കണ്ണൂര്‍: ഒന്നരവയസുകാരന് മുഹമ്മദിനെ ചികിത്സാ തുകയ്ക്ക് കൈകോര്‍ത്ത് കേരളം. ദിവസങ്ങള്‍ കൊണ്ട് അകൗണ്ടില്‍ നിറഞ്ഞത് കോടികള്‍. സ്പൈനല്‍ മസ്കുലാര്‍ അട്രോഫിയെന്ന ജനിതക വൈകല്യത്തിന് മരുന്ന് വാങ്ങാന്‍വേണ്ടി സഹായം തേടിയ കണ്ണൂര്‍ പഴയങ്ങാടിയിലെ ഒന്നര വയസുകാരന് മുഹമ്മദിനേയും കുടുബത്തേയും സഹായിച്ച് കേരളം. ചികിത്സയ്ക്കാവശ്യമായ 18 കോടി രൂപ ലഭിച്ചുവെന്ന് മുഹമ്മദിന്റെ കുടുംബം അറിയിച്ചു. ഇനി ആരും പണം അയക്കേണ്ടതില്ലെന്നാണ് കുടുംബം വ്യക്തമാക്കിയത്.
പതിനായിരത്തിലൊരാള്‍ക്ക് മാത്രം വരുന്ന അപൂര്‍വ രോഗമാണ് സ്പൈനല്‍ മസ്കുലാര്‍ അട്രോഫി. രോഗം ബാധിച്ച് നടക്കാനാവാത്ത സ്ഥിതിയിലാണ് കുഞ്ഞ്. കണ്ണൂര്‍ സ്വദേശിയായ റഫീഖിന്റേയും മറിയത്തിന്റേയും ഇളയമകനായ മുഹമ്മദിനെ ബാധിച്ച അപൂര്‍വ്വരോഗത്തിന്റെ ചികിത്സയ്ക്ക് ഒരു ഡോസിന് പതിനെട്ട് കോടി രൂപ വിലയുള്ള സോള്‍ജെന്‍സ്മ എന്ന മരുന്നാണ് വേണ്ടിയിരുന്നത്. മൂത്തമകളായ അഫ്ര ഇതേ അസുഖം ബാധിച്ച് കിടപ്പിലായതോടെ മുഹമ്മദിനെയെങ്കിലും രക്ഷിക്കാനുള്ള പോരാട്ടത്തിലായിരുന്നു കുടുബം. എന്നാല്‍ തങ്ങളുടെ മുഴുവന്‍ സമ്പാദ്യവും വിറ്റൊഴിഞ്ഞാലും 18 കോടി ലഭിക്കില്ലായിരുന്നു.
മുഹമ്മദിന്റെ സഹോദരി അഫ്രയുടെ വീഡിയോ സമൂഹ മാധ്യമങ്ങളും വാര്‍ത്തകളും ഏറ്റെടുത്തതിനു മണിക്കൂറുകള്‍ക്കുള്ളില്‍ ഫെഡറല്‍ ബാങ്ക് സൗത്ത് ബസാറിലെ മറിയത്തിന്റെ അക്കൗണ്ടിലേക്ക് എത്തിയത് കോടികള്‍. പത്ത് രൂപ മുതല്‍ പതിനായിരം വരെ അയച്ച് ആളുകള്‍ ദൗത്യത്തിനൊപ്പം ചേര്‍ന്നു. വന്‍ തോതില്‍ ട്രാന്സാക്ഷന് നടന്നതോടെ ഗൂഗിള്‍ പേ അക്കൗണ്ട് പലവട്ടം പ്രവര്‍ത്തനരഹിതമായി. ഇന്ന് രാവിലെയോടെ പതിനാല് കോടി രൂപ അക്കൗണ്ടിലെത്തിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ശൂന്യതയില്‍ നിന്നും കോടികള്‍ അക്കൗണ്ടില്‍ എത്തിയ നന്മയുടെ മായാജാലത്തിന് മുന്നില്‍ അമ്പരന്ന് നില്‍ക്കുകയാണ് മുഹമ്മദിന്റെ പിതാവും മാതാവും സഹോദരിയും. മഹാമാരിയുടെ സാമ്പത്തിക ബുദ്ധിമുട്ടില്‍ നില്ക്കുന്ന സമയത്തും തങ്ങളെ സഹായിച്ച എല്ലാപേര്‍ക്കും മുഹമ്മദിന്റെ കുടുബം വീഡിയോയിലൂടെ നന്ദി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: