ശ്രീനഗര്‍: ഡ്രോണുകളും ആളില്ലാത്ത ആകാശവാഹനങ്ങളും നിരോധിക്കാന്‍ ശ്രീനഗര്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു. കഴിഞ്ഞ ദിവസം ജമ്മുവിലെ വ്യോമസേന കേന്ദ്രത്തില്‍ ഉണ്ടായ ഡ്രോണ്‍ ഉപയോഗിച്ചുള്ള ബോംബാക്രമണത്തെ തുടര്‍ന്നാണ് ഈ തീരുമാനം.
ശ്രീനഗറിലെ ജില്ലാ മജിസ്ട്രേറ്റ് മുഹമ്മദ് അജാസ് ആണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തുവിട്ടത്. ഉത്തരവ് പ്രകാരം ഡ്രോണുകള്‍, മറ്റ് ആളില്ലാ ആകാശ വാഹനങ്ങള്‍ എന്നിവ സൂക്ഷിക്കുന്നതും വില്‍ക്കുന്നതും സ്വന്തമാക്കുന്നതും ഉപയോഗിക്കുന്നതും കൈമാറ്റം ചെയ്യുന്നതും ശ്രീനഗര്‍ ജില്ലയിലെ പരിധിക്കുള്ളില്‍ നിരോധിച്ചു.
നേരത്തെ ക്യാമറകളോട് കൂടിയ ഡ്രോണുകളും ആളില്ലാ ആകാശ വാഹനങ്ങളും കൈവശം വെച്ചിട്ടുള്ളവര്‍ അത് ലോക്കല്‍ പൊലീസ് സ്റ്റേഷനുകളില്‍ കൃത്യമായ രസീതിയോടെ സമര്‍പ്പിക്കണമെന്നും ജില്ലാ മജിസ്ട്രേറ്റ് മുഹമ്മദ് അജാസ് നിര്‍ദേശിച്ചു. കാര്‍ഷിക, പ്രകൃതി സംരക്ഷണ, ദുരന്ത നിവാരണ ലക്ഷ്യങ്ങള്‍ക്കുള്ള സര്‍വ്വേകള്‍ക്കും മാപ്പിംഗിനും നിരീക്ഷണത്തിനും ഡ്രോണുകള്‍ ഉപയോഗിക്കുന്ന സര്‍ക്കാര്‍ വകുപ്പുകള്‍ മേലില്‍ പൊതുജനതാല്പര്യാര്ത്ഥം ഡ്രോണുകള്‍ ഉപയോഗിക്കുന്നതിന് മുന്‍പ് ലോക്കല്‍ പൊലീസില്‍ നിന്നും അനുമതി വാങ്ങണം. ഇത് ലംഘിക്കുന്നവര്‍ക്ക് നിയമം അനുശാസിക്കുന്ന ശിക്ഷ നല്‍കും.
നേരത്തെ അതിര്‍ത്തി ജില്ലകളായ രജൗറി, കതുവ എന്നീ ജില്ലകളിലും ഇതിന് സമാനമായ ഉത്തരവുകള്‍ ഇറക്കിയിരുന്നു. ഇവിടെയും ഡ്രോണുകളും താഴ്ന്ന് പറക്കുന്ന മറ്റ് വാഹനങ്ങളും നിരോധിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: