ലഖ്നോ: വിദ്യാസമ്പന്നയായ മഞ്ജു ബദോരിയയെ ഇറക്കി ആഗ്ര ജില്ലാ പഞ്ചായത്ത് അധ്യക്ഷസ്ഥാനം പിടിക്കാനുള്ള ബിജെപിയുടെയും യോഗി ആദിത്യനാഥിന്റെയും ശ്രമത്തിന് 100 ശതമാനം വിജയം. എംബിഎയും ഡോക്ടറേറ്റും നേടിയ ബദോരിയ ഫത്തേബാദ് മെഡിക്കല്‍ ഗവേഷണ കേന്ദ്രം ഡയറക്ടര്‍ കൂടിയാണ്.
ആര്‍ക്കും ഒരു തരത്തിലും കുറ്റം ആരോപിക്കാന്‍ കഴിയാത്ത ശുഭ്രവ്യക്തിത്വങ്ങളെയും മിടുക്കികളായ വനിതാ സ്ഥാനാര്‍ത്ഥികളെയും കളത്തിലിറക്കി പുതിയൊരു പരീക്ഷണത്തിനാണ് യോഗി തയ്യാറെടുക്കുന്നത്. ഇത് വിജയിച്ചാല്‍ ഇതേ തന്ത്രം 2022ലെ യുപി നിയമസഭാ തെരഞ്ഞെടുപ്പിലും പയറ്റാനാണ് യോഗിയുടെ ശ്രമം.
എന്തായാലും ആഗ്രയില്‍ ഈ പരീക്ഷണം വിജയിച്ചു. മഞ്ജു ബദോരിയയുടെ വ്യക്തിത്വത്തിന് മികച്ച സ്വീകാര്യതയായിരുന്നു. ഇവിടെ സമാജ് വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയും എതിര്സ്ഥാനാത്ഥിയെപ്പോലും നിര്‍ത്തിയില്ല. അതോടെ സ്ത്രീകള്‍ക്ക് സംവരണം ചെയ്ത ആഗ്ര ജില്ലാപഞ്ചായത്ത് സീറ്റില്‍ മഞ്ജു ബദോരിയ അനായാസ ജയം നേടി. ഇക്കുറി നടക്കുന്ന ജില്ല പഞ്ചായത്ത് അധ്യക്ഷ പദവികളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ യോഗി പരീക്ഷിച്ച നാലാമത്തെ വനിതാ സ്ഥാനാര്‍ത്ഥിയാണ് മഞ്ജു ബദോരിയ.
വിജയിച്ച ഉടനെ മഞ്ജു ബദോരിയ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ആഗ്രയിലെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിനാണ് പ്രഥമപരിഗണന നല്‍കുകയെന്ന് മഞ്ജു ബദോരിയ പറഞ്ഞു.
‘ബിജെപി അവരുടെ 2022ലെ നിയസഭാ തെരഞ്ഞെടുപ്പ് തന്ത്രമാണ് മഞ്ജു ബദോരിയയെ ആഗ്ര ജില്ലാ പഞ്ചായത്ത് അധ്യക്ഷയാക്കിയതോടെ തുറന്നുകാട്ടിയത്. ഭൂരിപക്ഷമില്ലെന്ന് അറിഞ്ഞിട്ടുകൂടിയാണ് ബിജെപി മഞ്ജുവിനെ പരീക്ഷിച്ചത്. സ്ത്രീ വോട്ടര്‍മാരെ വളര്‍ത്താനുള്ള ബിജെപിയുടെ തന്ത്രത്തിന്റെ ഭാഗമാണിത്,’- ഫത്തേബാദിലെ സാധാരണ സ്ത്രീ വോട്ടറായ ഈശ്വര്‍ പ്രസാദ് ദീക്ഷിത് വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: