ബെംഗളൂരു: ചെറിയ കുലുക്കത്തോടെയുള്ള അജ്ഞാത ശബ്ദത്തിന്റെ ഉറവിടം തേടി ബെംഗളൂരു നഗരവാസികള്‍. വെള്ളിയാഴ്ച ഉച്ചക്ക് 12.15ഓടെ സൗത്ത് ബെംഗളൂരു മേഖലയിലായാണ് വലിയ ശബ്ദം മുഴങ്ങിയത്.
ബെംഗളൂരുവിലെ എച്ച്എഎല്‍, രാജരാജേശ്വരി നഗര്‍, സര്‍ജാപുര, ജെപി നഗര്‍, ബെന്‍സണ്‍ ടൗണ്‍, അള്‍സൂര്‍, ഐഎസ്ആര്‍ഒ ലേഔട്ട്, ഈസ്റ്റ് ബെംഗളൂരുവിലെ ഏതാനും ചില പ്രദേശങ്ങളാണ് വലിയ ശബ്ദത്തില്‍ പ്രകമ്പനം കൊണ്ടത്. നൂറു കണക്കിനാളുകള്‍ സമൂഹ മാധ്യമങ്ങളില്‍ ആശങ്ക പങ്കുവച്ചു. പെട്ടെന്നുള്ള ഉഗ്ര ശബ്ദത്തില്‍ വീടുകളുടെ ജനാലകള്‍ കുലുങ്ങി വിറച്ചതായി ആളുകള്‍ ട്വീറ്റ് ചെയ്തു. പ്രദേശത്ത് ഭൂകമ്പത്തിനുള്ള സാധ്യത ഉദ്യോഗസ്ഥര്‍ തള്ളിക്കളഞ്ഞിട്ടുണ്ട്.
സൂപ്പര്‍ സോണിക് ജെറ്റിന്റേതിന് സമാനമായ ശബ്ദമാണ് കേട്ടത്. സംഭവം വ്യോമസേന ജെറ്റില്‍ നിന്നുള്ള ശബ്ദമാണോയെന്ന് അധികൃതര്‍ പരിശോധിക്കുന്നുണ്ട്. അതേസമയം ഇന്നലെ ഉച്ചയ്ക്ക് ബെംഗളൂരു നഗര പരിധിക്കുള്ളില്‍ പ്രത്യേക പരിശീലനങ്ങളോ പരീക്ഷണങ്ങളോ നടത്തിയിട്ടില്ലെന്ന് എച്ച്എഎല്‍ വക്താവ് ഗോപാല്‍ സുതര്‍ പറഞ്ഞു.
സാധാരണയായി ഒരു എയര്‍ക്രാഫ്റ്റ് സൂപ്പര്‍സോണിക്കില്‍ നിന്നും സബ്സോണിക് വേഗതയിലേക്ക് കുറയുമ്പോഴാണ് ഇത്തരം സോണിക് ബൂം ശബ്ദം പുറപ്പെടുവിക്കാറുള്ളത്. എന്നാല്‍ വെള്ളിയാഴ്ച അത്തരത്തിലുള്ള പരീക്ഷണങ്ങള്‍ എച്ച്എഎല്‍ നടത്തിയിട്ടില്ലെന്ന് സുതര്‍ വ്യക്തമാക്കി.ഏതെങ്കിലും രീതിയിലുള്ള വിമാനപറക്കലുകളോ മറ്റ് പരീക്ഷണങ്ങളോ നടത്തിയിട്ടില്ലെന്ന് ഇന്ത്യന്‍ എയര്‍ഫോഴ്സ് വക്താവ് അറിയിച്ചു .
സ്ഫോടനത്തിന്റെയോ, മറ്റേതെങ്കിലും തരത്തിലുള്ള അപകടത്തിന്റെയോ സാധ്യത പോലീസ് തള്ളിക്കളഞ്ഞു. മുന്‍വര്‍ഷത്തെ അനുഭവം അനുസരിച്ച് ഇതൊരു സോണിക് ബൂം ആയിരിക്കാമെന്നും നഗരത്തിലെവിടേയും നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും സിറ്റി പോലീസ് കമ്മീഷണര്‍ കമാല്‍ പാന്ത് പറഞ്ഞു.
ഇത് മൂന്നാം തവണയാണ് ബെംഗളൂരുവില്‍ ഇത്തരമൊരു സംഭവം രേഖപ്പെടുത്തുന്നത്. 2018ലാണ് ആദ്യമായി സൗത്ത് ബെംഗളൂരുവിന്റെ ചില ഭാഗങ്ങളില്‍ ഉഗ്ര ശബ്ദം റിപ്പോര്‍ട്ട് ചെയ്തത്. 2020 മെയ് മാസത്തില്‍ വൈറ്റ്ഫീല്‍ഡ് പ്രദേശത്ത് സമാനമായ ഉഗ്ര ശബ്ദം അനുഭവപ്പെട്ടിരുന്നു. ഈ രണ്ടു സംഭവങ്ങളും വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന വ്യോമസേനാ വിമാനത്തിന്റെ പരിശീലന പറക്കലിന്റെ ശബ്ദമാണെന്ന് ഔദ്യോഗിക വിശദീകരണം വന്നതോടെ പരിഭ്രാന്തി അകലുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: