കൊച്ചി: കൊവിഡ് ബാധിച്ച് മരിച്ച രോഗികളുടെ ബന്ധുക്കള്‍ നേരിടുന്നത് ഗുരുതര മനുഷ്യാവകാശ ലംഘനം. ആശുപത്രിയില്‍ നിന്ന് നല്കുന്ന ഡെത്ത് സമ്മറിയിലോ പിന്നീട് തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്നു ലഭിക്കുന്ന ഡെത്ത് സര്‍ട്ടിഫിക്കറ്റിലോ കൊവിഡ് ബാധിച്ചാണ് മരണം എന്ന് പലപ്പോഴും രേഖപ്പെടുത്തുന്നില്ല. ഇതെക്കുറിച്ച് സംശയം ഉന്നയിക്കുന്നവരോട് മരിച്ചയാളുടെ രക്തബന്ധത്തിലുള്ള ആരെങ്കിലും അപേക്ഷ നല്കിയാല്, കൊവിഡ് മരണം രേഖപ്പെടുത്തുന്ന സര്‍ട്ടിഫിക്കറ്റ് നല്കുന്ന കാര്യം പരിഗണിക്കാം എന്നാണ് ആശുപത്രിയില്‍ നിന്നു ലഭിക്കുന്ന മറുപടി.
സര്‍ക്കാര്‍ ധനസഹായത്തിന് അവകാശം ഉന്നയിക്കുന്നതിനും ഇത് തിരിച്ചടിയാകും. കൊവിഡ് ബാധിച്ചാണ് മരണം എന്നു സ്ഥിരീകരിക്കേണ്ടത് ചികിത്സ തേടിയ ആശുപത്രിയിലെ ഡോക്ടര്‍മാരാണ്. എന്നാല്‍ രോഗിയുടെ മരണ കാരണം വ്യക്തമാക്കുന്ന യാതൊരു രേഖകളും ആശുപത്രി അധികൃതര്‍ നല്‍കുന്നില്ല. ഒരു വ്യക്തിയുടെ മരണ വിവരം ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത് ആ രോഗി മരിച്ച ആശുപത്രി സ്ഥിതി ചെയ്യുന്ന പ്രദേശത്തെ തദ്ദേശ സ്ഥാപനങ്ങള്‍ നല്കുന്ന ഡെത്ത് സര്‍ട്ടിഫിക്കറ്റ് മുഖേനയാണ്. എന്നാല്‍ കൊവിഡ് ബാധിച്ച് മരണമടഞ്ഞ രോഗികളുടെ ഡെത്ത് സര്‍ട്ടിഫിക്കറ്റിലും മരണ കാരണം പരാമര്‍ശിക്കുന്നില്ല. ചികിത്സ നല്കിയ ആശുപത്രിയില്‍നിന്നും ബന്ധുക്കള്‍ക്ക് ഡെത്ത് സമ്മറി നല്കാന് ആരോഗ്യ വകുപ്പ് ആശുപത്രി അധികൃതര്‍ക്ക് ഔദ്യോഗിക നിര്‍ദേശവും നല്‍കിയിട്ടില്ല.
നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട നടപടികള്‍ക്ക്, കൊവിഡ് മരണം സ്ഥിരീകരിക്കാനുള്ള രേഖകള്‍ക്കായി തദ്ദേശ സ്വയംഭരണ കേന്ദ്രത്തിലെ ഓഫീസുകളില്‍ കയറി ഇറങ്ങുന്നുണ്ട് പലരും. മരണ സര്‍ട്ടിഫിക്കറ്റില്‍ കാരണം വ്യക്തമാക്കാനുള്ള നിര്‍ദേശമില്ലെന്ന് ചൂണ്ടിക്കാട്ടി മടക്കി ഇവരെ അയയ്ക്കുകയാണ് പതിവ്.
അതേസമയം കൊവിഡ് മരണങ്ങളുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങള്‍ തുടരുകയാണ്. പൊതുജനങ്ങളുടെ പരാതികളുടെ നിജസ്ഥിതി കണ്ടെത്താനും പരിഹരിക്കാനും പ്രത്യേക സംവിധാനമുണ്ടെന്ന് ആരോഗ്യ വകുപ്പ് പറയുന്നു. സര്‍ക്കാര്‍ തയാറാക്കിയ പട്ടികയില്‍ സംസ്ഥാന വിദഗ്ധ സമിതി അംഗീകരിക്കാത്ത ചില ലിസ്റ്റുകള്‍ പുനപ്രസിദ്ധീകരിക്കുക മാത്രമാണ് ഇപ്പോള്‍ ചെയ്യുന്നത്. ഇത് തന്നെ തുടരണം എന്നാണ് ആരോഗ്യമന്ത്രി ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുടെ സൂം മീറ്റില്‍ ആവശ്യപ്പെട്ടത്. ഇത് നടപ്പാകുന്നതോടെ കുടുംബാംഗങ്ങള്‍ മരിച്ച ബന്ധുക്കളുടെ പരാതികള്‍ പരിഗണിക്കാന്‍ അവസരം ഇല്ലാതാകും. കൊവിഡ് മരണക്കണക്ക് മറച്ചുവച്ചു എന്ന ആരോപണത്തില്‍ നിന്ന് രക്ഷപെടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനായാണ് ഇപ്പോള്‍ സര്‍ക്കാര്‍ പട്ടികയിലുള്ള പേരുവിവരങ്ങള്‍ പ്രത്യേക സോഫ്റ്റ്വെയര് മുഖേന വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: