തിരുവനന്തപുരം: മലയാള സിനിമയെ ലോകസിനിമയുടെ നെറുകയില്‍ എത്തിച്ച പ്രശസ്ത സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന് എണ്‍പതാം പിറന്നാള്‍ ആഘോഷിച്ചു. കൊവിഡ് കാലമായിരുന്നെങ്കിലും വിശിഷ്ട വ്യക്തികള്‍ പലരും അദ്ദേഹത്തിന്റെ വീട്ടിലെത്തി ആയുരാരോഗ്യസൗഖ്യങ്ങള്‍ നേര്‍ന്നു. എത്തിയവരെ പുഞ്ചിരിയോടെ കേക്കും പായസവും നല്കി അദ്ദേഹം സ്വീകരിച്ചു.
അതിഥികളില്‍ ആദ്യമെത്തിയ പ്രമുഖന് മലങ്കര കാത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയായിരുന്നു. തുടര്‍ന്ന് മുന്‍മന്ത്രി വി.എസ്. ശിവകുമാറുമെത്തി. അടൂര്‍ ഗോപാലകൃഷ്ണന് ജന്മദിന കേക്ക് മുറിച്ചു. അരമണിക്കൂറിനുള്ളിലെത്തിയ മന്ത്രി വി. ശിവന്‍കുട്ടി പൂച്ചെണ്ട് നല്കി ജന്മദിനാശംസ കൈമാറി. അതിഥികളുമായി സംസാരിച്ചിരുന്ന അടൂര്‍ അല്പസമയത്തിനകം അകത്തേക്കുപോയി. തിരികെയെത്തുമ്പോള്‍ എല്ലാവര്‍ക്കുമായി പായസവും കരുതിയിരുന്നു. കുശലംപറഞ്ഞിരിക്കവെ പന്ന്യന്‍ രവീന്ദ്രനുമെത്തിച്ചേര്ന്നു. തുടര്‍ന്ന് നടന് ഇന്ദ്രന്‍സും ജന്മദിനാശംസ അറിയിച്ചെത്തി. 12 മണിയോടുകൂടി മന്ത്രി ജി.ആര്.അനിലും വന്നുചേര്‍ന്നു.
കഥാപുരുഷന് ആദരം എന്ന പേരില്‍ ജന്മദിനത്തില് ആശംസയര്‍പ്പിക്കാന്‍ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകളുമെത്തിയിരുന്നു. രണ്ടു വര്‍ഷം മുമ്പ് ‘എന്റെ വീട് എന്റെ മരം’ എന്ന പദ്ധതിയില്‍ പ്രശസ്തവ്യക്തികളുടെ ജന്മദിനത്തില് അവരുടെ വീട്ടില്‍ ഫലവൃക്ഷം നടല്‍ നടത്തിയിരുന്നു. അന്ന് സ്റ്റുഡന്റ്സ് കേഡറ്റുകള്‍ അടൂരിന്റെ വീട്ടില്‍ നട്ടത് മാവിന്‍തൈ ആയിരുന്നു. ‘അടൂര്‍ വൃക്ഷം’ എന്നാണ് അതിന് പേരിട്ടിരുന്നതും. രണ്ടുവര്‍ഷമായ അതേ വൃക്ഷത്തൈക്ക് അടൂര്‍ ഗോപാലകൃഷ്ണനും മന്ത്രി ജി.ആര്. അനിലും നടന് ഇന്ദ്രന്‍സും സ്റ്റുഡന്റ്സ് കേഡറ്റുകളും ചേര്‍ന്ന് ജലം പകര്‍ന്നു.
മന്ത്രിയും നടന് ഇന്ദ്രന്‍സും അടൂരിന് പൊന്നാട ചാര്‍ത്തി. കേഡറ്റുകള്‍ക്കൊപ്പം അദ്ദേഹം ജന്മദിന കേക്ക് മുറിച്ചു. കട്ടേല ഡോ. എഎംഎം ആര് എച്ച്എസ്എസിലെ കേഡറ്റുകള്‍ക്കൊപ്പം സ്റ്റുഡന്റ്സ് പോലീസ് സ്റ്റേറ്റ് ലെയ്സണ്‍ ഓഫീസര്‍ ഗോപകുമാറും പങ്കെടുത്തു. ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന് രചിച്ച ‘നിളയും നൈലും’ എന്ന പുസ്തകത്തിന്റെ പ്രകാശനവും നടന്നു. അതിഥികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും കേക്കും പായസവും നല്കി.
ജന്മദിനങ്ങള് ആഘോഷങ്ങളാക്കാറില്ലെന്നും കാലം കടന്നുപോകുന്നതിന്റെ ഓര്‍മ്മപ്പെടുത്തലുകളാണ് അതെന്നും അടൂര്‍ ഗോപാലകൃഷ്ണന് അഭിപ്രായപ്പെട്ടു. ”ഓരോ ജന്മദിനങ്ങളും വയസ് ഓര്മിപ്പിക്കല് മാത്രം.” എണ്‍പതിന്റെ നിറവിലെത്തിയ തനിക്ക് ആശംസകളര്‍പ്പിക്കാന്‍ വീട്ടിലെത്തിയവരോട് അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതു കൊണ്ടുമാത്രമാണ് ഇങ്ങനൊരു ചടങ്ങ് ഉണ്ടായതെന്നും അല്ലാതെ ആഘോഷങ്ങളൊന്നുമില്ലെന്നും അടൂര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: