ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ ബഹുമാനിക്കുന്നില്ലെന്നും സല്യൂട്ട് നല്‍കുന്നില്ലെന്നും പറഞ്ഞ് ഡി.ജി.പിക്ക് കത്തെഴുതതിയിരിക്കുകയാണ് തൃശൂര്‍ മേയര്‍ എം.കെ. വര്‍ഗീസ്. പ്രോട്ടോകോള്‍ പ്രകാരം ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും തൊട്ടുതാഴെയാണ് മേയര്‍ എന്നതാണ് വര്‍ഗീസിന്റെ ന്യായം. കോണ്‍ഗ്രസ് റിബലായി ജയിച്ച് ഇടതു പിന്തുണയോടെ മേയറായ വര്‍ഗീസിനോട് പോലീസുകാര്‍ പോലും ബഹുമാനം കാട്ടുന്നില്ല എന്നതാണ് പരാതിയുടെ അടിസ്ഥാനം.
ഔദ്യോഗിക വാഹനം കടന്നുപോകുമ്പോള്‍ ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ കാണാത്ത രീതിയില്‍ ഒഴിഞ്ഞുമാറുന്നതായും പ്രോട്ടോകോള്‍ അനുസരിച്ചുള്ള ബഹുമാനം കാണിക്കുന്നില്ലെന്നുമാണ് കത്തില്‍.
ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും തൊട്ടുതാഴെയാണ് പ്രോട്ടോകോള്‍ പ്രകാരം സ്ഥാനമെന്നും തനിക്ക് സല്യൂട്ട് നല്‍കുന്നില്ലെന്നുമുള്ള മേയറുടെ കത്ത് നിയമപ്രകാരം സാധുത ഉള്ളതല്ലെന്നാണ് പൊലീസ് പറയുന്നത്.
മൃതദേഹത്തിന് നിര്‍ബന്ധമായും സല്യൂട്ട് ആദരവ് അര്‍പ്പിക്കണമെങ്കിലും എം.എല്‍.എ അടക്കമുള്ള ജനപ്രതിനിധികള്‍ക്കും വിവിധ ഉദ്യോഗസ്ഥര്‍ക്കും സല്യൂട്ട് ആവശ്യമില്ലെന്നാണ് പൊലീസ് സ്റ്റാന്‍ഡിങ് ഓര്‍ഡര്‍.
‘ആന്തരികമായ ബഹുമാനത്തന്റെ ബാഹ്യപ്രകടന’മായ സല്യൂട്ട് ആര്‍ക്കൊക്കെ നല്‍കണമെന്ന കേരള പൊലീസ് സ്റ്റാന്‍ഡിങ് ഓര്‍ഡര്‍ 18-ാം അധ്യായത്തില്‍ വ്യക്തമായി പറയുന്നമുണ്ട്.
രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവര്‍ണര്‍, കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍, ഡി.ജി.പി, എ.ഡി.ജി.പി, ഐ.ജി, ഡി.ഐ.ജി, സുപ്രീംകോടതി-ഹൈകോടതി ജഡ്ജിമാര്‍, ജില്ല പൊലീസ് മേധാവികള്‍, എസ്.പി റാങ്കിലുള്ള മറ്റ് ഉദ്യോഗസ്ഥര്‍, യൂനിറ്റ് കമാന്‍ഡന്‍ഡ്, ജില്ല കലക്ടര്‍, സെഷന്‍സ് ജഡ്ജിമാര്‍, സൈന്യത്തിലെ ഫീല്‍ഡ് റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ (യൂനിഫോമിലുള്ളവര്‍), മജിസ്ട്രേറ്റുമാര്‍, സേനകളിലെ കമീഷന്‍ഡ് ഓഫിസര്‍മാര്‍, എസ്.ഐ മുതല്‍ ഉയര്‍ന്ന റാങ്കിലുള്ളവര്‍, മൃതദേഹങ്ങള്‍ എന്നിങ്ങനെയാണ് സല്യൂട്ടിന് അര്‍ഹതയുള്ളത്.
എം.എല്‍.എമാര്‍ക്കു മാത്രമല്ല ചീഫ് സെക്രട്ടറിക്കുപോലും സല്യൂട്ടിന് അര്‍ഹതയില്ല.
പോലീസ് സേനയിലെ സ്റ്റാര്‍ ആയി മാറിയ എസ് ഐ ആനി ശിവയെ വീട്ടിലേക്ക് വിളിച്ചു വരുത്തി സലൂട്ട് ചെയ്യിച്ചാണ് വൈക്കം എംഎല്‍എ സി കെ ആശ പത്രാസ് കാട്ടിയത്. ദുരിതങ്ങളോട് പടവെട്ടി സ്ത്രീസമൂഹത്തിന് അഭിമാനിക്കാവുന്ന നേട്ടം കൈവരിച്ച ആനി ശിവ വൈക്കം പോലീസ്സ്റ്റേഷനില്‍ ജോലി ചെയ്യുന്ന സമയം. രാത്രി ഡ്യൂട്ടി കഴിഞ്ഞു പോകുമ്പോള്‍ ആശയെ കണ്ടെങ്കിലും സലൂട്ട് ചെയ്തില്ല.
ഔദ്യോഗിക വേഷത്തില്‍ ഡ്യൂട്ടി സമയത്തു മാത്രം സല്യൂട്ട് ചെയ്താല്‍ മതി എന്നതാണ് നിയമം എങ്കിലും ആനി സലൂട്ട് ചെയ്യാതിരുന്നത്് ആളെ മനസ്സിലാകാത്തതിനാലാണ്. പ്രോട്ടോകോള്‍ ലംഘനം നടത്തി എന്ന് പറഞ്ഞു മുഖ്യമന്ത്രിക്ക് ആശ പരാതി നല്‍കുകയും വൈക്കം സിഐ പിറ്റേദിവസം തന്നെ ആനി ശിവയെ എംഎല്‍എയുടെ വീട്ടില്‍ ഹാജരാക്കുകയും ചെയ്തു. ആനിയെക്കൊണ്ട് സലൂട്ട് അടിപ്പിച്ചാണ്ആശ എം എല്‍ എ തന്റെ ആശ തീര്‍ത്തത്.
ഇപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി തിരുവന്തപുരം മേയര്‍ ആയിരുന്നപ്പോള്‍ ഔദ്യോഗിക വാഹനത്തിനു മുകളില്‍ ചുവന്ന ലൈറ്റ് വെക്കുന്നത് വലിയ വിവാദമായിരുന്നു. നിയമപരമായി മേയര്‍മാര്‍ക്ക് ചുവന്ന ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കാന്‍ അനുവാദമില്ല. ഭരണ നിര്‍വ്വഹണ സമിതി, നിയമ നിര്‍മ്മാണ സഭ, നീതി നിര്‍വ്വഹണ സംവിധാനം എന്നിവയിലെ തലവന്മാര്ക്കു മാത്രമേ വാഹനങ്ങളില്‍ ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കാന്‍ ചട്ടമുള്ളു.
അതനുസരിച്ച് ഗവര്‍ണര്‍, മുഖ്യമന്ത്രി, ഹൈക്കോടതി ചീഫ് ജസ്റ്റീസ്, സ്പീക്കര്‍, മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്, ആസൂത്രണ കമ്മീഷന് ഉപാധ്യക്ഷന്‍, അഡ്വക്കേറ്റ് ജനറല്‍ എന്നിവര്‍ക്കു മാത്രമാണ് ചുവന്ന ലൈറ്റ് കത്തിച്ച് പായാന്‍ കഴിയു. പോലീസ് മേധാവിക്കു പോലും അധികാരമില്ല.
25 വര്‍ഷം മുന്‍പ് മേയര്‍ പദവിയിലെത്തിയപ്പോള്‍ ശിവന്‍കുട്ടി പ്രൗഡികാട്ടാന്‍ കാറില്‍ ചുവന്ന ലൈറ്റ് ഫിറ്റ് ചെയ്തു. ശ്രദ്ധയില്‍ പെട്ടതിനെതുടര്‍ന്ന് അന്നത്തെ ഡിജിപി അര്‍ഹതയില്ലാത്തവര്‍ കാറിന്റെ മുകളില്‍ ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കുന്നത് ശരിയല്ലന്ന് കാട്ടി സര്‍ക്കുലര്‍ ഇറക്കി. ആര്‍ക്കൊക്കെ വെയക്കാം എന്ന് വ്യക്തമാക്കുകയും ചെയ്തു. ലൈറ്റ് അഴിച്ചു മാറ്റില്ലന്ന് വാശിയിലായിരുന്നു ശിവന് കുട്ടി. നായനാര്‍ ഭരിക്കുന്ന കാലമായതിനാല്‍ ഡിജിപിയുടെ ഉത്തരവിന് പുല്ലു വില നല്കി ചുവന്ന ലൈറ്റും സൈറണനുമായി ശിവന്‍കുട്ടി തലസ്ഥാന നഗരത്തിന്റെ പ്രഥമ പൗരമായി വിലസി.
നഗരസഭയില്‍ ഇതിന്റെ പേരില്‍ ബഹളം ഉണ്ടാക്കിയതിന് പ്രതിപക്ഷ നേതാവായിരുന്ന എം എ വാഹിദിന് പണി കൊടുക്കാനും ശിവന് കുട്ടി മറന്നില്ല. തദ്ദേശ സ്വയം ഭരണ ചട്ടത്തില്‍ പ്രതിപക്ഷ നേതാവ് എന്നൊരു പദവി ഇല്ലാത്തതിനാല്‍ വാഹിദ് ആ പദം ഉപയോഗിക്കുന്നത് വിലക്കി. ശിവന് കുട്ടിയുടെ പരമ്പര അന്യം നിന്നിട്ടില്ല എന്ന് തെളിയിക്കുകയാണ് തൃശ്ശൂര്‍ മേയറും വൈക്കം എംഎല്‍എയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: