മുംബൈ: ഭീമ കൊറേഗാവ് കേസില്‍ വിചാരണ കാത്തുകഴിയുന്ന ഫാദര്‍ സ്റ്റാന്‍ സ്വാമി(84) അന്തരിച്ചു. അദ്ദേഹത്തിന്റെ അഭിഭാഷകനാണ് മരണവിവരം ബോംബെ ഹൈക്കോടതിയെ അറിയിച്ചത്. ബാന്ദ്ര ഹോളി ഫാമിലി ആശുപത്രിയിലായിരുന്നു അന്ത്യം. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ശനിയാഴ്ച രാത്രി അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ഇന്നു ഉച്ചയോടെ ഹൃദയാഘതത്തെ തുടര്‍ന്നാണ് അന്ത്യമുണ്ടായത്.
തലോജ സെന്‍ട്രല്‍ ജയിലിലായിരുന്ന സ്റ്റാന്‍ സ്വാമിയെ മേയ് 28-നാണ് രണ്ടാഴ്ചത്തെ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. ആശുപത്രിയില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു. അദ്ദേഹത്തിന്റെ ചികിത്സ പൂര്‍ത്തിയായിട്ടില്ലെന്ന് അഭിഭാഷകന് മിഹിര്‍ ദേശായ് ശനിയാഴ്ച കോടതിയെ അറിയിച്ചു. ഇതേത്തുടര്‍ന്ന് ജൂലായ് ആറുവരെ ആശുപത്രിയില്‍ കഴിയാന്‍ ജസ്റ്റിസ് എസ്.എസ്. ഷിന്ദേയുടെയും എന്‍.ജെ. ജമാദാറിന്റെയും ബെഞ്ച് അനുമതി നല്‍കിയിരുന്നു.
2017 ഡിസംബര്‍ 31 ന്കൊറെഗാവില്‍ നടന്ന ദളിത് സംഗമത്തോടനുബന്ധിച്ച് സംസ്ഥാന വ്യാപകമായി അക്രമസംഭവങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. . എല്‍ഗാര്‍ പരിഷദ് എന്ന പേരില്‍ നടന്ന ദളിത് സംഗമത്തിനു പിന്നില്‍ സ്റ്റാന്‍ സ്വാമി ഉണ്ടായിരുന്നു എന്നാണ് ദേശീയ അന്വേഷണ ഏജന്‍സി കണ്ടെത്തിയിരിക്കുന്നത്.
സ്റ്റാന്‍ സ്വാമി നിരോധിത സിപിഐ മാവോയിസ്റ്റ് സംഘടനകളില്‍ സജീവമാണെന്ന് എന്‍ഐഎ ഫയല്‍ ചെയ്ത കുറ്റപത്രത്തില്‍ പറയുന്നു. 10,000 പേജ് വരുന്ന വിശദാംശങ്ങളോടെയാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. ഐഎസ്ഐയുമായി അറസ്റ്റിലായവര്‍ക്കുളള ബന്ധവും അന്വേഷണത്തില്‍ കണ്ടെത്തി. മണിപ്പൂരിലെ കങ്കേല്‍പാക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, ആന്ധ്രയിലെ റവല്യൂഷണറി ഡമോക്രാറ്റിക് ഫ്രണ്ട് തുടങ്ങിയ സംഘാടനകള്‍ക്കും കലാപത്തില്‍ ബന്ധമുള്ളതായി കണ്ടെത്തിയിട്ടുണ്ട്.മാവോയിസ്റ്റ് സംഘടനകളില്‍ നിന്ന് ഫണ്ട് കൈപ്പറ്റുന്ന സ്റ്റാന്‍ മാവോയിസ്റ്റ് സംഘടനയുടെ പോഷക സംഘടനയായ പി.പി.എസ്.സി യുടെ കണ്‍വീനറാണെന്നും കലാപത്തില്‍ മുഖ്യപങ്ക് വഹിച്ചുവെന്നും എന്‍ഐഎ കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: