തിരുവനന്തപുരം: തലസ്ഥാനത്തെ മൃഗശാലയില്‍ രാജവെമ്പാലയുടെ കടിയേറ്റ് ഹര്‍ഷാദ് എന്ന ജീവനക്കാരന് മരണത്തിനു കീഴടങ്ങേണ്ടിവന്നത് സുരക്ഷയിലുണ്ടായ വീഴ്ചയെന്ന് ആക്ഷേപം. ഒറ്റയ്ക്കുള്ള കൂടു വൃത്തിയാക്കല്‍, പ്രവര്‍ത്തനരഹിതമായ അപകട സൈറണ്‍, പ്രാഥമിക ചികിത്സയ്ക്ക് ഒരു ഡോക്ടറെ പോലും നിയമിക്കാന്‍ കൂട്ടാക്കാത്ത അധികൃതരുടെ അനാസ്ഥ എന്നിവയൊക്കെയാണ് ഹര്‍ഷാദിന്റെ ജീവനെടുക്കാന്‍ കാരണമായത്.
ജീവന് പണയംവച്ച് ജോലി ചെയ്യുന്ന മൃഗപരിപാലകര്‍ക്ക് അപകടമുണ്ടായാല്‍ ചികിത്സ നല്കാന് മൃഗശാലയില്‍ ഒരു ഡോക്ടറെ നിയമിച്ചിട്ടില്ല. എന്നാല്‍, മൃഗങ്ങളെ പരിശോധിക്കാന്‍ ഒരു ഡോക്ടര്‍ ഇവിടെയുണ്ട്. മൃഗങ്ങളുടെ കൂടു വൃത്തിയാക്കുന്ന സമയങ്ങളില്‍ രണ്ടു ജീവനക്കാര്‍ ഉറപ്പായും ഉണ്ടാകണമെന്നതാണ് നിയമം. ഒരാള്‍ കൂടു വൃത്തിയാക്കുകയും ഒപ്പമുള്ളയാള്‍ മൃഗങ്ങളുടെ നീക്കങ്ങള്‍ ശ്രദ്ധിക്കുകയും വേണം. അപകടം ഉണ്ടായാല്‍ മറ്റുള്ളവരെ അറിയിക്കുന്നതിനും രക്ഷാപ്രവര്‍ത്തനത്തിനുമാണ് ഇങ്ങനെയൊരു നിര്‍ദേശം. എന്നാല്‍ കൊവിഡ് കാലത്ത് മറ്റ് സ്ഥാപനങ്ങളിലെന്നപോലെ മൃഗശാലയിലും അമ്പത് ശതമാനം ജീവനക്കാര്‍ മതിയെന്ന തീരുമാനമെടുത്തു. ഇതോടെ കൂടു വൃത്തിയാക്കാനും മൃഗങ്ങള്‍ക്ക് തീറ്റ നല്‍കാനുംഒരാളെ മാത്രം നിയോഗിച്ചു. ഹര്‍ഷാദിന്റെ പ്രാണനെടുക്കാന്‍ കാരണമായത് ഈ സുരക്ഷാവീഴ്ചയെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു.
അപകട ഇന്‍ഷുറന്‍സോ മെഡിക്കല്‍ ഇന്‍ഷുറന്‍സോ ഒന്നും തന്നെ മൃഗങ്ങളെ പരിചരിക്കുന്ന ജീവനക്കാര്‍ക്കില്ല. മൃഗപരിപാലകര്‍ക്കോ സന്ദര്‍ശകര്‍ക്കോ മൃഗങ്ങളില്‍ നിന്ന് ആക്രമണമുണ്ടായാല്‍ പ്രഥമ ശുശ്രൂഷ അടിയന്തരമായി ലഭ്യമാക്കാന്‍ രണ്ട് അലോപ്പതി ഡോക്ടര്‍മാരുടെ സേവനം വേണമെന്നതായിരുന്നു സൂ അതോറിറ്റി ഓഫ് ഇന്ത്യയുടെ നിര്‍ദേശം. തിരുവനന്തപുരം മൃഗശാലയില്‍ ഈ നിര്‍ദേശം നാളിതുവരെ നടപ്പിലാക്കിയിട്ടില്ല.
വന്യമൃഗങ്ങളും നിറയെ വിഷപാമ്പുകളുമുള്ള മൃഗശാലയില്‍ പരിപാലകരായി നൂറോളം ജീവനക്കാരാണുള്ളത്. അത്യാഹിതം എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. എന്നാല്‍ പാമ്പിന്റെ കടിയേറ്റാലും മൃഗങ്ങളുടെ ആക്രമണം ഉണ്ടായാലും കിലോമീറ്ററുകള്‍ക്കപ്പുറമുള്ള ആശുപത്രിയില്‍ എത്തിച്ചാണ് പ്രാഥമിക ശുശ്രൂഷ പോലും നല്‍കുന്നത്. 24 മണിക്കൂര്‍ അലോപ്പതി ഡോക്ടര്‍മാരുടെ സേവനം ആവശ്യമായിരിക്കെ ഇവിടെ നിയമനം നടക്കാത്തത് ഗുരുതര വീഴ്ചയാണ്.
പതിനാറ് വര്‍ഷം മുമ്പ് കാണ്ടാമൃഗത്തിന്റെ ഇടിയേറ്റ് വിജയഗണകന്‍ എന്ന ജീവനക്കാരന് മരിച്ചിരുന്നു. അന്നും സുരക്ഷയെ സംബന്ധിച്ച് ആക്ഷേപങ്ങള്‍ ഉയര്‍ന്നെങ്കിലും ആരും ചെവിക്കൊണ്ടില്ല. ഇപ്പോള്‍ ഹര്‍ഷാദിന്റെ ദാരുണവിയോഗം കണ്ടിട്ടെങ്കിലും മൃഗപരിപാലകര്‍ക്ക് സംരക്ഷണം ഒരുക്കാന്‍ അധികൃതര്‍ തയ്യാറാകണം എന്നതാണ് ഹര്‍ഷാദിന്റെ സഹപ്രവര്‍ത്തകരുടെ അപേക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: