തിരുവനന്തപുരം: വോട്ടര്‍പട്ടിക ചോര്‍ത്തിയെന്ന പരാതിയുമായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്. കമ്മീഷന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് കേസെടുത്തു. ജോയിന്റ് ചീഫ് ഇലക്ടറല്‍ ഓഫീസറാണ് പരാതി നല്‍കിയത്. 2.67 കോടി വോട്ടര്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് പരാതി. കമ്മീഷന് ഓഫീസിലെ കമ്പ്യൂട്ടറില്‍ നിന്നാണ് രേഖകള്‍ ചോര്‍ത്തിയതെന്നും ഇതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും പരാതിയില്‍ പറയുന്നു. ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് ഇത് സംബന്ധിച്ച് അന്വേഷണം നടത്തും. എസ്പി ഷാനവാസിനാണ് അന്വേഷണ ചുമതല.
നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഇരട്ട വോട്ട് ആരോപണം ഉന്നയിച്ചത്. തെളിവുകളായി വോട്ടര്‍പട്ടികയുടെ നിരവധി കോപ്പികളും ഹാജരാക്കിയിരുന്നു. ഈ വോട്ടര്‍ പട്ടിക ഉപയോഗിച്ചാണ് ഇരട്ടവോട്ട് നടക്കുന്നുണ്ടെന്ന് സാധൂകരിച്ചത്. പ്രതിപക്ഷത്തിന്റെ ആരോപണം ശരിവച്ച കളക്ടര്‍മാര്‍ റിപ്പോര്‍ട്ട് കൈമാറി. എന്നാല്‍ 38,585 ഇരട്ടവോട്ടുകള്‍ മാത്രമാണ് കണ്ടെത്താനായത്. തുടര്‍ന്ന് ഒന്നിലേറെ തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡുള്ളവര്‍ അവരുടെ താമസസ്ഥലത്തെ ബൂത്തില്‍ മാത്രമേ വോട്ടു ചെയ്യുന്നുള്ളൂവെന്ന് ഉറപ്പാക്കാന്‍ കമ്മീഷന് നടപടികളും പ്രഖ്യാപിച്ചു. ഇരട്ട വോട്ടുകളുടെ പ്രത്യേക പട്ടിക പോളിങ് ഓഫീസമാര്‍ക്ക് കൈമാറുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഇതുമായി ബന്ധപ്പെട്ട് കമ്മീഷന് ചില ഉദ്യോഗസ്ഥര്‍ക്കെതിരെയും ചില ജീവനക്കാര്‍ക്കെതിരെയും നടപടി സ്വീകരിക്കുകയും കരാര്‍ ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തിരുന്നു. ജീവനക്കാരെ പിരിച്ചുവിടലിനെതിരെ പ്രതിഷേധമുയര്‍ന്നതിനു തൊട്ടുപിന്നാലെയാണ് കേസെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: