കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത് സിപിഎം തടവുകാര്‍. ടിപി വധക്കേസില്‍ ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന കൊടി സുനിയുടെ തിരുവായ്ക്ക് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ എതിര്വായില്ലായിരുന്നു. സൂപ്രണ്ടിനെ പോലും നിയന്ത്രിക്കാനുള്ള നിലയിലേക്ക് സിപിഎം സഹയാത്രികരായ തടവുകാര്‍ വളര്‍ന്നത് ആഭ്യന്തര വകുപ്പിന്റെ നിര്‍ലോപമായ പിന്തുണയിലാണ്. ഷുഹൈബ് വധക്കേസില്‍ റിമാന്‍ഡിലായ ആകാശ് തില്ലങ്കേരിക്ക് കാമുകിയോട് സംസാരിക്കാന്‍ പ്രത്യേക സൗകര്യമൊരുക്കിയത് നേരത്തെ വിവാദമായിരുന്നു. പുറത്തുനിന്നുള്ള ഭക്ഷണം ജയിലിനകത്ത് പ്രവേശിപ്പിക്കാറില്ലെങ്കിലും പലര്‍ക്കും അവര്‍ക്കിഷ്ടപ്പെട്ട ഭക്ഷണം എത്തിച്ച് നല്‍കിയതായി നേരത്തെ ആരോപണമുയര്‍ന്നിരുന്നു.
സെല്ലിന് പുറത്ത് ഏത് ഉദ്യോഗസ്ഥരാണ് പാറാവ് ഡ്യൂട്ടിക്ക് നില്ക്കേണ്ടതെന്ന് പോലും തീരുമാനിക്കുന്നത് സിപിഎം തടവുകാരാണ്. സെല്ലില്‍ അനിയന്ത്രിതമായി മൊബൈല്‍ ഫോണുകളുപയോഗിക്കുന്നതിനും ജയിലിനകത്തിരുന്ന് പുറത്തുള്ള ക്വട്ടേഷന്‍ നിയന്ത്രിക്കുന്നതിനും കണ്ണടച്ച് സൗകര്യമൊരുക്കുന്നത് ഈ ഉദ്യോഗസ്ഥരാണ്. പുറത്ത് ജീവിക്കുന്നതിലും രാജകീയമായാണ് കൊടി സുനിയുള്‍പ്പടെയുള്ള കുറ്റവാളികള്‍ ജയിലില്‍ കഴിഞ്ഞിരുന്നത്. ജയിലിനകത്ത് സ്മാര്‍ട്ട് ഫോണുപയോഗിച്ച് ഫേസ് ബുക്കിലും വാട്സ് ആപ്പിലും പലരും സജീവമാണ്. ഇവരുടെ സെല്ലുകള്‍ പരിശോധിക്കണമെന്ന നിര്‍ദേശമുണ്ടായാലും അത് പാലിക്കപ്പെടാറില്ല. ഏതെങ്കിലും തരത്തിലുള്ള പരിശോധനയുണ്ടായാലും അനധികൃതമായി ഉപയോഗിക്കുന്ന സാധനങ്ങള്‍ മാറ്റാനുള്ള സാഹചര്യമൊരുക്കിയ ശേഷം മാത്രമാണ് നടപടി വരിക.
സാങ്കേതികമായി പുറത്താക്കിയാലും ഇവര്‍ക്കെല്ലാം പാര്‍ട്ടിയുമായി സജീവ ബന്ധമാണുള്ളത്. പാര്‍ട്ടിക്ക് വേണ്ടി നേതാക്കളുടെ നിര്‍ദേശപ്രകാരം തല്ലാനും കൊല്ലാനുമിറങ്ങിയവരെ മുഖം രക്ഷിക്കാന്‍ പരസ്യ പ്രസ്താവനയിലൂടെ പുറത്താക്കാറുണ്ടെങ്കിലും രഹസ്യമായി അവര്‍ക്കുവേണ്ട എല്ലാ കാര്യങ്ങളും ചെയ്ത് കൊടുക്കുന്നത് സിപിഎം നേതൃത്വം തന്നെയാണ്. പല രഹസ്യങ്ങളും പുറത്ത് പോകുമെന്നതിനാല്‍ ഇവരുമായുള്ള ബന്ധം നിലനിര്‍ത്തി എല്ലാ കൊള്ളരുതായ്മകള്‍ക്കും കൂട്ട് നില്‍ക്കുകയല്ലാതെ നേതൃത്വത്തിന് നിര്‍വാഹമില്ല. ജയിലില്‍ ഇവര്‍ക്ക് ഇടതുഭരണത്തിന്റെ തണലിലാണ് മികച്ച സൗകര്യം ലഭിക്കുന്നത്. സഹകരിക്കാത്ത ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താനും സ്ഥലം മാറ്റാനും പോലും സ്വാധീനമുള്ളവരാണ് കൊടിസുനിയുള്‍പ്പെടെയുള്ള കുറ്റവാളികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: