തിരുവനന്തപുരം: പട്ടയഭൂമിയില്‍ നിന്ന് ചന്ദനം ഒഴികെയുള്ള രാജകീയവൃക്ഷങ്ങളടക്കം മുറിക്കാമെന്ന വിവാദ ഉത്തരവ് പുറത്തിറക്കിയത് അന്നത്തെ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്റെ നിര്‍ദേശത്തെത്തുടര്‍ന്ന്. ഇത്തരമൊരു നിര്‍ദേശം നിലനില്‍ക്കില്ലെന്നും എജിയുടെയും കോടതിയുടെയും നിര്‍ദേശങ്ങള്‍ക്കനുസൃതമായി നിലപാടെടുക്കണമെന്ന് പറഞ്ഞ റവന്യുമന്ത്രി തന്നെ മാസങ്ങള്‍ക്കകം വിവാദ ഉത്തരവിറക്കാന്‍ നിര്‍ദേശിച്ചതിനു പിന്നില്‍ ദുരൂഹത. സിപിഎമ്മിന്റെയും സിപിഐയുടെയും സമ്മര്‍ദത്തിന് വഴങ്ങിയാണ് മന്ത്രി നിലപാടില്‍ മലക്കംമറിച്ചില്‍ നടത്തിയതെന്ന് ആക്ഷേപമുയരുന്നു.
2020 ഒക്ടോബര്‍ 5നാണ് അന്ന് റവന്യു മന്ത്രിയായിരുന്ന ഇ. ചന്ദ്രശേഖരന് ചന്ദനം, ഈട്ടി, തേക്ക്, കരിമരം എന്നിവ മുറിക്കാനാവില്ലെന്ന നിയമവ്യവസ്ഥ മറികടക്കാന്‍ വിവാദ ഉത്തരവിറക്കാന്‍ നിര്‍ദേശിച്ചത്. 1964 ലെ ചട്ടങ്ങള്‍ പ്രകാരം പതിച്ചു നല്കിയ ഭൂമിയില്‍ കര്‍ഷകര്‍ വച്ചുപിടിപ്പിച്ചതും കിളിര്‍ത്ത് വന്നതും പതിച്ചു ലഭിക്കുന്ന സമയത്ത് വൃക്ഷവില അടച്ച് റിസര്‍വ് ചെയ്തതുമായ ചന്ദനം ഒഴികെയുള്ള എല്ലാ മരങ്ങളും കര്‍ഷകരുടേതാണെന്നും അപ്രകാരമുള്ള മരങ്ങള്‍ മുറിക്കാമെന്നും അതിനെ തടസപ്പെടുത്തുന്ന രീതിയില്‍ ഉത്തരവുകള്‍ പാസാക്കുന്നതോ നേരിട്ട് തടസപ്പെടുത്തുന്നതോ ഗുരുതരമായ കൃത്യവിലോപമായി കണക്കാക്കി അങ്ങനെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനനടപടികള്‍ സ്വീകരിക്കേണ്ടതാണെന്നുമുള്ള ഒരു ഉത്തരവ് പുറപ്പെടുവിക്കണമെന്നുമാണ് മന്ത്രിയുടെ നിര്‍ദേശത്തില്‍ പറയുന്നത്. ഇങ്ങനെ ഉത്തരവിറക്കി വനംവകുപ്പിലെ ബന്ധപ്പെട്ടവര്‍ക്കുള്‍പ്പെടെ സര്‍ക്കുലേറ്റ് ചെയ്യണമെന്നും മന്ത്രി നിര്‍ദേശിക്കുന്നുണ്ട്.
എന്നാല്‍ ഉത്തരവിറക്കുന്നതിന് മുമ്പ് ഇത്തരമൊരു ഉത്തരവ് നിയമവിരുദ്ധമാണെന്ന് വനംവകുപ്പിനും റവന്യുവകുപ്പിനും വ്യക്തമായ ധാരണയുണ്ടായിരുന്നുവെന്നതിന്റെ രേഖകളും പുറത്തായി. കട്ടമ്പുഴ വനമേഖലയിലെ കര്‍ഷകര്‍ അവര്‍ നട്ടുവളര്‍ത്തിയ മരങ്ങള്‍ മുറിക്കുന്നതിനുള്ള അനുമതി തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 2019 ജൂണ്‍ 27 ന് വനം മന്ത്രി യോഗം വിളിച്ചു. പട്ടയ ഭൂമിയില്‍ കര്‍ഷകര്‍ നട്ടുവളര്‍ത്തിയ മരങ്ങള്‍ മുറിക്കുന്നതിനു വനം വകുപ്പ് എതിരല്ല. എന്നാല്‍ ചന്ദനം, തേക്ക്, ഈട്ടി, കരിമരം എന്നിവ മുറിക്കാന്‍ സാധിക്കില്ല എന്നും ഇത് സംസ്ഥാന സര്‍ക്കാരില്‍ നിക്ഷിപ്തമാണ് എന്നുമാണ് വനം വകുപ്പ് നിലപാടെടുത്തത്. തുടര്‍ന്ന് റവന്യു വകുപ്പിന്റെ അഭിപ്രായം അറിയാന്‍ നിര്‍ദേശിച്ചു.
2019 സെപ്തംബര്‍ 3ന് റവന്യു മന്ത്രിയുടെ നേതൃത്വത്തില്‍ മറ്റൊരു യോഗം ചേര്‍ന്നു. ഈ യോഗത്തിലും വനം വകുപ്പ് മേധാവി ചന്ദനം, തേക്ക്, ഈട്ടി, കരിമരം എന്നിവ മുറിക്കാന്‍ സാധിക്കില്ല എന്ന വാദം ആവര്‍ത്തിച്ചു. പട്ടയം ലഭിച്ചശേഷം കര്‍ഷകര്‍ നട്ടുവളര്‍ത്തിയ മരങ്ങള്‍ മുറിക്കുന്നതിനു ഭൂപതിവ് ചട്ടം 1964 ഭേദഗതി വരുത്താന്‍ യോഗത്തില്‍ തീരുമാനമെടുത്തു. ഇതില്‍ നിയമവകുപ്പിന്റെയും അഡീഷണല്‍ എജിയുടെയും അഭിപ്രായം സ്വരൂപിച്ച് ശുപാര്‍ശ ഉള്‍പ്പെടുത്തി സമര്‍പ്പിക്കാന്‍ മന്ത്രി ഇ. ചന്ദ്രശേഖരന് തന്നെ ഉത്തരവിടുകയും ചെയ്തു. എന്നാല്‍ ഇത് നടപ്പായില്ല.
ഈ സാഹചര്യം നിലനില്‍ക്കെയാണ് 2020 മാര്‍ച്ച് 11 ന് അന്നത്തെ റവന്യു വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി.വേണു മരങ്ങള്‍ മുറിക്കാനായി വിവാദ പരിപത്രം പുറപ്പെടുവിച്ചത്. ഇത് പ്രകാരം ചന്ദനം ഒഴികെയുള്ള എല്ലാ മരങ്ങളും മുറിക്കാം എന്നാണ് സര്‍ക്കാര്‍ പറഞ്ഞിരുന്നത്. കേരള ഹൈക്കോടതിയില്‍ ‘വണ്‍ എര്‍ത്ത് വണ്‍ ലൈഫ്’ സംഘടന നല്കിയ കേസില്‍ ഇത് സ്റ്റേ ചെയ്യുകയുണ്ടായി. ഈ സാഹചര്യങ്ങള്‍ വിശദമായി പരിശോധിച്ച റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ 2017ലെ ഭേദഗതി പ്രകാരം ചന്ദനം, തേക്ക്, ഈട്ടി, കരിമരം എന്നിവ മുറിക്കാന്‍ സാധിക്കില്ല എന്ന് അസന്നിഗ്ധമായി ഫയലില്‍ കുറിച്ച് മന്ത്രിക്ക് നല്‍കുകയായിരുന്നു. 2020 സെപ്തംബര്‍ ആദ്യവാരത്തിലായിരുന്നു ഇത്. നിലവിലുള്ള ചട്ടങ്ങളുടെ വ്യവസ്ഥകള്‍ക്ക് വിരുദ്ധവും നിയമപ്രകാരം തെറ്റുമാണെന്നും അതിനാല്‍ അഡീഷണല്‍ എജിയുടെയും അഭിപ്രായവും കോടതിയുടെ തീരുമാനം കാക്കണമെന്നും നോട്ടില്‍ കുറിച്ചു. 1964 ലെ ഭൂമി പതിവു ചട്ടങ്ങള്‍ ഭേദഗതി ചെയ്യുവാനുള്ള കരട് ലാന്‍ഡ് റവന്യു കമ്മീഷണറില്‍ നിന്നും ലഭ്യമാക്കാന്‍ റവന്യു മന്ത്രി തന്നെ മുമ്പ് നിര്‍ദേശം നല്കിയതും ഉദ്യോഗസ്ഥര്‍ ഈ ഫയലില്‍ കുറിച്ചിരുന്നു.
ഇതെല്ലാം അവഗണിച്ചുകൊണ്ടാണ് മന്ത്രി ഇ. ചന്ദ്രശേഖരന് പ്രത്യേക താല്പര്യമെടുത്ത് 2020 ഒക്ടോബര്‍ 5ന് ഉത്തരവ് ഇറക്കണമെന്ന് റവന്യു വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. എ. ജയതിലകിന് നിര്‍ദേശം നല്‍കിയത്. മന്ത്രിയുടെ നിര്‍ദേശമനുസരിച്ച് ഒക്ടോബര്‍ 24 ന് ജയതിലക് ഉത്തരവിറക്കുകയും ചെയ്തു. നേരത്തേ നിയമവകുപ്പിന്റെയും അഡീഷണല്‍ എജിയുടെയും ഉപദേശം വാങ്ങണം എന്ന് പറഞ്ഞ മന്ത്രിതന്നെ അത് ചെയ്യാതെ ഉത്തരവിനായി സമ്മര്‍ദം ചെലുത്തിയതിനു പിന്നില്‍ ആരായിരുന്നു, എന്തായിരുന്നുവെന്നതാണ് ചോദ്യം. തെരഞ്ഞെടുപ്പിനു മുന്നോടിയായി സിപിഎമ്മിന്റെയും സിപിഐയുടെയും ഉഭയകക്ഷി ചര്‍ച്ചയിലുണ്ടാക്കിയ ധാരണയാണ് മന്ത്രിയുടെ ഉത്തരവിനു പിന്നിലെന്നാണ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: