മങ്കൊമ്പ്: കുട്ടനാട്ടിലെ വെള്ളപ്പൊക്ക നിയന്ത്രണത്തിനു 105 കോടി രൂപ ചെലവില്‍ ആഴംകൂട്ടല്‍ ജോലികള്‍ക്കു ശുപാര്‍ശയുമായി കളക്ടര്‍ അധ്യക്ഷനായ ഉദ്യോഗസ്ഥ സമിതി. 200 കേന്ദ്രങ്ങളിലാണ് ആഴം കൂട്ടേണ്ടതെന്നു സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. സമിതിയുടെ റിപ്പോര്‍ട്ട് ചര്‍ച്ചചെയ്യാനായി മന്ത്രിമാരുടെ യോഗം ഉടനെ ചേരും. ഫിഷറീസ്, കൃഷി, ജലസേചനം തുടങ്ങിയ വകുപ്പുമന്ത്രിമാരാണു യോഗം ചേരുന്നത്. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ മന്ത്രിതലയോഗം വിളിച്ചേക്കും. യോഗത്തില്‍ ധനം, റവന്യൂ വകുപ്പ് മന്ത്രിമാരെക്കൂടി പങ്കെടുപ്പിക്കും.
കനാലുകള്‍, ഇടത്തോടുകള്‍, നദികള്‍, വേമ്പനാട്ടു കായല്‍ എന്നിവ എക്കലുംമറ്റും അടിഞ്ഞ് തീരം ആഴംകുറഞ്ഞ നിലയിലാണെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. ജലവാഹകശേഷിയും കുറഞ്ഞ നിലയിലാണ്. യുദ്ധകാലാടിസ്ഥാനത്തില്‍ ആഴംകൂട്ടല്‍ വേണം. ഇതിനായി നിര്‍ദിഷ്ട കേന്ദ്രങ്ങളില്‍ ചെളിയും എക്കലും വാരണം. മടവീഴ്ച പതിവായ കനകാശ്ശേരി പാടശേഖരത്തില്‍ പൈല് ആന്‍ഡ് സ്ലാബ് ഉപയോഗിച്ച് ബണ്ട് നിര്‍മിക്കാനാണു മറ്റൊരു ശുപാര്‍ശ.കനകാശ്ശേരി പാടശേഖരത്തില്‍ മടവീണാല്‍ ബാധിക്കുന്ന വലിയകരി മീനപ്പള്ളി പാടശേഖരങ്ങളെ വേര്‍തിരിക്കും. ഇതിനായി അതിര്‍ത്തി ബണ്ട് ഉയര്‍ത്തി ബലപ്പെടുത്താന്‍ നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി രൂപരേഖ തയ്യാറാക്കാന്‍ ജലസേചന വകുപ്പിനു നിര്‍ദേശം നല്‍കും.
മടവീഴ്ചയുണ്ടാകുന്ന നെടുമുടി മംഗലം പാടശേഖരത്തിന്റെയും പുറംബണ്ട് ബലപ്പെടുത്തും. ഇതുള്‍പ്പെടെ നിലവില്‍നടക്കുന്ന 205 കോടിയുടെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും ശുപാര്‍ശയില്‍ പറയുന്നു. കുട്ടനാട് ശുദ്ധജലപദ്ധതി വേഗത്തില്‍ ആരംഭിക്കണമെന്നും ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: