തീയറ്റര്‍ കത്തിക്കല്‍ സിനിമ ഹറാമാണെന്ന് പ്രചരിപ്പിച്ച്
തീവ്ര മതവിശ്വാസത്തിന് കോട്ടം തട്ടുവെന്നും മതത്തിന്റെ ചട്ടക്കൂട്ടില്‍ നിന്നും വിശ്വാസികള്‍ പുറത്തുപോകുന്നു എന്നും വന്നതോടെയാണ് ഭയപ്പെടുത്തി വിശ്വാസത്തിലേക്ക് തളച്ചിടാന്‍ തീവ്ര മത വിഭാഗം തീരുമാനിക്കുന്നത്. അക്കാലത്ത് മലബാര്‍ മേഖല തിയറ്ററുകളാല്‍ സമ്പന്നമായിരുന്നു. സിനിമ കണ്ടാണ് മതവിശ്വാസത്തിന് തീവ്രത കുറയുന്നതെന്ന ചിന്ത തീവ്രവാദഗ്രൂപ്പുകളില്‍ ഉടലെടുത്തു. ഇതോടെ സിനിമ മുസ്ലീമിന് നിഷിദ്ധമാണെന്ന് വ്യാപക പ്രചരണം ഇത്തരം ഗ്രൂപ്പുകള്‍ നടത്തിനോക്കി. എന്നാല്‍ യുവജനങ്ങളടക്കം ഒരുവിഭാഗം അതംഗീകരിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഭയപ്പെടുത്തി വരുതിയിലാക്കുക എന്ന തീവ്രവാദത്തിന്റെ യഥാര്‍ത്ഥ രൂപം പുറത്തെടുക്കുന്നത്. അതിനായി അവര്‍ കണ്ടെത്തിയ മാര്‍ഗ്ഗമായിരുന്നു തീയറ്ററുകള്‍ തന്നെ കത്തിക്കല്‍.
ഓലപ്പുരകളായിരുന്നു തീയറ്ററുകള്‍. വെടിമരുന്ന് നിറച്ച സിഗരറ്റുകളുമായി തീവ്രവാദികള്‍ തിയറ്ററിനുള്ളില്‍ കടന്നു. ഇരുപ്പിടങ്ങളില്‍ നിലയുറപ്പിച്ചവര്‍ സിഗരറ്റ് കത്തിച്ച് സ്‌ക്രീനിലേക്ക് വിലിച്ചെറിയുകയായിരുന്നു. ഇങ്ങനെ 15 തിയറ്ററുകള്‍ തീവ്രവാദ ഗ്രൂപ്പുകള്‍ നശിപ്പിച്ചു. അതോടെ ഭയം കൊണ്ട് ആളുകള്‍ സിനിമാ തിയറ്ററുകളിലേക്ക് പോകാതെയായി. ഇത് മുതലെടുത്ത് സിനിമ തന്നെ ഇസ്ലാം വിശ്വാസത്തിന് എതിരാണെന്ന വ്യാഖ്യാനം ഭയത്തിന്റെ മേമ്പൊടി വിതറി പ്രചരിപ്പിച്ചു. ഇന്നും മലബാര്‍ മേഖലയില്‍ സിനിമ നിഷിദ്ധമാണെന്ന് വിശ്വസിക്കുന്ന വലിയ വിഭാഗം തീവ്രമതവിശ്വാസികളുണ്ട്.
1980കളുടെ അവസാനത്തിലും 1990ന്റെ തുടക്കത്തിലുമായാണ് ഉത്തരകേരളത്തില്‍ ഇസ്ലാമിക തീവ്രവാദത്തിന് വിത്തിടുന്നത്. മലബാര്‍ മേഖലയില്‍ സിനിമാ തിയേറ്ററുകള്‍ കത്തിച്ചതായിരുന്നു കേരളത്തില്‍ പ്രത്യക്ഷത്തിലെ ആദ്യ തീവ്രവാദപ്രവര്‍ത്തനം. തുടര്‍ന്നിങ്ങോട്ട് ആസൂത്രിത കൊലപാതകങ്ങളും കലാപങ്ങളും സ്‌ഫോടനങ്ങളും നിരവധിയുണ്ടായി. അന്വേഷണങ്ങള്‍ പാതിവഴിയില്‍ നിലച്ചു. തീവ്രവാദ സംഘടനകളുടെ പേരെടുത്തും നേതാക്കളുടെ വിലാസം സഹിതവും നല്‍കിയ റിപ്പോര്‍ട്ടുകള്‍ പോലും വെളിച്ചം കണ്ടില്ല. ഒടുവില്‍ പ്രണയം നടിച്ച് കെണിയിലാക്കി മതംമാറ്റി ഭീകരവാദപ്രവര്‍ത്തനത്തിന് മറുനാടുകളിലേയ്‌ക്കു കടത്തിയപ്പോഴും സര്‍ക്കാരുകള്‍ മൗനം തുടര്‍ന്നു. ഒന്നുമില്ലെന്നും എല്ലാം ഊഹാപോഹങ്ങളെന്നും ആണയിട്ടു. ഇന്ന് അത് കുളത്തൂപ്പുഴ പാടം മേഖലയിലെ തീവ്രവാദ പരിശീലനത്തിലും തൃശൂര്‍ ക്വാറിയിലെ സ്‌ഫോടനത്തിലും മാത്രമല്ല, ലിബിയയില്‍ ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടി മലയാളി ചാവേറായത് വരെ എത്തി നില്‍കുന്നു. നമ്മുടെ വനാന്തരങ്ങള്‍ തീവ്രവാദ ഗൂഢാലോചനാ താവളങ്ങളും ആയുധപരിശീലന കേന്ദ്രങ്ങളും സ്‌ഫോടക വസ്തു നിര്‍മാണ കേന്ദ്രങ്ങളുമാകുന്നു. പാറമടകള്‍ സ്‌ഫോടകവസ്തു ശേഖരിക്കുന്ന ഗോഡൗണുകളാകുന്നു. നാടെങ്ങും സ്ലീപ്പര്‍ സെല്ലുകള്‍ നിറയുന്നു. തീവ്രവാദ സംഘടനകളിലേയ്‌ക്കുള്ള റിക്രൂട്ടിങ് മുറയ്‌ക്കു നടക്കുന്നു.
1992ല്‍ രാമജന്മഭൂമിയിലെ തര്‍ക്ക മന്ദിരം തകര്‍ന്നതിന്റെ മറപിടിച്ചായിരുന്നു വടക്കന്‍ കേരളത്തില്‍ ഇസ്ലാമിക തീവ്രവാദം കൂടുതല്‍ ശക്തമാകുന്നത്. വര്‍ഗ്ഗീയത ഇളക്കിവിട്ട് നാഷണല്‍ ഡെവലപ്‌മെന്റ് ഫ്രണ്ടിന്റെ(എന്‍ഡിഎഫ്) കീഴില്‍ മലപ്പുറം-തൃശൂര്‍-പാലക്കാട് ജില്ലകള്‍ കേന്ദ്രീകരിച്ച് വിവിധ പേരുകളില്‍ തീവ്രവാദ ഗ്രൂപ്പുകള്‍ രൂപം കൊണ്ടു. പാലക്കാട്-മലപ്പുറം ജില്ലകളില്‍ അല്‍-ഉമ്മ, തൃശൂരില്‍ ജം ഇയ്യത്തുള്‍ ഇഹ്‌സാനിയ, ചിലയിടങ്ങളില്‍ ഇസ്ലാമിക് ഡിഫന്‍സ് ഫോഴ്‌സ് തുടങ്ങിയവയായിരുന്നു ഗ്രൂപ്പുകള്‍. ഇടുക്കിയിലെ പ്രവര്‍ത്തനം ‘പെരുവന്താനം കള്‍ച്ചറല്‍ ഫോറം’ എന്നപേരിലായിരുന്നു. 1993-94 വര്‍ഷങ്ങളില്‍ മലബാര്‍ മേഖലയില്‍ വ്യാപകമായി സിനിമാ തീയേറ്ററുകള്‍ക്ക് മതമൗലിക വാദികള്‍ തീയിട്ടു. 15 തീയേറ്ററുകളാണ് അഗ്‌നിക്ക് ഇരയായത്. സിഗരറ്റിനുള്ളില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ചായിരുന്നു ആക്രമണം. അന്ന് മുതല്‍ ഇസ്ലാമിക തീവ്രവാദ സംഘടനകള്‍ നിരീക്ഷണത്തിലെന്നായിരുന്നു അന്നത്തെ കെ. കരുണാകരന്‍ സര്‍ക്കാരിന്റെ വാദം.
എന്നാല്‍ തീയേറ്റര്‍ ആക്രമണം നടന്ന് ഒരുവര്‍ഷം കഴിയും മുമ്പേ 1995ല്‍ മലപ്പുറത്ത് പൈപ്പ് ബോംബ് നിര്‍മ്മാണസ്ഥലത്തുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. അവിടെ വലിയ തോതില്‍ പൈപ്പ് ബോംബുകള്‍ നിര്‍മ്മിച്ചുവെന്നും കണ്ടെത്തി. 1996ല്‍ മലപ്പുറം കടലുണ്ടിപ്പുഴയില്‍ നിന്ന് 91 പൈപ്പ് ബോംബുകള്‍ കണ്ടെടുക്കുകയും ചെയ്തു. സംഭവത്തിനുപിന്നില്‍ ഇസ്ലാമിലേക്ക് മതപരിവര്‍ത്തനത്തിന് ആഹ്വാനം നടത്തിയ ‘ഇസ്ലാമിക് ദാവ മിഷ’നാണെന്നാണ് പോലീസിന് സൂചന ലഭിച്ചത്. ഇത്രയും സംഭവങ്ങള്‍ ഉണ്ടായിട്ടും പോലീസ് വേണ്ടത്ര ജാഗ്രത കാണിക്കുകയോ അന്വേഷിക്കുകയോ ചെയ്തില്ലെന്നു വ്യക്തമായത് 1997 ഡിസംബര്‍ 6ന് തൃശൂര്‍ റയില്‍വേ സ്റ്റേഷനില്‍ ഉണ്ടായ സ്‌ഫോടനത്തോടെയാണ്.
രാമജന്മഭൂമിയിലെ തര്‍ക്ക മന്ദിരം തകര്‍ന്നതിന്റെ അഞ്ചാം വാര്‍ഷികദിനത്തില്‍ രാവിലെ 7.30ന് ചെന്നൈ-ആലപ്പുഴ എക്‌സ്പ്രസില്‍ സ്‌ഫോടനം ഉണ്ടായി. മൂന്ന് പേര്‍ കൊല്ലപ്പെട്ടു. തുടര്‍ന്നുള്ള പരിശോധനയില്‍ ഇസ്ലാമിക് ഡിഫന്‍സ് ഫോഴ്‌സിന്റെ ലഘുലേഖ കണ്ടെടുത്തോടെയാണ് മതമൗലിക തീവ്രവാദികള്‍ കേരളത്തില്‍ എത്രത്തോളം ശക്തിപ്രാപിച്ചു എന്ന് പൊതുജനം മനസിലാക്കുന്നത്. ഈ സംഭവങ്ങളിലെല്ലാം രാജ്യാന്തര തീവ്രവാദ സംഘടനകളുടെയും അല്‍-ഉമ്മയുടെയും സഹായം ലഭിച്ചിരുന്നുവെന്ന് തെളിഞ്ഞു. അതിനുശേഷം 1998 ഫെബ്രുവരി 14-ന് കോയമ്പത്തൂരില്‍ എല്‍.കെ.അദ്വാനിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനു തൊട്ടമുമ്പ് അല്‍ ഉമ്മ ബോംബ്‌സ്‌ഫോടനം നടത്തി. ഇതിലെ 9 പേരെ 1998 ഫെബ്രുവരി 8ന് തൃശൂര്‍ കാന്തലക്കോട് നിന്നു പോലീസ് അറസ്റ്റ് ചെയ്തു. പിന്നാലെ ഇവര്‍ക്ക് അഭയം നല്‍കിയതിന് ഇസ്ലാമിക് സേവാ സംഘ് (ഐഎസ്എസ്) നേതാവ് അബ്ദുള്‍ നാസര്‍ മദനി പിടിയിലാവുകയും ചെയ്തു. സിമി(ഇസ്ലാമിക് സ്റ്റുഡന്റ് മൂവ്‌മെന്റ് ഓഫ് ഇന്ത്യ) എന്ന തീവ്രവാദ സംഘടനയുമായി ചേര്‍ന്നായിരുന്നു മദനിയുടെ ഐഎസ്എസ് പ്രവര്‍ത്തിച്ചത്. സിമിക്കൊപ്പം 1992ല്‍ ഐഎസ്എസിനേയും നിരോധിച്ചതോടെ പീപ്പിള്‍സ് ഡമോക്രാറ്റിക് പാര്‍ട്ടി (പിഡിപി) എന്ന പേരിലാക്കിയായിരുന്നു മദനിയുടെ പ്രവര്‍ത്തനം. കോയമ്പത്തൂര്‍ സ്‌ഫോടനകേസിലെ പ്രതികളെ പിടികൂടിയതോടയാണ് കേരളത്തില്‍നിന്നു തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിക്കുന്നുവെന്ന വിവരം പുറത്തു വരുന്നത്.
എന്നാല്‍ 1997 ഡിസംബര്‍ 6ലെ തൃശൂര്‍ സ്‌ഫോടനത്തിന് നാലുമാസം മുന്നേ 1997 ജൂലൈ 3ന് ക്രൈംബ്രാഞ്ച് ഡിഐജി ടി.പി.സെന്‍കുമാര്‍ സംസ്ഥാനപോലീസ് മേധാവിക്ക് ഒരു രഹസ്യാന്വേഷണ റിപ്പോര്‍ട്ട് കൈമാറിയിരുന്നു. മലബാര്‍ മേഖലയിലെ വിവിധ സ്റ്റേഷന്‍ പരിധിയില്‍ 1996ല്‍ നടന്ന മൂന്ന് കൊലപാതകങ്ങളും 1995ല്‍ നടന്ന മറ്റൊരു കൊലപാതകവും അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘത്തിന്റെ കണ്ടെത്തലായിരുന്നു റിപ്പോര്‍ട്ടില്‍. അല്‍-ഉമ്മ എന്ന തീവ്രവാദ സംഘടനയുടെ നേതൃത്വത്തിലാണ് ഹിന്ദുനേതാക്കളെ കൊലപ്പെടുത്തിയതെന്നും അബ്ദുള്‍ നാസര്‍ മദനിയുടെ നേതൃത്വത്തിലുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങളും കൃത്യമായി രേഖപ്പെടുത്തിയായിരുന്നു റിപ്പോര്‍ട്ട്. വിവിധ ഗ്രൂപ്പുകളുടെ പേര്, തീവ്രവാദികളുടെ പേരും വിലാസവും, അവര്‍ചെയ്ത കുറ്റകൃത്യങ്ങള്‍, ഇനി ചെയ്യേണ്ട നടപടികളും വിശദീകരിച്ചിരുന്നു അതില്‍. എന്നാല്‍, ഇ.കെ. നായനാരുടെ നേതൃത്തിലുണ്ടായിരുന്ന അന്നത്തെ ഇടതുസര്‍ക്കാര്‍ ആ റിപ്പോര്‍ട്ട് പൂഴ്‌ത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: