ലഖ്നോ: 75ല്‍ 66 ജില്ലാ പഞ്ചായത്ത് അധ്യക്ഷസ്ഥാനങ്ങളും വിജയിച്ചതോടെ 2022ലെ ഉത്തര്‍പ്രദേശ് നിയമസഭാതെരഞ്ഞെടുപ്പും തൂത്തുവാരാമെന്ന ആത്മവിശ്വാസത്തിലാണ് യോഗി ആദിത്യനാഥും ബിജെപിയും.
2022ല്‍ നടക്കാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 300ല്‍ പരം സീറ്റുകളില്‍ വിജയിക്കുമെന്ന് യോഗി ആദിത്യനാഥ് പറയുന്നു. 2014, 2017, 2019 വര്‍ഷങ്ങളില്‍ നേടിയ വിജയം ബിജെപി തുടരുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ പദ്ധതികള്‍, വികസനം, കോവിഡ് മഹാമാരിയെ നേരിട്ടതിലെ വിജയം- ഇതെല്ലാം നല്ലതുപോലെ ജനം സ്വീകരിച്ചിട്ടുണ്ടെന്നും ഇതെല്ലാം വോട്ടായി മാറുമെന്നുമാണ് യോഗിയുടെ കണക്കുകൂട്ടല്‍. 2022ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി മോദിയുടെ “സബ്കാ സാത്, സബ്കാ വികാസ്” എന്ന മുദ്രാവാക്യത്തിന്റെ അടിസ്ഥാനത്തിലായിരിക്കും പാര്‍ട്ടിയുടെ അജണ്ടയെന്നും യോഗി റിപ്പബ്ലിക് ചാനലിന് അനുവദിച്ച് അഭിമുഖത്തില്‍ പറഞ്ഞു.
‘ഒന്നും അപൂര്‍ണ്ണമായി ബാക്കിവെച്ചിട്ടില്ല. ഞങ്ങള്‍ പൂര്‍ണ്ണതയില്‍ വിശ്വസിക്കുന്നു. ‘സബ്കാ സാത് സബ്കാ വികാസ്’- ഈ മുദ്രാവാക്യമനുസരിച്ചാണ് നീങ്ങുക. അടിസ്ഥാന സൗകര്യവികസന പദ്ധതികള്‍ കുഗ്രാമങ്ങളില്‍ പോലും എത്താനൂള്ള നയങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്. സമ്പദ്ഘടന മുകളിലേക്ക് കുതിക്കുകയാണ്. ഇത് ഇന്ത്യയിലെ വലിയ സംസ്ഥാനമാണ്. എന്നാല്‍ തൊഴിലില്ലായ്മ ഏറ്റവും കുറഞ്ഞ സംസ്ഥാനം കൂടിയാണ്. കോവിഡ് 19 മഹാമാരിയെ വിജയകരമായി ഞങ്ങള്‍ നേരിട്ടു,’- യോഗി ആദിത്യനാഥ് പറയുന്നു.
‘എപ്പോഴും കോണ്‍ഗ്രസ് നേതൃത്വം തയ്യാറാക്കുന്ന ടൂള്‍കിറ്റുകളുടെ പ്രിയപ്പെട്ട ഇരയാണ് താനെന്നും യോഗി പറഞ്ഞു. ഉത്തര്‍പ്രദേശിനെ ഒരു അരാജക സംസ്ഥാനമായി കാണാനാണ് അവര്‍ ആഗ്രഹിക്കുന്നത്. കോണ്‍ഗ്രസിന്റെ ടൂള്‍കിറ്റിനെ മാഫിയ രാജാണ് പിന്തുണയ്ക്കുന്നത്. ഈ ടൂള്‍കിറ്റുകള്‍ക്ക് പ്രധാനമന്ത്രി മോദിയും അദ്ദേഹത്തിന്റെ ഭരണവും മറുപടി നല്കിയിട്ടുള്ളതാണ്.,’- യോഗി ആദിത്യനാഥ് ചൂണ്ടിക്കാട്ടി.
എഐഎംഐഎം മേധാവി അസാസുദിന്‍ ഒവൈസി ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടാന്‍ യുപി ഒരുങ്ങിക്കഴിഞ്ഞെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് അധ്യക്ഷപദവിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 75 സീറ്റുകളില്‍ 66ഉം പിടിച്ച് വന്‍മുന്നേറ്റമാണ് യോഗിയും ബിജെപിയും നേടിയത്. എന്നാല്‍ സമാജ് വാദി പാര്‍ട്ടിക്ക് നേടാനായത് വെറും ആറ് സീറ്റുകള്‍ മാത്രമാണ്. അപ്നാ ദളിന് രണ്ട് സീറ്റുകളും കിട്ടി. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയ ജന്‍സത്ത ദളിന് ലഭിച്ചത് ഒരു അധ്യക്ഷപദവി. ജോന്‍പൂരില്‍ നിന്നുള്ള സ്വതന്ത്രസ്ഥാനാര്‍ത്ഥിക്ക് ഒരു സീറ്റും കിട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: