വിശ്വനാഥന് വടേശ്വരം
ഒരു വൈശാഖവും കൂടി വന്നുപോകുന്നു, കൃഷ്ണാ
നിന്നെ, ഒരു നോക്കു കാണുവാന്‍,
കേള്‍ക്കുവാന്‍, കഴിയാതെ,
കേഴുന്നു ഗോപികാ വൃന്ദവും ഞങ്ങളും!
ചിലര്‍ തന് പ്രവൃത്തികള്‍ അസഹ്യമെങ്കിലും,
കൃഷ്ണാ…
ക്ഷമിച്ചു, മാപ്പു നല്കീടുക!
അവരും നിന് സൃഷ്ടിതന്‍ ഭാഗമല്ലോ?
നിന് പ്രതിരൂപമാം സാമവേദത്തെ,
ഉപാസിച്ചില്ല ബുദ്ധിഹീനര്‍
നീ തന്നെയാം മേരു പര്‍വതത്തെ,
വെറുമൊരു കരിങ്കല്ലായിക്കണ്ട് കൊള്ളയടിക്കാന്‍,
മത്സരിച്ചു കപട ഭക്തര്‍ ചിലര്‍
നിന് ‘രാധാദേവിയെ’ നാലാംകിട
കാമുകിയെന്നു വാഴ്ത്തി
അമ്പരിപ്പിച്ചു നാസ്തികര്‍ ചിലര്‍
നിന് പര്യായമാം അരയാലിനെ വെട്ടി-
വിറകാക്കി വിറ്റുപോല്‍-ക്ഷമിക്ക കൃഷ്ണാ ക്ഷമിക്ക.
എന്‍ പിതൃക്കളാം ആര്യമാവിനെ
ഗൗനിച്ചില്ല പോല്‍ നിന്നനുചരര്
കൃഷ്ണാ നിന് കീര്‍ത്തിയാം ‘സ്ത്രീകളെ’,
നിരന്തരം അപമാനിച്ച് സംതൃപ്തരായ് വന്നൂ ചിലര്‍
നിന് വിഭൂതിയാം പുണ്യ ഗംഗയില്‍
മൃതശരീരങ്ങളൊഴുക്കി മലീമസമാക്കിനാര് പലര്
ക്ഷമിക്ക കൃഷ്ണാ ക്ഷമിക്ക.
നിന് ‘രാസക്രീഡയെ’ വെറും കാമപ്പേക്കൂത്താക്കി!
നിന്ദിച്ചു തൃപ്തരായി ചിലര്‍
ക്ഷമിക്ക കൃഷ്ണാ ക്ഷമിക്ക
താമരക്കണ്ണില്‍ കനിവ് മാത്രം കൊതിക്കുന്നു ഞാന്‍
ഈ കെട്ടകാലത്തിന് മോക്ഷത്തിനായി
എത്രയുമെത്രയും വേഗത്തില്‍ നീ
മുന്നിലെത്തി എന്‍ കണ്കള്ക്കുത്സവമേകിയാലും
പ്രതികരിക്കാൻ ഇവിടെ എഴുതുക: