തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഒടുവില്‍ കൊവിഡ് മരണക്കണക്ക് പുറത്തുവിട്ടു. ഇന്നലെ മരിച്ച 135 പേരുടെ പേരുവിവരങ്ങളാണ് ആരോഗ്യ വകുപ്പിന്റെ കൊവിഡ് ബുള്ളറ്റിനില്‍ പുറത്തുവിട്ടത്. ജന്മഭൂമി മെയ് 27ന് ‘കൊവിഡ് കൂട്ടമരണം മറച്ചുവച്ച് സര്‍ക്കാരിന്റെ ഒളിച്ചുകളി‘ എന്ന തലക്കെട്ടില്‍ കണക്കുകള്‍ സഹിതം വാര്‍ത്ത നല്‍കിയിരുന്നു.
ജില്ല, രോഗിയുടെ പേര്, വയസ്സ്, സ്ഥലം, മരിച്ച തീയതി എന്നിവ ഉള്‍പ്പെടുത്തിയാണ് പട്ടിക പ്രസിദ്ധീകരിച്ചത്. ആരോഗ്യ വകുപ്പിന്റെ വെബ്സൈറ്റില്‍ കൊവിഡ്19 ല്‍ ഡെയ്ലി ബുള്ളറ്റിനില്‍ ക്ലിക്ക് ചെയ്താല്‍ 24 മണിക്കൂറിനുള്ളില്‍ മരിച്ചവരുടെ വിവരം ലഭിക്കും. നേരത്തെ ജില്ലയുടെ പേരും സ്ത്രീയോ പുരുഷനോ എന്നും മരിച്ച തീയതിയും മാത്രമാണ് പുറത്തുവിട്ടിരുന്നത്.
മെയ് 12 ന് തിരുവനന്തപുരം മെഡി. കോളേജില്‍ മാത്രം കൊവിഡ് മെഡി. ഓഫീസര്‍ ഒപ്പിട്ടത് 70 മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളായിരുന്നു. എന്നാല്‍, സര്‍ക്കാര്‍ കണക്കില്‍ ഇത് ഉള്‍പ്പെട്ടില്ല. 70 പേര് മരിച്ചെന്ന് കേരള ഗവ. പോസ്റ്റുഗ്രാജ്യുവേറ്റ് മെഡിക്കല്‍ ടീച്ചേഴ്സ് അസോസിയേഷന് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഇതോടെയാണ് സര്‍ക്കാര്‍ മരണക്കണക്കുകള്‍ മറച്ചുവയ്ക്കുന്നുവെന്ന് തെളിഞ്ഞത്. അതാതു ദിവസത്തെ മരണങ്ങളല്ല, കൊവിഡ് മരണ മാനദണ്ഡം നോക്കിയശേഷം സ്ഥിരീകരിക്കുന്ന കണക്കാണ് പുറത്തുവിടുന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരിച്ചിരുന്നത്.
മെയ്12ന്റെ സര്‍ക്കാര്‍ കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് മെയ് അഞ്ച് മുതല്‍ ഒമ്പത് വരെ മരിച്ച 14 പേരുടെ വിവരം മാത്രമാണ്. 12ന് മരിച്ചവരുടെ കണക്കുകള്‍ ഉള്‍പ്പെടുത്തിയത് മെയ് 15 മുതല്‍. അത് പരിശോധിച്ചാല്‍ മാത്രം 12ന് 32 പേര് മരിച്ചിട്ടുണ്ട്. ഒരുമിച്ച് ഉള്‍പ്പെടുത്താത്തതിനാല്‍ കൂട്ടമരണമായി തോന്നുകയുമില്ല. ഇതിന്റെ മറവില്‍ മരണക്കണക്കുകളും മറച്ചുവച്ചു. ഇത് ഉള്‍പ്പെടുത്തി ജന്മഭൂമി വാര്‍ത്ത നല്കി. മരണക്കണക്ക് മറച്ചുവയ്ക്കുന്നത് വിവാദമായി. കൊവിഡില്‍ മരിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന സുപ്രീംകോടതി നിര്‍ദ്ദേശം വന്നതോടെയാണ് മരിച്ചവരുടെ പേരും സ്ഥലവും വയസും സര്‍ക്കാര്‍ പുറത്തുവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: