ലോസ് ആഞ്ചലസ്: കാലിഫോര്‍ണിയയില്‍ കാട്ടുതീ വ്യാപകമായി പടരുന്നു. ഇതിനോടകം തെക്കന്‍ കലിഫോണിയയിലെ നാല്‍പതിനായിരം ഏക്കറിലധികം ഭൂമിയിലേക്ക് കാട്ടുതീ വ്യാപിച്ചതായാണ് റിപ്പോര്‍ട്ട്. പ്രധാനമായും മൂന്ന് വിധത്തിലുള്ള കാട്ടുതീയാണ് പടരുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
സിസ്കിയു കൗണ്ടിയില്‍ ജൂണ്‍ 24 ന് ആരംഭിച്ച ലാവയിൽ നിന്നുമുണ്ടായ തീയിൽ 24,460 ഏക്കറോളം കത്തി നശിച്ചതായി സിന്‍ഹുവാ വാര്‍ത്താഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. തീ പടര്‍ന്നതിനെ തുടര്‍ന്ന് ആയിരക്കണക്കിനാളുകളെ മാറ്റിപ്പാര്‍പ്പിച്ചു.
ക്ലമത്ത് ദേശീയവനത്തിന് കിഴക്കായി ജൂണ്‍ 28 ന് ആരംഭിച്ച ടെനന്റ് ഫയറില്‍ 10,012 ഏക്കറോളം പ്രദേശത്തെ ബാധിച്ചതായി കാലിഫോര്‍ണിയ ഡിപാര്‍ട്ട്‌മെന്റ് ദി ഫോറസ്ട്രി ആന്‍ഡ് ഫയര്‍ പ്രൊട്ടക്ഷന്‍ അറിയിച്ചു.
സാള്‍ട്ട് ഫയര്‍ മൂലം 27 വീടുകള്‍ കത്തിനശിച്ചതായി യുഎസ് ഫോറസ്റ്റ് സര്‍വീസ് പറഞ്ഞു. 7,467 ഏക്കറോളം ഈ കാട്ടുതീ ബാധിച്ചു. ഷാസ്റ്റ തടാകത്തിന് സമീപത്ത് കൂടി സഞ്ചരിച്ച ഏതോ വാഹനത്തില്‍ നിന്നാണ് തീയുടെ ഉത്ഭവം എന്നാണ് നിഗമനം.
കാലിഫോണിയയില്‍ കാട്ടുതീ സാധാരണമാണെങ്കിലും, നേരത്തെ ആരംഭിച്ച് വൈകി കുറയുന്നതായാണ് അടുത്ത കാലത്തായി കണ്ടുവരുന്ന പ്രവണത. കാലാവസ്ഥാ വ്യതിയാനമാണ് ഇതിന്റെ പ്രധാനകാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ചൂടേറിയ വസന്തകാലവും വേനല്‍ക്കാലവും കുറഞ്ഞുവരുന്ന മഞ്ഞും വസന്തകാലത്തിന്റെ ആരംഭത്തില്‍ തന്നെ മഞ്ഞുരുകാന്‍ തുടങ്ങുന്നതും അടുത്തിടെ കണ്ടുവരുന്ന മാറ്റങ്ങളാണ്. ഇത് വൃക്ഷലതാദികളില്‍ ഈര്‍പ്പം കുറയാനിടയാക്കുന്നതായും വനമേഖലയില്‍ കാട്ടുതീ വ്യാപിക്കാനിടയാക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: