ടി നിലകൊള്ളുന്ന ആര്‍എസ്എസ് സര്‍സംഘചാലക് ഇങ്ങനെ അഭിപ്രായപ്പെട്ടതാണ് ചിലര്‍ക്കൊക്കെ അതിശയകരമായി തോന്നുന്നത്. പശുവിനെ ഗോമാതാവായി കണ്ട് ആരാധിക്കുന്നവരാണ് ഹിന്ദുക്കളെന്നും, എന്നാല്‍ ആള്‍ക്കൂട്ടക്കൊലപാതകങ്ങളെ അംഗീകരിക്കുന്നില്ലെന്നും, ഇങ്ങനെ സംഭവിച്ചാല്‍ നിയമം അതിന്റെ വഴിക്ക് നടപടികളെടുക്കണമെന്നാണ് നിലപാടെന്നും സര്‍സംഘചാലക് അസന്ദിഗ്ധമായി പ്രഖ്യപിക്കുകയുണ്ടായി. ഇതിനെയും ചില മാധ്യമങ്ങള്‍ അവിശ്വസനീയതയോടെ അവതരിപ്പിക്കുന്നത് വിവാദം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടാണെന്ന് കരുതേണ്ടിയിരിക്കുന്നു.
യഥാര്‍ത്ഥത്തില്‍ ആര്‍എസ്എസിനെക്കുറിച്ച് ശരിയായി അറിയുന്നവര്‍ സര്‍സംഘചാലകിന്റെ വാക്കുകള്‍ സ്വാഭാവിക പ്രതികരണങ്ങളായി കണക്കിലെടുക്കുമെന്ന കാര്യത്തില്‍ സംശയമില്ല. സര്‍സംഘചാലക് ആയി ചുമതലയേറ്റശേഷം ഇത് ആദ്യമായല്ല മോഹന്‍ ഭാഗവത് ഇത്തരം അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നത്. ദല്‍ഹിയിലെ വിജ്ഞാന്‍ഭവനില്‍ സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയില്‍ ഈ ആശയം വളരെ വ്യക്തമായി തന്നെ സര്‍സംഘചാലക് അവതരിപ്പിക്കുകയുണ്ടായി. മുസ്ലിങ്ങള്‍ക്ക് ഇടമില്ലാത്തത് എന്നല്ല ഹിന്ദു രാഷ്ട്രംകൊണ്ട് അര്‍ത്ഥമാക്കുന്നതെന്നും, നമ്മള് മുസ്ലിങ്ങളെ അംഗീകരിക്കുന്നില്ലെങ്കില്‍ അത് ഹിന്ദുരാഷ്ട്രമാകില്ലെന്നുമാണ് അന്ന് സര്‍സംഘചാലക് പറഞ്ഞത്. 2018 ലാണ് ഈ പരിപാടി നടന്നത്. അന്നും ഈ പരാമര്‍ശങ്ങള്‍ മാധ്യമങ്ങള്‍ വലിയ വാര്‍ത്തയാക്കിയതുമാണ്. പക്ഷേ അതേ അഭിപ്രായങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ അതില്‍ അസ്വാഭാവികത കലര്‍ത്തുന്നത് ഉചിതമാണോ എന്നു ചിന്തിക്കേണ്ടത് മാധ്യമങ്ങളാണ്. അതുപോലെ ഇംഗ്ലീഷില്‍ ലിഞ്ചിങ് എന്നു പറയുന്ന തല്ലിക്കൊലയെ സര്‍സംഘചാലക് പലയാവര്‍ത്തി തള്ളിപ്പറഞ്ഞിട്ടുള്ളതാണ്. അതൊരു ക്രമസമാധാന പ്രശ്നമായി കണക്കാക്കാതെ വര്‍ഗീയമായി സമീപിക്കുന്നതാണ് വിവാദത്തിനിടയാക്കുന്നത്. മതപരമായ സ്പര്‍ധയും ധ്രുവീകരണവും ഉണ്ടാക്കി വോട്ടു ബാങ്ക് ശക്തിപ്പെടുത്താന്‍ ചില ശക്തികള്‍ ഇത്തരം സന്ദര്‍ഭങ്ങളെ ഉപയോഗിക്കുന്നു എന്നതാണ് സത്യം.
സവിശേഷമായ ആരാധനാരീതികളുടെ പേരില്‍ ഭാരതത്തിലെ ജനങ്ങളെ വേര്‍തിരിക്കാനാവില്ലെന്നും, സഹസ്രാബ്ദങ്ങളായി ഒരേ പൂര്‍വികരുടെ പിന്തുടര്ച്ചക്കാരാണ് അവരെന്നും, ജനിതകഘടന ഇത് തെളിയിക്കുന്നുണ്ടെന്നും സര്‍സംഘചാലക് പറയുന്നത് ചരിത്രഗവേഷണത്തിന്റെയും നരവംശശാസ്ത്ര പഠനങ്ങളുടെയും പിന്‍ബലത്തിലാണ്. സാംസ്കാരിക ദേശീയതയിലൂന്നിയുള്ള ഹിന്ദുരാഷ്ട്രത്തില്‍ വിശ്വസിക്കുന്ന ആര്‍എസ്എസിന്റെ എക്കാലത്തെയും നിലപാടാണിത്. മതമല്ല ഇതിന്റെ അടിസ്ഥാനമെന്ന് സംഘടന ഊന്നിപ്പറയാറുമുണ്ട്. മുസ്ലിം രാജ്യമായ പാക്കിസ്ഥാനുപോലും ഇസ്ലാമിക പൂര്‍വമായ തക്ഷശിലയുടെയും പാണിനിയുടെയുമൊക്കെ പൈതൃകത്തില്‍ അഭിമാനംകൊള്ളേണ്ടി വരുന്നത് ഇതിനാലാണെന്ന് ഉദാഹരണ സഹിതം ചൂണ്ടിക്കാണിക്കാറുമുണ്ട്. രണ്ടാം സര്‍സംഘചാലക് ഗുരുജി ഗോള്‍വല്‍ക്കര്‍ ഇസ്ലാമിക പണ്ഡിതനായ സെയ്ഫുദീന്‍ ജിലാനിക്കു നല്കിയ അഭിമുഖത്തിലും മുസ്ലിങ്ങളെ അന്യരായി കാണുന്നില്ലെന്ന് വ്യക്തമാക്കിയിട്ടുള്ളതാണ്. മുസ്ലിങ്ങളുമായുള്ള ആശയവിനിമയത്തെ തങ്ങള്‍ ഇഷ്ടപ്പെടുക മാത്രമല്ല, സ്വാഗതം ചെയ്യുന്നുവെന്നുമാണ് ഗുരുജി അഭിപ്രായപ്പെട്ടത്. ജനതയെ ഒന്നായി കാണുന്ന ഭാവാത്മകമായ സമീപനമാണ് ആര്‍എസ്എസിനുള്ളത്. ഈ ആശയത്തെ ഉള്‍ക്കൊള്ളാനാവാത്തവരാണ് വിഭാഗീയത സൃഷ്ടിച്ച് മുതലെടുപ്പിന് ശ്രമിക്കുന്നത്. ഇതൊന്നും ആര്‍എസ്എസിന്റെ പ്രയാണത്തെ തടസ്സപ്പെടുത്തുന്ന ഘടകങ്ങളല്ല. പ്രതിച്ഛായയെക്കുറിച്ചുള്ള ആശങ്കയൊന്നുമില്ലാതെ അത് ലക്ഷ്യത്തിലേക്ക് മുന്നേറുകതന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: