വണ്ടിപ്പെരിയാര്‍: ചുറ്റും നടക്കുന്നത് നല്ലതാണോ ചീത്തയാണോ എന്നത് തിരിച്ചറിയാന്‍ പോലും പറ്റാത്ത ഇളംപ്രായത്തില്‍ കുരുന്നിനെ മൂന്നു വര്‍ഷത്തോളം പീഡിപ്പിക്കുകയും അവസാനം ഇതിനിടയില്‍ തന്നെ കൊല്ലുകയും ചെയ്ത ഡിവൈഎഫ്ഐ നേതാവ് അര്ജുന് ക്രൂരതയുടെ മുഖമായി മാറി. കേട്ടു കേള്‍വി പോലും ഇല്ലാത്ത ക്രൂരതയാണ് പ്രതി ആറ് വയസ് മാത്രമുള്ള കുട്ടിയോട് ചെയ്തത്. ഇത് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്ത് വന്നതോടെ വിഷയം സമൂഹത്തില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. സ്ത്രീകള്‍ക്കൊപ്പം കൊച്ച് കുട്ടികളുടെ സുരക്ഷ കൂടി ഉറപ്പാക്കണമെന്ന ആവശ്യവും ശക്തമാണ്. ജില്ലയില്‍ ഇതിന് മുമ്പും സമാനമായി നിരവധി പീഡനങ്ങള്‍ കൊച്ച് കുട്ടികള്‍ക്കെതിരെ ഉണ്ടായിട്ടുണ്ട്. ലയങ്ങളിലടക്കം അധിവസിക്കുന്ന ആണ്-പെണ് കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണമെന്നാണ് പൊതുവെ ഉയരുന്ന നിര്‍ദേശം. കുട്ടികള്‍ക്ക് പ്രായത്തിന് അനുസരിച്ച് ആവശ്യമായ ലൈംഗിക വിദ്യാഭ്യാസം കൂടി നല്കാന് രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്നും ചൈല്‍ഡ് ലൈന്‍ അധികൃതര്‍ വ്യക്തമാക്കുന്നു
കെട്ടിത്തൂക്കിയത് മരിച്ചെന്ന് തെറ്റദ്ധരിച്ച്
സംഭവ ദിവസം ഉച്ചക്ക് കുട്ടിക്ക് പുട്ട് മതിയെന്ന് പറഞ്ഞതോടെ ഇടക്ക് ഭക്ഷണം കഴിക്കാന്‍ വീട്ടിലെത്തിയ അമ്മ ഇത് ഉണ്ടാക്കി നല്കി. കഴിക്കാനായി ഇതിനൊപ്പം പഴവും നല്കി. പിന്നീട് അമ്മ ജോലിയ്ക്ക് പോയ സമയത്തായിരുന്നു സംഭവം. കുട്ടി വീടിനുള്ളില്‍ ഒറ്റയ്ക്ക് ടിവി കാണുന്ന സമയത്ത് അര്ജുന് അകത്ത് കയറി.
ടിവി ഓഫ് ചെയ്ത ശേഷം കുട്ടിക്ക് മിഠായി നല്കി സമീപത്തെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇതിന് ശേഷം പീഡിപ്പിക്കാന്‍ ശ്രമിച്ചു. പീഡനത്തിനിടെ കുട്ടിയുടെ ബോധം നഷ്ടമായി. മരിച്ചെന്ന് തെറ്റിദ്ധരിച്ച് അര്ജുന് കഴുത്തില്‍ ഷാള്‍ ചുറ്റി ഉത്തരത്തില്‍ വാഴക്കുല തൂക്കാന്‍ കെട്ടിയിരുന്ന കയറില്‍ കെട്ടി തൂക്കി. ഈ സമയത്ത് കുട്ടി പിടഞ്ഞ് മരിക്കുകയായിരുന്നു.
തുറന്നിരുന്ന കണ്പോളകള് കൈകൊണ്ട് തന്നെ പ്രതി അടച്ചു. വാതില്‍ അകത്ത് നിന്ന് അടച്ച് സമീപത്തെ കമ്പിയില്ലാത്ത ജനലിലൂടെ ഇയാള്‍ പുറത്തുകടന്നു. പിന്നീട് ഒന്നും സംഭവിക്കാത്തത് പോലെ വീട്ടിലേക്ക് പോയി. വൈകിട്ട് മൂന്ന് മണിയോടെ 17കാരനായ സഹോദരന് വീട്ടിലെത്തിയപ്പോഴാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സഹോദരന് ഒച്ചവച്ചതോടെ മറ്റുള്ളവര്‍ക്കൊപ്പം അര്‍ജുനും ഓടിയെത്തി. വീട്ടുകാരുടെ സങ്കടത്തില്‍ പങ്കു ചേര്‍ന്ന് വലിയ കരച്ചില് നാടകവും സ്ഥലത്ത് നടത്തി.
ഡിവൈഎഫ്ഐ പെരിയാര്‍ മേഖലാ കമ്മിറ്റി അംഗം കൂടിയാണ് പ്രതി. സമീപത്തെ മൂന്ന് പോലീസ് സ്റ്റേഷനുകളില്‍ നിന്നായി നൂറിലധികം പോലീസുകാരുടെ സാന്നിധ്യത്തില്‍ പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു. നാട്ടുകാരുടെ കനത്ത പ്രതിഷേധത്തിനിടെയാണ് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്. പീരുമേട് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ സി.ജി. സനില്‍കുമാര്‍ വണ്ടിപ്പെരിയാര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി. സുനില്‍ കുമാര്‍, എസ്ഐ ഇ.പി. ജോയി, ഉദ്യോഗസ്ഥരായ ജമാലുദ്ദീന്‍, മുരളീധരന്, മനോജ്, അഷറഫ്, രജ്ഞിത്ത് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്. വളരെ വേഗത്തില്‍ തന്നെ പ്രതിയിലേക്ക് പോലീസിന് എത്താനായത് സേനക്കും അഭിമാനമായി മാറി.
കുരുക്കായത് പരസ്പര വിരുദ്ധമൊഴി
തുടര്‍ന്ന് നിരവധി പേരെ ചോദ്യം ചെയ്തതില്‍ പരസ്പര വിരുദ്ധമായ മൊഴി നല്കിയ അര്‍ജുനെ പൊലീസിന് സംശയം തോന്നി. കൊല്ലപ്പെട്ട ദിവസം കുട്ടിയെ കണ്ടിട്ടില്ലെന്നായിരുന്നു അര്‍ജുന്റെ ആദ്യ മൊഴി. എന്നാല്‍ അര്ജുന് അന്ന് ഉച്ചയ്ക്ക് കുട്ടിയെ മടിയിലിരുത്തി കളിപ്പിക്കുന്നത് കണ്ടവരുണ്ടായിരുന്നു. മാത്രമല്ല സംഭവദിവസം ഉച്ചകഴിഞ്ഞ് പ്രതിയും മറ്റ് മൂന്ന് സുഹൃത്തുക്കളും ചേര്‍ന്ന് സമീപത്തെ ബാര്‍ബര്‍ ഷോപ്പില്‍ പോയിരുന്നു. അല്പസമയം കഴിഞ്ഞ് അര്‍ജുനെ മാത്രം കാണാതായി. ഇതും സംശയത്തിനിടയാക്കി. വിശദമായി ചോദ്യം ചെയ്തപ്പോള്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.
ആറ് വീടുകളടങ്ങിയ ലയത്തില്‍ കുട്ടിയുടെ വീടിനോട് ചേര്‍ന്നാണ് അര്ജുന് താമസിക്കുന്നത്. പെണ്‍കുട്ടിയുടെ വീട്ടില്‍ പ്രതിക്ക് ആവശ്യത്തിലധികം സ്വാതന്ത്ര്യമുണ്ടായിരുന്നു. മാതാപിതാക്കളും സമീപത്തുള്ളവരും ജോലിക്ക് പോകുന്ന അവസരം മുതലാക്കി കുട്ടിയെ കളിപ്പിക്കാനെന്ന വ്യാജേനയെത്തിയായായിരുന്നു പീഡനം. അമിതമായി അശ്ലീല വീഡിയോകള്‍ കാണുന്ന സ്വഭാവമുള്ള അര്‍ജുന്റെ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മൂന്ന് വര്‍ഷമായി ആരുമറിയാതെ തുടര്‍ന്ന പീഡനം
മരിച്ച പെണ്‍കുട്ടിയുടെ വീടിന് അടുത്ത മുറിയിലായിരുന്നു പ്രതിയായ അര്‍ജുന്റെയും താമസം. ശാന്തമായ സ്വഭാവം, അധികം ആരുമായി സംസാരം പോലുമില്ലാത്ത പ്രകൃതം. എന്നാല്‍ പൊതുരംഗത്ത് സജീവമായി സിപിഎമ്മിന്റെ പരിപാടികളടക്കം പങ്കെടുത്ത് വന്നിരുന്നു. ഇയാള്‍ ഇത്തരത്തില്‍ ചെയ്തത് സമീപവാസികള്‍ക്കും ബന്ധുക്കള്‍ക്കും പോലും വിശ്വസിക്കാനായിട്ടില്ല.
കുട്ടിക്ക് മൂന്ന് വയസുള്ളപ്പോള്‍ മുതല്‍ ലൈംഗികമായി ഉപദ്രവിച്ചിരുന്നു. ഇതിനിടെ കരയുന്ന കുട്ടിയുടെ വാ പൊത്തിയും മിട്ടായി നല്‍കിയുമാണ് സമാധാനിപ്പിച്ചിരുന്നത്. രക്ഷിതാക്കള്‍ രാവിലെ തോട്ടത്തില്‍ ജോലിക്ക് പോയിരുന്നതിനാല്‍ കുട്ടിയും ജേഷ്ഠനും മാത്രമാണ് പകല്‍ വീട്ടിലുണ്ടായിരുന്നത്. കുട്ടിയെ കളിപ്പിക്കാനെന്ന വ്യാജേനെ എടുത്തുകൊണ്ട് പോയായിരുന്നു പീഡനം നടത്തിയിരുന്നത്. ഇത്രയും കാലമായി പീഡനം തുടര്‍ന്നിട്ടും മാതാപിതാക്കളോ സമീപവാസികളോ (നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന മേഖലയായിട്ടും) വിവരം അറിഞ്ഞില്ല.
പലതവണയായി ഉപദ്രവം തുടര്‍ന്നിട്ടും കുട്ടി അമ്മയോട് പോലും കാര്യങ്ങള്‍ പറയാത്തത് ദുരൂഹതക്ക് ഇടയാക്കുന്നുണ്ട്. അതേ സമയം കുട്ടി നേരത്തെയും ആരോഗ്യ പ്രശ്നങ്ങള്‍ പറഞ്ഞിരുന്നതായും ഇത് വീട്ടുകാര്‍ കാര്യമായെടുത്തില്ലെന്നും സൂചനയുണ്ട്.
പിള്ള പുര നിര്‍ത്തലാക്കിയത് തിരിച്ചടിയായി
പീരുമേട്: തോട്ടം തൊഴിലാളികളുടെ മക്കളെ ജോലിസമയത്ത് നോക്കാന്‍ പ്രായമേറിയ സ്ത്രീകളെ ചുമതലപ്പെടുത്തി ‘പിള്ള പുര’ എന്ന പേരില്‍ നടത്തിവന്നിരുന്ന സംവിധാനം നിര്‍ത്തലാക്കിയതോടെ കുട്ടികള്‍ ലയങ്ങളില്‍ തനിച്ചായി. ലോക് ഡൗണില്‍ അങ്കണവാടികളുടെ പ്രവര്‍ത്തനം കൂടി നിലച്ചതോടെയാണ് കുട്ടിയെ പ്രതി കൂടുതല്‍ ചൂഷണം ചെയ്ത് തുടങ്ങിയത്.
ചുരക്കുളം എസ്റ്റേറ്റിലെ കൊലപാതക കേസില്‍ ആറുവയസുകാരിക്ക് വലിയ തുകക്ക് ചോക്ലേറ്റ് വാങ്ങി നല്‍കിയാണ് വശത്താക്കിയതെന്ന് വെളിപ്പെടുത്തല്‍. നിരവധി ചെറുപ്പക്കാരുള്ള ലയത്തില്‍ ആര്‍ക്കും സംശയം തോന്നാത്ത വിധമായിരുന്നു അര്‍ജുന്റെ ഇടപെടീലെന്ന് പരിസരവാസികള്‍ പറഞ്ഞു. സംഭവത്തിന് ശേഷം പോലീസ് ചെറുപ്പക്കാരെ കസ്റ്റഡിയിലെടുത്തപ്പോള്‍ നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു. എന്നാല്‍ പിന്നാലെയാണ് നാടിനെ ഞെട്ടിക്കുന്ന വിവരം പുറത്തറിയുന്നത്.ഏറെക്കാലം കാത്തിരുന്ന് ഉണ്ടായ കുട്ടിയാണ് മരിച്ച പെണ്‍കുട്ടി.
മുമ്പ് പലവട്ടം കുട്ടിക്ക് ക്ഷീണം ഉണ്ടായെങ്കിലും മാതാപിതാക്കള്‍ അത് കാര്യമായെടുത്തില്ല. വളരെയധികം സംസാരിക്കുന്ന കുട്ടി എന്തുകൊണ്ട് പീഡന വിവരം പുറത്തറിയിച്ചില്ലെന്നതും പോലീസ് പരിശോധിക്കുന്നുണ്ട്. പ്രതി അര്ജുന് ഡിവൈഎഫ്ഐ ഭാരവാഹിയും യൂണിഫോം ധരിച്ച് വാളണ്ടിയറും സൈബര്‍ പോരാളിയുമാണ്. പ്രതിയുടെ പിതാവും സിപിഎമ്മിന്റെ പ്രധാന പ്രവര്‍ത്തകനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: