ചണ്ഡിഗഡ്: പഞ്ചാബിലെ വലിയ ഊര്‍ജ പ്രതിസന്ധി പരിഹരിക്കാനുള്ള നിര്‍ദേശങ്ങള്‍ വെള്ളിയാഴ്ച നവ്ജോത് സിദ്ദു ട്വീറ്റ് ചെയ്തതിനിടെ കോണ്‍ഗ്രസ് നേതാവ് മൂന്നുമാസത്തെ വൈദ്യുതി ബില്‍ അടച്ചിട്ടില്ലെന്നുള്ള വിവരവും പുറത്ത്. ജൂണ്‍ 22ന് ആണ് പഞ്ചാബ് സംസ്ഥാന ഊര്‍ജ കോര്പറേഷന് ലിമിറ്റഡ്(പിഎസ്പിസിഎല്‍) 8,67,540 രൂപയുടെ ബില്‍ സിദ്ദുവിന് നല്‍കിയത്. അമൃത്സറിലെ ഭഗ്വന് സിംഗ് ഹോളി സിറ്റിയിലെ അദ്ദേഹത്തിന്റെ വസതിയുമായി ബന്ധപ്പെട്ട ബില്ലാണിത്. ഈ വര്‍ഷം മാര്‍ച്ച് 26ന് ആയിരുന്നു സിദ്ദു അവസാനമായി പത്തുലക്ഷം രൂപയുടെ വൈദ്യുതി ബില്‍ അടച്ചത്.
സിദ്ദുവിന്റെ വൈദ്യുതി കണക്ഷന് വിച്ഛേദിക്കാത്തത് എന്തുകൊണ്ടെന്ന് ചോദിച്ചപ്പോള്‍ അടയ്ക്കാനുള്ള ബില്ലുകളെക്കുറിച്ച് അറിയില്ലെന്നായിരുന്നു അമൃത്സറിലെ പിഎസ്പിസിഎല്‍ ചീഫ് എന്‍ജിനിയര്‍ സകതര് സിംഗിന്റെ പ്രതികരണം. എന്നാല്‍ നവ്ജോത് സിംഗ് സിദ്ദുവിന്റെ പ്രതികരണം ലഭ്യമായില്ല. സംസ്ഥാനത്തെ വൈദ്യുതിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിലവിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെയും മുന്‍പുണ്ടായിരുന്ന ശിരോമണി അകാലിദള്‍ സര്‍ക്കാരിനെയും സിദ്ദു പലവട്ടം വിമര്‍ശിച്ചിട്ടുണ്ട്.
സ്വകാര്യ താപനിലയങ്ങളെ ആശ്രയിക്കുന്നത് പഞ്ചാബ് നിര്‍ത്തണമെന്നും സംസ്ഥാനത്തെ നിരക്ക് കുറയ്ക്കാന്‍ ദേശീയ ഗ്രിഡില്‍നിന്ന് വൈദ്യുതി വാങ്ങണമെന്നും വെള്ളിയാഴ്ച ചെയ്ത നീണ്ട ട്വീറ്റില്‍ സിദ്ദു ആവശ്യപ്പെട്ടിരുന്നു. വടക്കേ ഇന്ത്യയില്‍ അനുഭവപ്പെടുന്ന ഉഷ്ണക്കാറ്റ് മൂലം പഞ്ചാബിലെ വൈദ്യുതി ഉപയോഗം 14,000 മെഗാവാട്സായി ഉയര്‍ന്ന പശ്ചാത്തലത്തിലായിരുന്നു ഇത്. വൈദ്യുതി ഉപഭോഗം കുറയ്ക്കാന്‍ സര്‍ക്കാര്‍ ഓഫിസുകളുടെ പ്രവര്‍ത്തന സമയം കുറയ്ക്കാന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് വ്യാഴാഴ്ച ഉത്തരവിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: