ഭാരതീയ ജനസംഘത്തിന്റെയും, പിന്നീട് ജനതാ പാര്‍ട്ടിയുടെയും, ഭാരതീയ ജനതാ പാര്‍ട്ടിയുടെയും വാചാലത തുളുമ്പി നിന്ന വക്താക്കളില്‍ അദ്വിതീയനായിരുന്ന ജഗന്നാഥറാവു ജോഷിയുടെ നൂറ്റി ഒന്നാം ജന്മദിനം പൂര്‍ത്തിയാവുകയാണ്. അദ്ദേഹത്തിന്റെ സ്വര്‍ഗപ്രാപ്തിയുടെ ഇരുപതാം വാര്‍ഷികം അഥവാ ശ്രാദ്ധ ദിനം വരുന്ന ജൂലൈ 15 നാണ്. ജോഷിജിയെപ്പറ്റി ഈയാഴ്ച എഴുതാമെന്നു കഴിഞ്ഞ സംഘപഥത്തില്‍ വാക്കു തന്നിരുന്നത് നിറവേറ്റാനുള്ള പരിശ്രമമാണിവിടെ ചെയ്യുന്നത്.
നമ്മുടെ ദേശീയ ജീവിതത്തില്‍ തിളക്കമാര്‍ന്ന പങ്ക് നിര്‍വഹിച്ചയാളായിരുന്നു ജഗന്നാഥറാവുജി. ജനസംഘസ്ഥാപനത്തെ തുടര്‍ന്ന് 1951 ല്‍ ദക്ഷിണ ഭാരതത്തിലെ അതിന്റെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും, മുന്നോട്ടു നയിക്കാന്‍ പറ്റിയ പ്രവര്‍ത്തകരെ കണ്ടെത്താനും ദീനദയാല്‍ ഉപാദ്ധ്യായ നിയോഗിച്ച സംഘപ്രചാരകനായിരുന്നു ജഗന്നാഥറാവുജി. 1920 ല്‍ കര്‍ണാകത്തിലെ നര്‍ഗുണ്ടിലെ ഒരു ജോതിഷി കുടുംബത്തിലാണ് പിറന്നത്. അന്നത്തെ ബോംബെ പ്രസിഡന്‍സിയുടെ ഭാഗമായിരുന്നതിനാല്‍ ഹൈസ്‌കൂള്‍, കോളജ് വിദ്യാഭ്യാസങ്ങള്‍ പൂനെയില്‍ പൂര്‍ത്തിയാക്കി. കന്നഡയ്‌ക്കു പുറമേ, മറാഠിയും ഹിന്ദിയും ഇംഗ്ലീഷും പഠിക്കാന്‍ അതു പ്രയോജനപ്പെട്ടു. പൂനെയില്‍ വച്ചു തന്നെ സംഘത്തിലും അടിത്തറയുറച്ചു. സ്വപരിശ്രമം കൊണ്ടു ബഹുഭാഷാജ്ഞാനം നേടി. തമിഴ്, തെലുങ്ക്, ഭോജ്പുരി, മര്‍വാഡി ഭാഷകളും നന്നായി കൈകാര്യം ചെയ്യാന്‍ ശേഷി കൈവരിച്ചു. കേരളത്തിലെ കൂടി ജനസംഘ ചുമതല ലഭിച്ചപ്പോള്‍ മലയാളവും ഒരുവിധം കൈകാര്യം ചെയ്യാമെന്നായി.
1955 ല്‍ ഗോവാ വിമോചനത്തിനുവേണ്ടിയുള്ള ജനകീയ സത്യഗ്രഹ സമരം നടത്തിയപ്പോള്‍ അതില്‍ ജനസംഘവും സോഷ്യലിസ്റ്റ്പാ ര്‍ട്ടികളുമാണുണ്ടായത്. കേരളത്തില്‍നിന്ന് നാലുപേര്‍ പങ്കെടുത്ത വിവരം കഴിഞ്ഞ ലക്കത്തില്‍ പരാമര്‍ശിച്ചിരുന്നു. തന്റെ 35-ാം പിറന്നാളിന് 1955 ജൂണ്‍ 23 നായിരുന്നു സത്യഗ്രഹികള്‍ക്കും പറങ്കിപ്പട്ടാളത്തിന്റെ ഭീകരമായ മര്‍ദ്ദനമേല്‍ക്കേണ്ടി വന്നു. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അവിടുത്തെ ന്യായാധിപന്‍ അനുമതി കൂടാതെ എന്തുകൊണ്ട് ഗോവയുടെ അതിര്‍ത്തി കടന്നു എന്ന് ചോദിച്ചു. ഉടന്‍ തന്നെ മറുപടി വന്നു. ”നിങ്ങള്‍ പറങ്കികള്‍ എന്തിനിവിടെ വന്നുവെന്നു ചോദിക്കാനാണ് വന്നത്. ഗോവാ എന്റെ മാതൃഭൂമിയുടെ ഭാഗമാണ്, ഈ രാജ്യത്തില്‍ എവിടെ പോകാനും എനിക്കു ജന്മസിദ്ധമായ അവകാശമുണ്ട്.” ജോഷിജിക്ക് ദീര്‍ഘകാല ജയില്‍വാസത്തിനു ശിക്ഷ വിധിച്ചുവെങ്കിലും ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം തടവുകാരെ മോചിപ്പിച്ച കൂട്ടത്തില്‍ അദ്ദേഹവും കൂട്ടരും സ്വതന്ത്രരായി. തന്റെ ശരീരത്തില്‍ മര്‍ദ്ദിക്കാന്‍ പറങ്കിപ്പട്ടാളത്തിന് രസം തോന്നിയിരിക്കുമെന്ന് തടിച്ച ശരീരത്തെക്കുറിച്ച് തമാശ രൂപത്തില്‍ അദ്ദേഹം പറഞ്ഞു.
ചെന്നൈയിലെ എന്റെ രണ്ടു സംഘശിക്ഷാ വര്‍ഗുകളിലും ജോഷിജി ഗുരുജിയുടെ സന്ദര്‍ശന വേളകളില്‍ എത്തിയിരുന്നു. അവിടുത്തെ തിരക്കിനിടയില്‍ അദ്ദേഹവുമായി പരിചയപ്പെടാനായില്ല. ദീനദയാല്‍ജിയുടെ ബൗദ്ധിക് ദിവസങ്ങളിലും അദ്ദേഹത്തെ കണ്ടിരുന്നു. ബേപ്പൂരില്‍ നടന്ന ജനസംഘ പഠനശിബിരത്തില്‍ കേരളത്തില്‍ നിന്ന് പങ്കെടുത്തവര്‍ ദീനദയാല്‍ജിയുടെയും ജോഷിജിയുടെയും പ്രസംഗങ്ങളുടെ താരതമ്യം നടത്തിയത് രസകരമായി.
കണ്ണൂരില്‍ പ്രചാരകനായിരിക്കെ 1958 ല്‍ അവിടുത്തെ ടൗണ്‍ഹാളില്‍ നടത്തപ്പെട്ട ഒരു പരിപാടിയില്‍ അദ്ദേഹത്തിന്റെ പ്രസംഗം കേട്ടതാണ് എന്റെ ആദ്യത്തെ അനുഭവം. ഭാരത വിഭജനം അംഗീകരിക്കാത്ത ദേശീയ ഗാനമാണ് നമ്മുടേത് എന്നു വിശദീകരിക്കുകയായിരുന്നു. ”പഞ്ചാബ്, സിന്ധ് ഗുജറാത്ത്, മറാഠാ ദ്രാവിഡ ഉത്കലാ ബംഗ’ എന്നു പാടുമ്പോള്‍, പഞ്ചാബിനെയും സിന്ധുവിനെയും ബംഗാളിനെയും നാം സ്മരിക്കുകയാണ്. പഞ്ചാബിന്റെ 65 ശതമാനവും സിന്ധ് മുഴുവനും, ബംഗാളിന്റെ 70 ശതമാനവും ഉണര്‍ന്നെഴുന്നേല്‍ക്കുന്ന ഭാരതത്തിന്റെ ഭാഗത്തില്‍ ഇന്നില്ല എന്നു നാം സ്മരിക്കണം. അതു ലഭിക്കുന്നതുവരെ സ്വാതന്ത്ര്യവും ഭാരതവും പൂര്‍ണമല്ല എന്നു ജോഷിജി പറഞ്ഞു. പ്രസംഗത്തിന്റെ അവസാന ഭാഗത്തെ തടഞ്ഞുനിര്‍ത്താനാവാത്ത വാഗ്‌ധോരണി മൂലം അതിന്റെ വിവര്‍ത്തനം അസാധ്യമാണ് എന്നു പറഞ്ഞുകൊണ്ട് അതു നിങ്ങള്‍ക്കു മനസ്സിലായിക്കാണുമെന്നു കൂട്ടിച്ചേര്‍ത്തു പരമേശ്വര്‍ജി വിരമിച്ചു.
അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളിലെ വാഗ്പ്രഭാവത്തെ വിവര്‍ത്തനം ചെയ്യാന്‍ പുറപ്പെടുക മഹാപ്രയാസമായിരുന്നു. 1970 ലെ തെരഞ്ഞെടുപ്പിന് അദ്ദേഹത്തെ അനുഗമിച്ചത് വടക്കാഞ്ചേരിയില്‍ അധ്യാപകന്‍ പ്രൊഫ. ലക്ഷ്മീ നാരായണനും, മുഴക്കുന്നുകാരന്‍ ജനാര്‍ദ്ദനനുമായിരുന്നു. ജനസംഘത്തിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തനത്തിനു ഇറങ്ങിത്തിരിച്ച ചങ്ങനാശ്ശേരി നെടുങ്കുന്നത്തുകാരന്‍ സി.പി.രവീന്ദ്രനാഥ പണിക്കരും പരമേശ്വര്‍ജിയുടെ പ്രേരണയില്‍ അദ്ദേഹത്തെ അനുഗമിച്ചു. പണിക്കര്‍ക്ക് സ്റ്റേറ്റ് ബാങ്കില്‍ ജോലി കിട്ടിയതിനെത്തുടര്‍ന്ന് രാഷ്‌ട്രീയം മതിയാക്കി ക്ഷേത്ര സംരക്ഷണ സമിതിയിലും പിന്നീട് ക്ഷേത്രശക്തി മാസികയുടെ ചുമതലയിലുമായി കഴിഞ്ഞു.
1967 ലും 1971 ലും ജോഷിജി ലോക്‌സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു, 1984 മുതല്‍ രാജ്യസഭയിലുമുണ്ടായിരുന്നു. മുന്‍പ് പലതവണയും മത്സരിച്ച് പരാജയപ്പെട്ടത് ജനസംഘത്തിന്റെയും ബിജെപിയുടെയും സഖ്യകക്ഷികളുടെ കാലുവാരല്‍ മൂലമായിരുന്നു.
ജോഷിജിയുടെ പ്രത്യുല്‍പ്പന്ന മതിത്വത്തെ കാണിക്കുന്ന കോഴിക്കോട്ടെ ഒരു സംഭവവും പറയാം. സംഘകാര്യാലയത്തില്‍ കഴിഞ്ഞുകൂടി അവിടുത്തെ ബഹളത്തിനു കൊഴുപ്പു കൂട്ടാന്‍ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നു. ഒരു തെരഞ്ഞെടുപ്പ് വേളയില്‍ അദ്ദേഹത്തെ സ്റ്റേഷനില്‍ സ്വീകരിച്ച് അടുത്ത് ഒരു ഹോട്ടലില്‍ മുറിയില്‍ താമസിപ്പിച്ച് രാവിലെ പരിപാടി സ്ഥലത്തേക്കു പോകാം എന്ന ധാരണയില്‍ രണ്ടു ജനസംഘ പ്രവര്‍ത്തകര്‍ (പരോതരായ ശ്രീധരനും ഗംഗാധരനും) ആ റൂമില്‍ തന്നെ കിടന്നുറങ്ങി. ജോഷിജി വണ്ടിയിറങ്ങി ആരെയും കാണായ്കയാല്‍ ഓട്ടോറിക്ഷ വിളിച്ച് നേരെ ആഴ്ചവട്ടം കാര്യാലയത്തിലെത്തി പ്രഭാത കൃത്യങ്ങളും വെടിവട്ടവുമായിരിക്കുമ്പോഴാണ് വിളിക്കാന്‍ പോയവര്‍ വാഹനവുമായെത്തിയത്.
മറ്റൊരിക്കല്‍ ഒരു സ്റ്റേഷനില്‍ രാവിലെ എത്തിയ സ്ഥലത്തെ ഹോട്ടലുടമയായിരുന്നു. പാര്‍ട്ടി നേതാവ് പുഷ്പഹാരവുമായി വന്നതു കണ്ട്, ഹോട്ടലുടമയായ നിങ്ങള്‍ പലഹാരവുമായി വരേണ്ടതിനു പകരം പുഷ്പഹാരമാണോ തരുന്നത് എന്നാണ് ജോഷിജി ചോദിച്ചത്.
കേരളത്തില്‍ ജനസംഘ സംസ്ഥാന സെക്രട്ടറിയും പില്‍ക്കാലത്ത് ബിജെപി സംസ്ഥാനാധ്യക്ഷനുമായിരുന്ന കെ.ജി. മാരാര്‍ ജോഷിജിയുടെ ആരാധകനായിരുന്നു. അദ്ദേഹത്തിന്റെ ശൈലിയിലുള്ള മാരാരുടെ പ്രസംഗങ്ങള്‍ ഏതു നാട്ടിലും, ഏതു തരക്കാര്‍ക്കും രസകരമായിരുന്നു. രാഷ്‌ട്രീയ എതിരാളികള്‍ പോലും അതു കേള്‍ക്കാന്‍ കൊതിക്കുമായിരുന്നു.
ഒരു കാലഘട്ടത്തിലെ ദേശീയ രാഷ്‌ട്രീയത്തിന് കരുത്തും, ഉള്‍ക്കനവും, രസികത്തവും നിറച്ചുവച്ച ജഗന്നാഥറാവു ജോഷി എന്ന കര്‍ണാടക കേസരി 1991 ജൂലായ് 15 ന് 71-ാം വയസ്സില്‍ ജീവിത യാത്ര മതിയാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: