തൃശൂര്‍: മുരിങ്ങൂര്‍ പീഡനക്കേസില്‍ വനിത കമ്മിഷന് സ്വാധീനത്തിന് വഴങ്ങിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് രൂക്ഷ വിമര്‍ശനവുമായി കായിക താരം മയൂഖ ജോണി. വിഷയത്തില്‍ പരാതി നല്‍കിയിട്ടും കമ്മിഷന്റെ ഭാഗത്ത് നിന്നും മൊഴി എടുക്കാനോ മറ്റ് നടപടികള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നും മയൂഖ ജോണി വിമര്‍ശിച്ചു.
കേസില്‍ ഇന്ന് മൊഴി എടുക്കാന്‍ എത്തുമെന്നാണ് കമ്മിഷന് അധികൃതര്‍ അറിച്ചത്. എന്നാല്‍ അതല്ലാതെ നടപടിയൊന്നും ഉണ്ടായില്ല. കേസ് അട്ടിമറിക്കാനുള്ള ശ്രമമാണെന്നും അവര്‍ ആരോപിച്ചു. അതേസമയം കേസില്‍ മുന്‍കൂര്‍ ജാമ്യം നേടാനുള്ള ശ്രമത്തിലാണ് ചുങ്കത്ത് ജോണ്സണ്. ഇതിനായി ഹൈക്കോടതിയില്‍ അപേക്ഷ നല്‍കാനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു.
പീഡനത്തിനിരയായ യുവതിയുടെ മൊഴി അന്വേഷണ സംഘം പരിശോധിക്കുകയാണ്. യുവതിയുടെ മൊഴിയില്‍ കൂടുതല്‍ സാഹചര്യ തെളിവുകള്‍ വിശദീകരിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍പ്പേരുടെ മൊഴികള്‍ പൊലീസ് രേഖപ്പെടുത്തും. കൂടാതെ കേസിലെ പ്രതി ജോണ്‍സന്റെ കുടുംബത്തില്‍ നിന്നും അന്വേഷണ സംഘം ശനിയാഴ്ച മൊഴിയെടുത്തു.
ജോണ്‍സന്റെ മകനില്‍ നിന്നും മകളില്‍ നിന്നും അന്വേഷണ സംഘം കഴിഞ്ഞ ദിവസമെത്തി മൊഴിയെടുത്തു. ഇരുവരും പീഡനത്തിനിരയായ യുവതിയുടെ അടുത്ത സുഹൃത്തുക്കളാണ്. എന്നാല്‍ സിയോന്‍ സഭയില്‍ നിന്ന് പുറത്ത് പോയതിനുള്ള വൈരാഗ്യത്താല്‍ കെട്ടിച്ചമച്ച വ്യാജ കേസാണ് ഇതെന്നാണ് ജോണ്‍സന്റെ കുടുംബം പോലീസിനെ അറിയിച്ചത്. കേസ് അട്ടിമറിച്ചത് സംബന്ധിച്ച് മയൂഖ ജോണി ഉന്നയിച്ച ആരോപണങ്ങളില്‍ സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണവും നടന്നു വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: