കണ്ണൂര്‍: രാമനാട്ടുകര സിപിഎം സ്വര്‍ണക്കടത്ത് കേസില്‍ എംവി ജയരാജനെയും പി. ജയരാജനെയും ചോദ്യം ചെയ്യണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്. സ്വര്‍ണ്ണക്കടത്തുകാരെ സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച് യുവമോര്‍ച്ച കണ്ണൂരില്‍ സംഘടിപ്പിച്ച ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങള്‍ പോലെ കണ്ണൂര്‍ വിമാനത്താവളത്തെയും സ്വര്‍ണക്കടത്തുകാര്‍ക്ക് സ്വതന്ത്രമായി വിഹരിക്കാനുള്ള കേന്ദ്രമാക്കി സിപിഎം മാറ്റി. കസ്റ്റംസ് അന്വേഷണം ശരിയായ ദിശയിലാണ്. കേസ് അട്ടിമറിക്കാനാണ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നത്. ക്രൈംബ്രാഞ്ച് ഏറ്റെടുത്തതില്‍ ഗൂഢാലോചനയുണ്ടെന്നും കൊള്ളമുതല്‍ പങ്കുവെക്കുന്നതിലുള്ള തര്‍ക്കമാണ് കണ്ണൂരിലെ സിപിഎമ്മിലെന്നും സുരേന്ദ്രന് ചൂണ്ടിക്കാട്ടി.
സ്വര്‍ണ കള്ളക്കടത്ത് ക്വട്ടേഷന്‍ സംഘം സി.പി.എമ്മിന്റെ പോഷക സംഘടനയായി മാറിയിരിക്കുകയാണ്. വിമാന താവളങ്ങള്‍ കേന്ദ്രീകരിച്ചാണ് ഈ ക്വട്ടേഷന്‍ സംഘം പ്രവര്‍ത്തിക്കുന്നത്. ഇതിന് സി.പി.എം നേതാക്കളാണ് ഒത്താശ ചെയ്യുന്നത്. ഇവര്‍ സ്വര്‍ണ കള്ളക്കടത്ത് നടത്തുന്നതിലെ ഒരു വിഹിതം പാര്‍ട്ടിക്കുള്ളതാണെന്ന് വ്യക്തമായിരിക്കുകയാണ്. കൊള്ള മുതല്‍ പങ്കുവയ്ക്കുന്ന തര്‍ക്കമാണ് ഇപ്പോള്‍ സി.പി.എമ്മില്‍ നടക്കുന്നത്.
പി. ജയരാജന് നേതൃത്വം നല്കുന്ന പാര്‍ട്ടിയെ വെല്ലുവിളിക്കുന്ന ഗുണ്ടാസംഘവും എം.വി ജയരാജന് നേതൃത്വം നല്കുന്ന സി.പി.എം ഔദ്യോഗിക വിഭാഗവുമായാണ് ഇപ്പോള്‍ തര്‍ക്കം നടക്കുന്നത്. ഇതിന്റെ ഭാഗമായുള്ള തര്‍ക്കങ്ങളാണ് പുറത്തു വന്നിരിക്കുന്നതെന്നും സുരേന്ദ്രന് പറഞ്ഞു.
ധര്‍ണ്ണ സമര പരിപാടിയില്‍ യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അരുണ്‍ കൈതപ്രം അദ്ധ്യക്ഷത വഹിച്ചു . ബി.ജെ.പി ജില്ലാ പ്രസിഡന്റ് എന്‍ ഹരിദാസ് ,സംസ്ഥാന സെക്രട്ടറി കെ.രഞ്ചിത്ത്, നേതാക്കളായ ബിജു ഏളക്കുഴി, കെ.കെ വിനോദ് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ച. യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രെട്ടറിമാരായ അര്ജുന് മാവിലക്കണ്ടി സ്വാഗതവും അഡ്വ കെ രഞ്ജിത്ത് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: