മക്കളേ,
നമ്മുടെ കുഞ്ഞുങ്ങള്‍ ഉത്സാഹവും ഉന്മേഷവും ആരോഗ്യബുദ്ധിയും ഉള്ളവരായി വളരണം. പ്രതികൂലസാഹചര്യങ്ങളെ നേരിടാനുള്ള കരുത്തും ധീരതയും അവര്‍ക്കുണ്ടാകണം. മറ്റുള്ളവരുമായി യോജിച്ചുപോകുവാനും, സമൂഹജീവിതത്തില്‍ ക്രിയാത്മകമായ പങ്കുവഹിക്കുവാനും അവര്‍ക്കു കഴിയണം. അവരുടെ ജീവിതം സന്തോഷവും സംതൃപ്തിയും നിറഞ്ഞതാകണം. എന്നാല്‍ എങ്ങനെയാണ് ഇതെല്ലാം സാധിക്കുക. കുഞ്ഞുന്നാള് മുതല്‍ ശരിയായ ശിക്ഷണവും പരിശീലനവും കുഞ്ഞുങ്ങള്‍ക്കു നല്കിയാല് ഇതെല്ലാം സാധിക്കാവുന്നതേയുള്ളു.
ജനിച്ചുവീണ നിമിഷം മുതല്‍ ഓരോന്നില്‍ ബന്ധിച്ചാണ് കുഞ്ഞുങ്ങള്‍ വളരുന്നത്. കുഞ്ഞ് കരഞ്ഞാല്‍ ഉടനെ അമ്മ മുലപ്പാല്‍ കൊടുക്കുന്നു.
പിന്നെയും കരഞ്ഞാല്‍ നിപ്പിള്‍ വായില്‍ വെച്ചുകൊടുക്കും. അവര്‍ക്കിഷ്ടമുള്ള മധുരപലഹാരങ്ങള്‍ കൊടുക്കുന്നു. അല്ലെങ്കില്‍ കളിപ്പാട്ടങ്ങള്‍ നല്‍കും. കൊച്ചു വണ്ടി, കൊച്ചു കാറ്, തുടങ്ങിയ കളിപ്പാട്ടങ്ങള്‍, കളിപ്പാവകള്‍ എന്നിങ്ങനെ ഓരോ വസ്തുക്കളില്‍ സന്തോഷം കണ്ടെത്തിയാണ് കുഞ്ഞു വളരുന്നത്. ഇങ്ങനെ ഇഷ്ടമുള്ളതെല്ലാം അപ്പപ്പോള്‍ സാധിച്ചു വളരുന്നതുകൊണ്ട് ഇഷ്ടങ്ങള്‍ സാധിക്കാന്‍ കഴിയാതെ വരുന്ന സാഹചര്യങ്ങളെ എങ്ങനെ നേരിടണമെന്നറിയാതെ അവര്‍ തളരുന്നു.
പാശ്ചാത്യരാജ്യങ്ങളില്‍ കുട്ടികള്‍ക്ക് ചെറുപ്പം മുതലേ വളരെയധികം സ്വാതന്ത്ര്യം കൊടുത്താണ് വളര്‍ത്തുന്നത്. കുട്ടികള്‍ തെറ്റുചെയ്താല്‍ ശിക്ഷിക്കുകയില്ല. സ്ക്കൂളില്‍ അദ്ധ്യാപകര്‍ക്കും കുട്ടികളെ ശിക്ഷിക്കാന്‍ പാടില്ല. ഇങ്ങനെ സകലതും സ്വന്തം ഇഷ്ടത്തിനു ചെയ്തു ശീലിക്കുന്ന കുട്ടികളുടെ മനസ്സ് ക്രമേണ ദുര്‍ബ്ബലമാകുന്നു. മനസ്സു ദുര്‍ബ്ബലമായതിനാല്‍ നിസ്സാര പ്രശ്നങ്ങള്‍ വരുമ്പോള്‍ പോലും അവര്‍ അസ്വസ്ഥരാകുന്നു. ആരെങ്കിലും അവരെ വഴക്കു പറയുകയോ പരിഹസിക്കുകയോ ചെയ്താല്‍ അതു താങ്ങാനുള്ള ശക്തിയില്ല. അങ്ങനെയുള്ളവര്‍ ജീവിതത്തിന്റെ പ്രതിസന്ധികളില്‍ തളര്‍ന്നുപോകും. അതിനാല്‍ പാശ്ചാത്യ നാടുകളില്‍ മാനസിക രോഗികളുടെ എണ്ണം കൂടുന്നു. അവരെ ചികിത്സിക്കാന്‍ ഡോക്ടര്‍മാരും കൂടുതല്‍ വേണ്ടിവരുന്നു.
ബ്ലോക്കുചെടികള്‍ക്ക് വെള്ളവും വളവും പരിചരണവും എപ്പോഴും നല്‍കണം. പ്രതിരോധ ശക്തിയില്ലാത്തതുകൊണ്ട് സമയത്തിനു മരുന്നടിച്ചു കൊടുക്കണം. അല്ലെങ്കില്‍ പുഴു വന്നിട്ട് അതിനെ നശിപ്പിക്കും. കുഞ്ഞുങ്ങള്‍ക്ക് വിദ്യാഭ്യാസത്തോടൊപ്പം ആത്മീയത കൂടി പറഞ്ഞു കൊടുത്തില്ലെങ്കില്‍ അവര്‍ ബ്ലോക്ക് ചെടി പോലെയാകും. എന്നാല്‍ ചിലതരം ചെടികളുണ്ട്, അവയെ നട്ടാല്‍ മാത്രം മതി. സ്വയം വെള്ളവും വളവും വലിച്ചെടുത്ത് അവ തനിയെ വളരും. അതുപോലെ കുഞ്ഞുങ്ങളെ സ്വാശ്രയശീലത്തോടെ വളരാന്‍ പരിശീലിപ്പിക്കണം.
രണ്ട് അയല്‍ക്കാര്‍ ഒരേ സമയം അവരുടെ മുറ്റത്ത് ഓരോ മാവിന്‍തൈ നട്ടു. ഒരാള്‍ താന്‍ നട്ട ചെടിയ്ക്ക് മിതമായി മാത്രം വെള്ളവും വളവും നല്കി. മറ്റെയാള്‍ തന്റെ ചെടിയ്ക്ക് ആവശ്യത്തിലധികം വെള്ളവും വളവും നല്കി. ആ മാവിന്‍തൈ വളരെ പെട്ടെന്ന് വളര്‍ന്നു പന്തലിച്ചു. എന്നാല്‍ ആദ്യത്തെയാളുടെ ചെടിയുടെ വളര്‍ച്ച സാവധാനത്തിലായിരുന്നു. അത്ര പന്തലിച്ചതുമില്ല. അങ്ങനെയിരിക്കെ ഒരു ദിവസം ശക്തമായ കാറ്റടിച്ചു. രണ്ടാമന്റെ മുറ്റത്തെ മാവ് കടപുഴകി വീണു. ഒന്നാമന്റെ മാവിനാകട്ടെ ഒരപകടവും സംഭവിച്ചില്ല. വെള്ളവും വളവും ആവശ്യത്തിനുമാത്രം നല്കിയതുകൊണ്ട്, മണ്ണില്‍നിന്നും അതിന്റെ വളര്‍ച്ചയ്ക്കാവശ്യമായ വെള്ളവും പോഷകാംശവും വലിച്ചെടുക്കുവാനായി ആ മാവിന്റെ വേര് മണ്ണിനടിയില്‍ വളരെ ആഴത്തില്‍ പടര്‍ന്നിരുന്നു. അതുകൊണ്ട് ശക്തമായ കാറ്റിനെ അതിജീവിക്കാന്‍ അതിനു കഴിഞ്ഞു. എന്നാല്‍ രണ്ടാമന്റെ മുറ്റത്തെ മാവിന് വേണ്ടതെല്ലാം മുകളില്‍നിന്നുതന്നെ കിട്ടിയതിനാല്‍ അതിന്റെ വേരുകള്‍ ആഴത്തില്‍ പോയില്ല. അതുകാരണം ആ മരം കാറ്റില്‍ കടപുഴകി വീഴുകയും ചെയ്തു.
നമ്മള് കുട്ടികള്‍ക്ക് തീര്‍ച്ചയായും സ്നേഹവും വാത്സല്യവും നല്‍കണം. എന്നാല്‍ അതോടൊപ്പം ശിക്ഷണവും നിയന്ത്രണവും വേണം. അമിതമായ ലാളനയും എല്ലാ ആഗ്രഹങ്ങളും എപ്പോഴും സാധിച്ചുകൊടുക്കുന്നതും അവരെ ദുര്‍ബ്ബലരാക്കുകയേയുള്ളു. കുട്ടികള്‍ക്ക് ചെറിയ ചെറിയ ഉത്തരവാദിത്വങ്ങള്‍ നല്‍കണം. ധര്‍മ്മാധര്‍മ്മങ്ങളെക്കുറിച്ചും കര്‍ത്തവ്യങ്ങളെക്കുറിച്ചും അവരെ ബോധവാന്മാരാക്കണം. പ്രശ്നങ്ങളെ നേരിടുമ്പോള്‍ ചെറിയ ചെറിയ പരാജയങ്ങളെ ഏറ്റുവാങ്ങാനും ചെറിയ ദുഃഖങ്ങള്‍ സഹിക്കുവാനും അവര്‍ ശീലിച്ചിരിക്കണം. അങ്ങനെയായാല്‍ അവര്‍ ആന്തരികമായി കരുത്തുള്ളവരാകും. ക്രമേണ ഏതു പ്രതിസന്ധിയേയും നേരിടാനും തരണംചെയ്യാനും അവര്‍ക്കു കഴിയും.
കുഞ്ഞുങ്ങള്‍ക്ക് വിദ്യാഭ്യാസത്തോടൊപ്പം ആത്മീയതയുടെ പാഠങ്ങള്‍കൂടി പറഞ്ഞുകൊടുക്കണം. ആത്മീയതയെന്നാല്‍ സ്വയംപര്യാപ്തത നേടാനുള്ള മാര്‍ഗ്ഗമാണ്. തന്നില്‍ത്തന്നെ സന്തോഷവും സംതൃപ്തിയും കണ്ടെത്തലാണ് അത്. താന്‍ പരാശ്രയത്തില്‍ കഴിയേണ്ടവനല്ല, തന്നില്‍ എല്ലാമുണ്ട് എന്ന് അവര്‍ മനസ്സിലാക്കണം. മെഴുകുതിരിയുടെ വെളിച്ചത്തെ ആശ്രയിക്കേണ്ടവനല്ല, സ്വയം ജ്വലിക്കുന്ന സൂര്യനാണു താന്‍ എന്ന് ഓരോരുത്തരും തിരിച്ചറിയണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: